സഹോദരന് രാഹുല്‍ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു. വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞാണ് പ്രിയങ്ക കല്പറ്റയില്‍ ജില്ലാ കലക്ടര്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
രാഷ്ട്രീയം പറയാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് പ്രിയങ്ക ശ്രദ്ധിച്ചത്. പ്രസംഗത്തില്‍ ഉടനീളം ഹൃദയത്തിന്റെ ഭാഷയാണു തെളിഞ്ഞത്. തുടര്‍ന്നു പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും സഹോദരിയുടെ ശൈലി പിന്തുടര്‍ന്നു. ചിലര്‍ ഭരണം നിലനിര്‍ത്താന്‍ തങ്ങളെ ജയിപ്പിച്ച ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാമെന്നതൊഴിച്ചാല്‍ പ്രിയങ്ക എതിരാളികളെ പരാമര്‍ശിച്ചേയില്ല. ഭഗവത് ഗീതയും വിശുദ്ധ ഖുറാനും ശ്രീബുദ്ധനും ക്രിസ്തുവുമൊക്കെ പരാമര്‍ശിക്കപ്പെട്ടത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും സന്ദേശം നല്‍കാന്‍ മാത്രമാണ്.
പതിനേഴാം വയസില്‍ പിതാവിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി. തുടര്‍ന്നു അമ്മയ്ക്കും സഹോദരനും സഹപ്രവര്‍ത്തകരായ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇപ്പോള്‍ 35 വര്‍ഷത്തിനുശേഷം ആദ്യമായി താന്‍ തനിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പ്രിയങ്ക പ്രസംഗത്തില്‍ പറഞ്ഞത്. ലോകം മുഴുവന്‍ തന്റെ സഹോദരന് എതിരായപ്പോള്‍ വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയതും ജയിപ്പിച്ചതും പിന്തുണച്ചതും ഓര്‍മ്മിച്ച പ്രിയങ്ക വയാനാട് തന്റെ കുടുംബവും വയനാട്ടുകാര്‍ കുടുംബാംഗങ്ങളുമാണെന്നു പറഞ്ഞു.
രണ്ടു മക്കളുടെ അമ്മയായ താന്‍ ആവശ്യഘട്ടത്തിലൊക്കെ അവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും അതുപോലെ വയനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളിലെല്ലാം കൂടെക്കാണുമെന്ന് ഓര്‍മ്മിപ്പിച്ചു. ചൂരല്‍മലയിലും മുണ്ടക്കൈയിലും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ സഹോദരനോടൊപ്പം വന്നു നേരില്‍ കണ്ടകാര്യങ്ങളും പ്രിയങ്ക അനുസ്മരിച്ചു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വയനാടിന്‍രെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന് പ്രിയങ്ക പറഞ്ഞു.
പ്രസംഗത്തില്‍ ഒരു തവണ പോലും പ്രിയങ്ക എതിര്‍ സ്ഥാനാര്‍ത്ഥികളെയോ തന്നെ എതിര്‍ക്കുന്ന ഇടതുമുന്നണിയെയോ ബി.ജെ.പി.യെകുറിച്ചോ ഒന്നും പരാമര്‍ശിച്ചില്ല. രാഹുല്‍ ഗാന്ധിയാകട്ടെ. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ തകര്‍ന്നുപോയ സോണിയയെ സംരക്ഷിച്ച പ്രിയങ്ക വയനാട്ടിലെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുമെന്ന് ഉറപ്പുപറഞ്ഞു. ബാല്യകാലം മുതല്‍ തിരിച്ചെന്തു കിട്ടുമെന്നു നോക്കാതെ സുഹൃത്തുക്കള്‍ക്കുവേണ്ടി നിലകൊണ്ട പ്രിയങ്ക ആ കരുതല്‍ വയനാട്ടിലും കാണിക്കും എന്നു പറഞ്ഞു.
വയനാടിനുവേണ്ടി ലോക്‌സഭയില്‍ ശബ്ദിക്കാന്‍ ഔദ്യോഗിക അംഗമായി പ്രിയങ്കയും അനൗദ്യോഗിക അംഗമായി താനും കാണുമെന്നു ഉറപ്പു നല്‍കി. 2019ലും 2024ലും രാഹുലിനായി പ്രചാരണം നടത്താന്‍ വയനാട്ടില്‍ എത്തിയ പ്രിയങ്കയില്‍ വയനാട്ടുകാര്‍ വലിയ പ്രതീക്ഷയാണു വച്ചുപുലര്‍ത്തുന്നതെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ പ്രതികരണം വ്യക്തമാക്കി.
ഇരമ്പിയെത്തിയ ജനക്കൂട്ടത്തില്‍ ഭൂരിഭാഗവും സ്വമനസ്സാലെ എത്തിയതാണെന്നു പ്രതികരണങ്ങള്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ ലഭിച്ചതിനേക്കാള്‍ മികച്ച ഭൂരിപക്ഷം പ്രിയങ്ക നേടുമോ എന്നതാണു ചോദ്യം. രാഹുലിനേക്കാള്‍ പ്രിയങ്ക തങ്ങളെ കരുതുമെന്ന തോന്നല്‍ ജനതയില്‍ ഉണ്ടെന്നു തോന്നുന്നു. രാഹുലിന്റെ അത്രയും തിരക്ക് പ്രിയങ്കയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഇല്ലാത്തതും അണികളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗ, കര്‍ണ്ണാടക, തെലുങ്കാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയ ഗാന്ധി റോഡ് ഷോയില്‍ പങ്കെടുത്തില്ല. യു.ഡി.എഫ്. ഘടക കക്ഷി നേതാക്കളെല്ലാം തന്നെ പ്രിയങ്കയ്‌ക്കൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ഇനിയുള്ള ചോദ്യം വയനാട്ടില്‍ പ്രിയങ്ക ഉയര്‍ത്തുന്ന ആവേശം ചേലക്കരയിലും പാലക്കാട്ടും യു.ഡി.എഫിനെ തുണയ്ക്കുമോ എന്നതാണ്.