Image

കൊണ്ടും കൊടുത്തും ഒരു റിവഞ്ച് ത്രില്ലര്‍: 'പണി' (റിവ്യൂ)

Published on 25 October, 2024
കൊണ്ടും കൊടുത്തും ഒരു റിവഞ്ച് ത്രില്ലര്‍: 'പണി' (റിവ്യൂ)

മാസ്സ് റിവഞ്ച് ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആദ്യന്തം ത്രില്ലടിച്ചു കാണാന്‍ കഴിയുന്ന ഒരുഗ്രന്‍ സിനിമയാണ് മലയാളത്തിലെ സൂപ്പര്‍ താര നടന്‍മാര്‍ക്കൊപ്പം എന്നു പറയാവുന്ന ജോജു ജോര്‍ജ്ജ് ഒരുക്കിയ 'പണി'. അക്ഷരാര്‍ത്ഥത്തില്‍ പണിക്കുറ്റം തീര്‍ന്ന ഒരു കിടിലന്‍ സിനിമ എന്നു തന്നെ 'പണി'യെ വിശേഷിപ്പിക്കാം.വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടന്ന് ഒടുവില്‍ മുന്‍നിരനായകന്‍മാരില്‍ ഒരാളായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയതാരമായ ജോജു ജോര്‍ജ്ജ് താന്‍ മികച്ച ഒരു സംവിധായകന്‍ എന്നു കൂടി തെളിയിക്കുകയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ.

തൃശൂര്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട് ഒരു കൊലപാതകം നടക്കുന്ന ദൃശ്യത്തിലൂടെയാണ് സിനിമതുടങ്ങുന്നത്. കൊലപാതകം ചെയ്ത കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് വല വിരിച്ചു പായുന്നു. അതോടൊപ്പം ചിത്രത്തിലെ നായകനും സംഘവും. ലക്ഷ്യസ്ഥാനത്തേക്ക് ഇവര്‍ സമാന്തരമായി കുതിച്ചു പായുന്നതും അതേ തുടര്‍ന്നു നായകന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തൃശൂര്‍ നഗരത്തിലെ എണ്ണം പറഞ്ഞ ബിസിനസ്സ്‌കാരില്‍ ഒരാളാണ് മംഗലത്ത് ഗിരി. രാഷ്ട്രീയമായും നല്ല സ്വാധീനമുള്ള വ്യക്തി. നാട്ടുകാര്‍ ഏറെ ബഹുമാനത്തോടെയും അല്‍പ്പം ഭയത്തോടെയും കാണുന്ന ആള്‍. ഗിരിയുടെയും കുടുംബത്തിന്റെയും മംഗലത്ത് ഗ്രൂപ്പാണ് തൃശൂരിലെ ബ്‌സിനസ്സ്‌കാരില്‍ മുഖ്യസ്ഥാനത്ത്. ഗിരിയുടെ ഏറ്റവും വലിയ കൂട്ടുകാരാണ് കുരുവിള, ഡെവി, ഗിരിയുടെ കസിന്‍ സജി എന്നിവര്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള ബന്ധമാണ് ഇവര്‍ തമ്മില്‍. കുരുവിള വിവാഹം കഴിച്ചത് ഗിരിയുടെ സഹോദരിയെയാണ്. ഡേവി വിവാഹം ചെയ്തത് കൂടെ പഠിച്ച ജയയെ. കോളേജില്‍ പഠിക്കുന്ന കാലത്ത് ഹൃയത്തില്‍ കൂടുകൂട്ടിയ ഗൗരിയെയാണ് ഗിരി വിവാഹം കഴിച്ചത്. ഗിരിയുടെ അമ്മ മംഗലത്ത് ദേവകിയാണ് കുടുംബത്തിന്റെ ശക്തികേന്ദ്രം. അമ്മയുടെ ആജ്ഞാശക്തിക്കു മുന്നില്‍ ഗിരിയും മറ്റുള്ളവരും മറുത്ത് ഒരക്ഷരം പോലും പറയില്ല. മംഗലത്ത് ഗ്രൂപ്പിനെ നയിച്ചു കൊണ്ടു പോകുന്നതില്‍ ദേവകിയുടെ ബുദ്ധിവൈഭവവും വ്യക്തിപ്രഭാവവും നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു. കാര്യങ്ങള്‍ അങ്ങനെ സാധാരണഗതിയില്‍ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഗിരിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലേക്ക് വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കുകളായ ഡോണ്‍ സെബാസ്റ്റ്യനും സിജുവും കടന്നു വരുന്നത്. ഇവരുടെ വരവോടെ ചിത്രത്തിന്റെ ഗതി മാറുന്നു.

സംവിധായകന്‍ എന്ന നിലയില്‍ തന്റെ കന്നി സംരംഭം ഗംഭീരമാക്കാന്‍ ജോജു ജോര്‍ജ്ജിന് കഴിഞ്ഞു. സംവിധാനം മാത്രമല്ല, ചിത്രത്തിന്റെ കഥയും ജോജുവിന്റേതാണ്. വര്‍ഷങ്ങളായി കണ്ടും കേട്ടും അറിഞ്ഞ പല സംഭവങ്ങളെയും കണ്ണിചേര്‍ത്തു കൊണ്ടാണ് ജോജു 'പണി'യുടെ കഥ സൃഷ്ടിച്ചത്. അടിയും ഇടിയും വെട്ടും കുത്തും ഉള്‍പ്പെടെ രക്തരൂക്ഷിതമായ രംഗങ്ങള്‍ ഏറെയുണ്ട് ചിത്രത്തില്‍. എന്നാല്‍ റിവഞ്ച് ത്രില്ലര്‍ മുവീയുടെ ഗണത്തില്‍ പെട്ട ചിത്രത്തിന് മേക്കിങ്ങിന്റെയും പ്രമേയത്തിന്റെയും പുതുമ കൊണ്ട് പ്രേക്ഷകനെ മുഷിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കരുത്തുറ്റ തിരക്കഥയാണ് ചിത്രത്തെ താങ്ങി നിര്‍ത്തുന്നത്. അല്‍പ്പമൊന്ന് പിഴച്ചാല്‍ പാളിപ്പോകാവുന്ന പ്രമേയം അതീവജാഗ്രതയോടെ ചിത്രീകരിച്ചതില്‍ ജോജുവിന് അഭിമാനിക്കാം. സംവിധാനത്തോടൊപ്പം ചിത്രത്തിലെ നായകവേഷത്തിന്റെ ഭാരം കൂടി തോളിലേറ്റിയാണ് ജോജു ജോര്‍ജ്ജ് പണിയെടുത്തത് എന്നതും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

ആക്ഷനും രക്തച്ചൊരിച്ചിലും മാത്രമല്ല, ഊഷ്മളമായ കുടുംബബന്ധങ്ങളും കുടുംബാംഗങ്ങള്‍ തമ്മിലുള്ളസ്‌നേഹത്തിന്റെ ഇഴയടുപ്പവും സ്‌നേഹവും കരുതലും പ്രണയവുമെല്ലാം ചിത്രത്തില്‍ അതിമനോഹരമായി പകര്‍ത്തിയിട്ടുണ്ട്.

സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. കഥയുടെ മൂഡിന് ചേരുന്ന പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എടുത്തു പറയേണ്ട സവിശേഷതകളാണ്. ക്യാമറ പ്രത്യേകിച്ചും ചേസിങ്ങ് സീനുകളില്‍ അപാരം തന്നെ.

ചിത്രത്തിലെ കാസ്റ്റിങ്ങും ഏറെ മികച്ചതായി. മംഗലത്ത് ദേവകി എന്ന ശക്തയായ സ്ത്രീയെ അവതരിപ്പിക്കാന്‍ സീമയെ തന്നെ തിരഞ്ഞെടുത്തതിന് ആദ്യം തന്നെ ജോജുവിന് ഒരു നല്ല കൈയ്യടി നല്‍കണം. ഗിരിയുടെ ഭാര്യയായി എത്തിയത് ജന്‍മനാ മൂകയും ബധിരയുമായ തമിഴ് തെലുങ്ക് താരം അഭിനയയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നമുളള ആളാണെന്നു തോന്നിക്കാത്ത വിധത്തില്‍ മനോഹരമായി തന്നെ അവര്‍ ഗൗരി എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. ഗിരിയുടെ സുഹൃത്തുക്കളായ കരുവിള, ഡേവി, സജി എന്നിവരെ അവതരിപ്പിച്ച പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത്ത് ശങ്കര്‍, ബോബി കുര്യന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഗിരിക്കൊപ്പം പ്രാധാന്യത്തോടെ സിനിമയില്‍ സ്‌പേസുണ്ട് ഈ കഥാപാത്രങ്ങള്‍ക്കും.

എടുത്തു പറയേണ്ടത് വില്ലന്‍മാരായെത്തിയ സാഗര്‍ സൂര്യ, ജൂനൈസ് എന്നിവരുടെ പ്രകടനമാണ്. ഒരു രക്ഷയുമില്ല. രക്തം മരവിപ്പിക്കുന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യം പോലും ഒരു ചെറു പുഞ്ചിരിയോടെ ചെയ്യുന്ന വില്ലന്‍വേഷം സാഗര്‍ സൂര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു. അവന്റെ ഉറ്റചങ്ങാതിയായി ജൂനൈസും കൈയ്യടി വാങ്ങുന്നു. ഗായിക അഭയ ഹിരണ്‍മയി, ചാന്ദ്‌നി ശ്രീധരന്‍, ബ്രിട്ടോ ഡേവി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ആക്ഷനും റിവഞ്ച് ത്രില്ലറുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ പോയി കാണേണ്ടചിത്രമാണ് 'പണി'.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക