Image

ഉപതിരഞ്ഞെടുപ്പ് അടുത്തിട്ടും രാഷ്ട്രീയം ചര്‍ച്ചയാകുന്നില്ല (രാഷ്ട്രീയ ലേഖകന്‍)

Published on 24 October, 2024
ഉപതിരഞ്ഞെടുപ്പ് അടുത്തിട്ടും  രാഷ്ട്രീയം ചര്‍ച്ചയാകുന്നില്ല (രാഷ്ട്രീയ ലേഖകന്‍)

വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. മൂന്നിടത്തും ത്രികോണപോരാട്ടമാണു നടക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധ കെ. നവീന്‍ ബാബു എന്ന എഡി.എമ്മിൻ്റെ ആത്മഹത്യയിലേക്കും അതിനു കാരണക്കാരിയെന്ന് ചൂണ്ടികാണിക്കപ്പെടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയിലേയ്ക്കും മാറി.
ക്രമസമാധാന ചുമതലയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിനെ മാറ്റിയ സാഹചര്യവും തൃശ്ശൂര്‍ പൂരം കലക്കി അവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വിജയിക്കാന്‍ സി.പി.എം. കളമൊരുക്കിയെന്നുള്ള യു.ഡി.എഫ്. ആരോപണവും കത്തിനില്‍ക്കെയാണ് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആദ്യത്തെ ഏതാനും ദിവസം ഇതുതന്നെയായിരുന്നു ചര്‍ച്ച. സി.പി.എം-ബി.ജെ.പി. ഡീല്‍ എന്ന് യു.ഡി.എഫ്. ആരോപിച്ചു. പാലക്കാട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ വിജയിപ്പിക്കുവാന്‍ സി.പി.എം. വോട്ട് മറിച്ചെന്ന   പരാമർശത്തില്‍ പിടിച്ച് കോണ്‍ഗ്രസ് -സി.പി.എം. ഡീല്‍ എന്നു ബി.ജെ.പി.യും ആരോപിച്ചു.
ഇതിനിടെ ഡോ.പി.സരിന്‍, പാലക്കാട്ട്  സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുകയും അവരുടെ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. ഏതാനും ദിവസം സരിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. അതും കഴിഞ്ഞു. കഴിഞ്ഞ ദിവസം വയനാടിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പത്രിക നല്‍കി. വയനാട്ടില്‍ സത്യന്‍ മൊകേരിയാണ് സി.പി.ഐ. സ്ഥാനാര്‍ത്ഥി. മുന്‍പ് കോണ്‍ഗ്രിസന്റെ എം.ഐ.ഷാനവാസിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും ഇപ്പോൾ പ്രിയങ്കയുടെ ഭൂരിപക്ഷത്തിനെക്കുറിച്ചേ എല്ലാവരും ചർച്ച  ചെയ്യുന്നുള്ളൂ.
പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ്  പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും പി.സരിനും  സി.കൃഷ്ണകുമാറും രംഗത്തുണ്ട്. ഇവിടെ പോരാട്ടം പ്രധാനമായും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണ്. നാലായിരത്തില്‍ താഴെയായിരുന്നു കഴിഞ്ഞ തവണ ഷാഫിയുടെ ഭൂരിപക്ഷം. ഇടതുപക്ഷത്തു നിന്ന് ഇടഞ്ഞ പി.വി. അന്‍വര്‍ തന്റെ സ്ഥാര്‍ത്ഥി എം.എം. മിന്‍ഹാജിനെ പിന്‍വലിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ചേലക്കരയില്‍ യു.ഡി.എഫി.ന്റെ രമ്യാ ഹരിദാസിനെതിരെ, അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.കെ. സുധീറിനെ പിന്തുണയ്ക്കുമെന്നാണു പറയുന്നത്. യു.ആര്‍. പ്രദീപ് എല്‍.ഡി.എഫിന്റെയും കെ. ബാലകൃഷ്ണന്‍ എന്‍.ഡി.എ.യുടെയും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ഇതോടെ കളം നിറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകളിലേക്കു കേരളം നീങ്ങേണ്ടതാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം എ.ഡി.എം.എ. നവീന്‍ ബാബുവിന്റെ ആത്മഹത്യയാണ്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പി.വി. ദിവ്യയെ ഇനിയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ അവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്നു വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത്. ചൊവ്വാഴ്ചത്തേക്കു മാറ്റി. ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ക്കെതിരെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് റവന്യൂ മന്ത്രി പി. രാജന്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ ജാമ്യത്തിനായുള്ള ദിവ്യയുടെ വാദത്തില്‍ മറിച്ചാണ് സംഭവിച്ചത്.
ഈ മാസം 14നായിരുന്നു ദാരുണ സംഭവം നടന്നത്. 18ന് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. പത്തനംതിട്ടയില്‍ സി.പി.എം. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരില്‍ ദിവ്യക്കൊപ്പമെന്ന ആരോപണം ശക്തമാണ്. ഒരു പക്ഷെ, അതുകൊണ്ടാവും ദിവ്യയുടെ ഹര്‍ജിയില്‍ നവീന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേര്‍ന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത്, വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടത് നാടെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടതു പോലെയാണ് ഇപ്പോള്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയും. രണ്ടിടത്തും നഷ്ടം സി.പി.എമ്മിനു തന്നെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക