വർഷങ്ങളായി വളരെ അടുത്ത ഹൃദയബന്ധം ഉണ്ടായിരുന്ന ചില സുഹൃത്തുക്കൾ അടുത്ത കാലത്തു നമ്മെ വിട്ടു പോയി. അവരെ കുറിച്ച് ചില മാധ്യമസൃഹുത്തുക്കൾ എഴുതിയ അനുസ്മരണങ്ങൾ കൂടുതൽ വിഷമം ഉണ്ടാക്കി. അടുത്തറിഞ്ഞ ചില കാര്യങ്ങളിൽ എങ്കിലും വ്യക്തത വരുത്തണമെന്ന് ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാൽ കഴിഞ്ഞില്ല.
ഡോക്ടർ എം എസ് ടി നമ്പൂതിരിയുമായി വളരെ അടുത്ത ആത്മ ബന്ധം മുറിഞ്ഞു പോകാതെ സൂക്ഷിക്കുവാൻ കഴിഞ്ഞ 30 ൽ ഏറെ വർഷമായി എനിക്ക് കഴിഞ്ഞു. നോർത്ത് ടെക്സസിലെ മലയാളി സാമൂഹ്യ, സാംസ്‌കാരിക, (രാഷ്ട്രീയ) രംഗങ്ങളിൽ 30 വർഷമായി കാണുന്ന പുറം മോടിയും, കുത്തിത്തിരുപ്പും, പരദൂഷണവും, പാരവയ്പ്പും, അനിയന്ത്രിതമായ സംഘടനാ ഭരണവും അവയ്ക്ക് റാൻ മൂളി സാധാരണക്കാരുടെ മേൽ കുതിര കയറുന്ന ശിങ്കിടികളും നിറഞ്ഞാടുന്ന വർഷങ്ങളിൽ ആത്മ ബന്ധങ്ങൾ മുറിഞ്ഞു പോകാതിരിക്കുന്നത് വളരെ വിരളമാണ്.
ഒരു സാധാരണ മനുഷ്യൻ, അടുത്തവനെ ബഹുമാനിക്കുന്ന വ്യകതി, തനിക്കു വ്യക്തമായി അറിയാവുന്ന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും, അറിവ് കൂട്ടാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാൾ എന്നാണ് എനിക്ക് എം എസ് ടി യെ കുറിച്ച് എപ്പോഴും തോന്നിയിട്ടുള്ളത്. കെട്ടിയിട്ട വള്ളങ്ങൾ പോലും തള്ളാൻ സർവ്വശക്‌തിയും പ്രയോഗിക്കുന്ന സമൂഹത്തിൽ ഒരു വേറിട്ട വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത്.
1991 ൽ ഞാൻ ഡാലസിൽ എത്തിയപ്പോൾ അദ്ദേഹവുമായി പരിചയപെട്ടു. അന്ന് അദ്ദേഹം കേരള അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു എന്നാണ് ഓർമ്മ. ഡാലസിൽ നിന്ന് കുറച്ചു അകലെ ടൈലറിൽ താമസിച്ചിരുന്നത് കൊണ്ടാകാം അദ്ദേഹത്തിന് ഡാളസിലെ മലയാള രാഷ്ട്രീയ അങ്കങ്ങളിൽ അധികം പോരാടേണ്ടി വന്നില്ല. ഇടയ്ക്കിടെ അസോസിയേഷന്റെ പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം ഡാലസിലോ അതിനടുത്തോ എത്തുമ്പോൾ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. ചർച്ച ചെയ്തിരുന്നത് സാഹിത്യ വിഷയങ്ങളെ കുറിച്ച് മാത്രം. മറ്റൊരു നഗരത്തിലെ ലോ കോളേജിൽ അഡ്മിഷന് ശ്രമിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ റഫറൽ തേടി. 'അപ്പോൾ ഡാലസ് വിട്ടു പോകുകയാണോ' എന്ന് ചോദിച്ചു. എനിക്ക് റഫറൽ സന്തോഷത്തോടെ നൽകി. അതിനു ശേഷം ഒരിക്കൽ അദ്ദേഹത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നു ആഗ്രഹം ഉണ്ടായി. കൊല്ലത്തെ കുങ്കുമം പുബ്ലിക്കേഷന്സിനോട് ഒന്ന് പറയണം എന്ന് പറഞ്ഞു. ഞാൻ അടുത്ത സുഹൃത്തായിരുന്ന വിമലകുമാരിയെ വിളിച്ചു പറഞ്ഞു.
1995 ൽ ഫൊക്കാനയുടെ യൂത്ത് കൺവെൻഷനിൽ പങ്കെടുക്കുവാൻ ഞാൻ അദ്ദേഹത്തോടൊപ്പമാണ് ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്തത്. വിമാനത്തിൽ ഞങ്ങൾ അടുത്തടുത്താണ് ഇരുന്നിരുന്നത്. കുറെ കഴിഞ്ഞപ്പോൾ അത് വഴി വന്ന ഒരു എയർ ഹോസ്റ്റസിനോട് അദ്ദേഹം തനിക്കു വെള്ളം വേണമെന്ന് പറഞ്ഞു. അവളുടെ മറുപടി ഞങ്ങളെ അത്ഭുതപ്പെടുത്തി. 'ഐ ഡോൺ' ട് നോ വാട്ട് യു സെ' എന്നവൾ സ്വതസിദ്ധമായ ഗൗരവത്തിൽ പറഞ്ഞു. ഞാൻ എം എസ് ടീയോട് പറഞ്ഞു 'അതിവിടെ സാധാരണ എല്ലാവരും പറയുന്നതാണ്. നമ്മളെ കണ്ടു കഴിയുമ്പോഴേ അവർ തീരുമാനിക്കും നമ്മുക്ക് ഇംഗ്ലീഷ് അറിയത്തില്ലെന്ന്.' ഞങ്ങൾ രണ്ടു പേരും നന്നായി ചിരിച്ചു. ഒരു ജൂനിയർ കോളേജിൽ വർഷങ്ങളായി പഠിപ്പിക്കുന്ന ഒരു പ്രൊഫസർ പറയുന്ന ഇംഗ്ലീഷ് മാനസിലാവുന്നില്ല എന്ന് കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നും.
ഇതിനകം ഞങ്ങൾ കുറെ എഴുത്തുകാർ ചേർന്നു കേരള ലിറ്റററി സൊസൈറ്റിക്ക് രൂപം നൽകി. തുടക്കം മുതൽ കെ ൽ എസിന്റെ നല്ല സുഹൃത്തും ക്ഷണിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുവാൻ സന്മനസ്സും പ്രകടിപ്പിച്ചിരുന്നു. കെ എൽ എസും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും ചേർന്ന് സംഘടിപ്പിക്കുന്ന എഴുത്തിനിരുത്തു പരിപാടികളിൽ അദ്ദേഹത്തോടൊപ്പം ഞാനും ഏബ്രഹാം തെക്കേമുറിയും കൊച്ചു കുട്ടികൾക്ക് മലയാളം എഴുതാൻ പഠിപ്പിച്ചു കൊടുക്കുന്നത് ഒരു വാർഷിക അനുഭവം ആയിരുന്നൂ.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) തുടങ്ങിയപ്പോൾ അദ്ദേഹത്തെ അതിന്റെ പ്രസിഡന്റാക്കുവാൻ സംഘടന തുടങ്ങുവാൻ താല്പര്യം എടുത്തവർക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 2002 വരെ അദ്ദേഹം സജീവമായി സംഘടനയിൽ തുടർന്നു. പിന്നീട് നടന്ന സമ്മേളനങ്ങളിൽ അപൂർവമായേ അദ്ദേഹം പങ്കെടുത്തുള്ളൂ. എങ്കിലും ലാനയുടെ പ്രവർത്തനങ്ങളിൽ തല്പരനും ആവശ്യമായി വരുമ്പോഴെല്ലാം ഉപദേശവും സഹകരണവും നൽകിയിരുന്നു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുമായോ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസുമായോ അദ്ദേഹത്തിന് സജീവമാകാൻ കഴിഞ്ഞില്ല. എന്നാൽ എപ്പോഴും ഈ സംഘടനകളുടെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം സജീവ സഹരണവും പാങ്കാളിത്തവും നൽകിയിരുന്നു. എല്ലാവരോടും സ്നേഹപൂര്ണവും സ്വാഗതാര്ഹവുമായ അദ്ദേഹത്തിന്റെ സമീപനം ചിലപ്പോഴൊക്കെ വിഷമ ഘട്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഫൊക്കാനയുമായി സജീവമായി സഹകരിച്ചിരുന്ന അദ്ദേഹം വേൾഡ് മലയാളി കൌൺസിൽ രൂപീകരിച്ചപ്പോൾ ചില സുഹൃത്തുക്കളുടെ നിർബന്ധം മൂലം ആയിരിക്കാം കുറെ നാൾ അതുമായും സഹകരിച്ചു.
ഒരു വ്യവസായമോ ഒരു സംരംഭമോ ആകുമ്പോൾ അതിനു ഒരു സ്ഥാപകൻ മാത്രമായി തുടങ്ങാനാവും. എന്നാൽ ഒരു സംഘടന തുടങ്ങുന്നത് കുറെ പേർ ചേർന്നാണ്. അവരെ എല്ലാവരെയും നമുക്ക് സ്ഥാപക നേതാക്കൾ എന്ന് വിശേഷിപ്പിക്കാം. ഒരാളിനെ മാത്രം ഒരു സംഘടനയുടെ സ്ഥാപകനാക്കുന്നത് ആ വ്യക്തിയോട് ചെയ്യുന്ന അപരാധമാണ്.
എം എസ് ടി ഇടയ്ക്കിടെ ഡാലസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മോർണിംഗ് ന്യൂസിൽ ചില ലേഖനങ്ങൾ എഴുതിയിരുന്നു. ഞങ്ങൾ തമ്മിൽ കാണുമ്പോഴെല്ലാം ഞാൻ ഈ ലേഖനങ്ങളെക്കുറിച്ചു അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. എന്റെ കോളങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും അദ്ദേഹവും എന്നോട് സംസാരിച്ചിരുന്നു. ഞങ്ങൾ രണ്ടു പേരും ഒന്ന് പോലെ ആസ്വദിക്കുകയും പിന്നീട് ഓർമയിൽ സൂക്ഷിക്കുന്ന അവസരങ്ങളുമായി ഇവ മാറി. അദ്ദേഹത്തിന്റെ പരസ്പര ബഹുമാനത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാഴ്ചപ്പാടുകൾ വളരെ വിരളമായി മാത്രം കാണുന്ന വിശേഷങ്ങളായി ഞാൻ കരുതുന്നു.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല. അത് ദുഖകരമായ ഒരു അനുഭവമായി ഓർമയിൽ തങ്ങി നിൽക്കുന്നു. സ്വയം ഡ്രൈവ് ചെയ്യരുത് എന്ന് ഡോക്ടർമാർ എന്നെ ഉപദേശിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 45 മിനിറ്റ് ദൂരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു ഒരുക്കിയിരുന്നത്. ഒരു റൈഡ് ശരിയാക്കി ഞാൻ കാത്തിരുന്നതാണ്. പക്ഷെ സമയം ആയപ്പോൾ റൈഡ് കിട്ടിയില്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഇപ്പോഴും എപ്പോഴും ഞങ്ങൾ അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കൊപ്പം അദ്ദേഹം ഉണ്ടായിരിക്കും എന്ന ഉത്തമ ബോധ്യം ഞങ്ങളെ നയിക്കുന്നു.