അന്നൊരുനാള്‍ ഹൈറേഞ്ചില്‍ നിന്ന് വിത്സണ്‍ എന്ന സുന്ദരന്‍ ആ നാട്ടിന്‍പുറത്തെത്തി. കടപ്ലാമൂട്ടിലെ അന്നമ്മ തന്റെ പഴയ കൂട്ടുകാരിയായ മറിയാമ്മയുടെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതായിരുന്നു മകനെ. ഗ്രാമസുന്ദരിയായ എത്സമ്മയുടെ വീട്ടിലേക്കു കടന്നുവന്ന സുഭഗതനായ ആ യുവാവ് തന്റെ ബാല്യകാല സുഹൃത്തുകൂടിയായ വിത്സനാണെന്ന് വളരെ താമസിച്ചാണ് എത്സമ്മ മനസ്സിലാക്കിയത്. എന്തായാലും അവളെയും വീട്ടുകാരെയും തന്റെ ഇടവക പള്ളിയിലെ ക്ഷണിച്ചിട്ടാണ് അവന്‍ മടങ്ങിയത്.
എത്സമ്മയുടെ അയല്‍വാസിയാണ് കുബേരകുമാരിയായ പ്രിയമ്മ. പഠനകാലത്ത് അവള്‍ക്ക് വിത്സനെ പരിചയമുണ്ട്. വിത്സണ്‍ എത്സമ്മയുടെ വീട്ടില്‍ വന്നതും സംസാരിച്ചതുമൊന്നും പ്രിയമ്മ സഹിച്ചില്ല. കാരണം അവള്‍ക്ക് അവനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആ നിമിഷം മുതല്‍ അവള്‍ എത്സനെയും വിത്സനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്കവനോട് പ്രേമമൊന്നുമില്ലെന്ന് എത്സമ്മയും പറഞ്ഞു. പ്രിയമ്മയുടെ സഹോദരന്‍ വിനോദാണെങ്കില്‍ ഒരിക്കല്‍ എത്സമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതിന് അവളുടെ അപ്പന്‍ ഇത്താക്കുചേട്ടന്റെ തല്ലുമേടിച്ചിട്ടുള്ളവനും. ആ വിനോദിനും തന്റെ സഹോദരിയെ വിത്സനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നുണ്ട്. വിത്സന്‍ എത്സമ്മയുടെ വീട്ടില്‍വന്ന വിവരം അറിഞ്ഞപ്പോള്‍ അവനും വാശിയായി.
പ്രിയമ്മയുടെ ഹൃദയമാകട്ടെ, വിത്സനെക്കുറിച്ചുള്ള സ്മരണകളാല്‍ വികാരതരളിതമായി. അവളുടെ കുടുംബസുഹൃത്തുകൂടിയാണല്ലോ വിത്സനും വീട്ടുകാരും ആ സൗകര്യം ഉപയോഗിച്ച് പ്രിയമ്മ സഹോദരനായ വിനോദിനൊപ്പം ഹൈറേഞ്ചിലെ അവരുടെ വീട്ടിലേക്ക് ഒരു യാത്രതന്നെ നടത്തി. ബന്ധുവായ പ്രൊഫ. ജോണിന്റെ വസതിയില്‍ വച്ച് അവര്‍ തമ്മില്‍ക്കണ്ടു. എന്നാല്‍ അവന്റെ മനോഗതമെന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം എത്സമ്മയേയും വീട്ടുകാരെയും അധിക്ഷേപിക്കാനുള്ള ഒരസവസരവും പ്രിയമ്മയും വിനോദും പാഴാക്കിയതുമില്ല.
മകന് നല്ലൊരു വിവാഹം നടത്താന്‍വേണ്ടി ഇടവകപ്പള്ളിയില്‍ പെരുന്നാള്‍ നടത്താന്‍ നടത്താന്‍ നേര്‍ച്ച നേര്‍ന്നിരിക്കയാണ് വിത്സന്റെ പിതാവായ ഡോക്ടര്‍ ഫിലിപ്പും അമ്മ അക്കമ്മയും പെരുന്നാളിന് ക്ഷണിക്കാന്‍ വേണ്ടി ഡോ. ഫിലിപ്പ് പ്രിയമ്മയുടെ വീട്ടിലും എത്തി. അപ്പോള്‍ വിത്സനില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെക്കുറിച്ച് പ്രിയമ്മയുടെ മാതാപിതാക്കളും ചില സൂചനകള്‍ നല്‍കി. ഇത്താക്കുചേട്ടന്റെ വീട്ടുകാരെയും ഡോക്ടര്‍ പെരുന്നാളിനു ക്ഷണിച്ചു.
അങ്ങനെ പെരുന്നാള്‍ദിനങ്ങളെത്തി. പ്രിയമ്മയും വീട്ടുകാരും അതുകൂടാന്‍ കാലേക്കുട്ടിത്തന്നെ പുറപ്പെട്ടു എന്നറിഞ്ഞപ്പോള്‍ എത്സമ്മയ്ക്ക് എന്തുകൊണ്ടോ ഒരു അങ്കലാപ്പ് പ്രിയമ്മയുടെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ വിത്സനില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെക്കുറിച്ച് തുറന്നുപറയുകയും ഔപചാരികമായ വിവാഹാലോചനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അവര്‍ മടങ്ങിയശേഷം, അതായത് പെരുന്നാളിന്റെ രണ്ടാംദിനത്തിലാണ് എത്സമ്മയും അമ്മ മറിയമ്മയും അവിടെ എത്തുന്നത്. തന്റെ സ്‌നേഹിതയേയും മകളെയും അക്കമ്മയും വീട്ടുകാരും ഹൃദ്യമായി സ്വീകരിച്ചു. സുന്ദരിയായ എത്സമ്മയോട് അവര്‍ക്കെല്ലാവര്‍ക്കും താല്പര്യം തോന്നി.
അന്ന് ഒരു രാത്രി അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി മറിയാമ്മയും മകളും ഡോക്ടര്‍ ഫിലിപ്പിന്റെ ബംഗ്ലാവില്‍ താമസിക്കുകയും ചെയ്തു. പിറ്റേന്ന് സഹോദരി സിന്ധുവിനോടും എത്സമ്മയോടുമൊപ്പം തങ്ങളുടെ വിശാലമായ തോട്ടത്തില്‍ ഒന്നുചുറ്റിക്കറങ്ങിവന്നപ്പോഴേയ്ക്കും വിത്സന്‍ ഒരു തീരുമാനത്തിലെത്തി;താന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി എത്സമ്മതന്നെ.
എന്നാല്‍ ഒടുവില്‍ നാട്ടില്‍നിന്ന് ന്യൂസ് പിടിക്കാന്‍വന്ന ഏഷണിക്കാരനായ മുണ്ടന്‍ വറീതിന്റെ മുന്നിലാണ് അവര്‍ എത്തപ്പെടുന്നത്. അപ്രിയമായത് എന്തൊക്കെയോ സംസാരിച്ച വറീതിന്റെ കരണക്കുറ്റിക്ക് വിത്സന് ഒരു പൊട്ടീരു കൊടുക്കേണ്ടിവന്നു. പകരംവീട്ടുമെന്ന് പറഞ്ഞാണ് വറീത് ക്ഷുഭിതനായി സ്ഥലംവിട്ടത്.
പിറ്റേന്ന് തന്റെ പ്രതിശ്രുതവധുവായ എത്സമ്മയേയും അമ്മയേയും കാറില്‍ കയറ്റിക്കൊണ്ട് വിത്സണ്‍ അവരുടെ നാട്ടിന്‍പുറത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ അവിടെയെമ്പാടും എത്സമ്മയെക്കുറിച്ചുകണ്ട അശ്ലീല പോസ്റ്റുകള്‍ അവനെ ഞെട്ടിച്ചു. അത് മുണ്ടന്‍വറീതിന്റെ വികൃതി എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ എത്സമ്മയുടെ പിതാവായ സാക്ഷാല്‍ ഇത്താക്കുചേട്ടന്റെ മുന്നില്‍ എത്തപ്പെടുന്നത്. തന്റെ മകളെ നശിപ്പിച്ചവനായിട്ടാണ് അയാള്‍ വിത്സണെ കാണുന്നത്. മറ്റുള്ളവരുടെ വിലക്കുകള്‍ വകവയ്ക്കാതെ അയാള്‍ അവന്റെ നേര്‍ക്ക് തെറിയഭിഷേകവും കയ്യേറ്റശ്രമവും എല്ലാം നടത്തി. വ്രണിതഹൃദയനായിട്ടാണ് വിത്സണ്‍ അവിടെനിന്നും മടങ്ങിയത്. തന്റെ പിതാവിനാല്‍ വിത്സണ്‍ അപമാനിക്കപ്പെട്ടതില്‍ എത്സമ്മയും ഹൃദയംപൊട്ടി കരഞ്ഞു.
പിന്നീട് പലവിധ സാഹചര്യങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി വിത്സണ്‍ എത്സമ്മയെ തള്ളിപ്പറയാനും പ്രിയമ്മയെ വിവാഹം കഴിക്കാനുമുള്ള തീരുമാനത്തിലേക്കു നിങ്ങുന്നു. എങ്കിലും അത് അവന് അത്യന്തം വേദനാജനകമായ ഒരു തീരുമാനമായിരുന്നു. എത്സമ്മയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
ഇതിനിടയിലാണ് ഡോക്ടര്‍ ഫിലിപ്പിന്റെ ബംഗ്ലാവിലേയ്ക്ക് അപ്രതീക്ഷിതമായി ഏഷണിക്കാരന്‍ മുണ്ടന്‍വറീതിന്റെ ആഗമനം അവന്‍ എന്തോ കാരണത്താല്‍ പ്രിയമ്മയുടെ വീട്ടുകാരുമായി തെറ്റി. അതോടെ താന്‍ എത്സമ്മയ്ക്ക് എതിരെ നടത്തിയ അപവാദപ്രചരണങ്ങളത്രയും അവന്‍ വിത്സന്റെയും വീട്ടുകാരുടെയും മുന്നില്‍ ഏറ്റുപറയുന്നു. ഒപ്പം പ്രിയമ്മയുടെ സ്വഭാവഹത്യ നടത്തുകയും ചെയ്യുന്നു.
പ്രിയമ്മയെക്കുറിച്ചുള്ള പുതിയവിവരങ്ങള്‍ കേട്ടതോടെ വീട്ടുകാര്‍ ആ വിവാഹം വേണ്ടെന്നുവച്ചു. അതേസമയം എത്സമ്മയെക്കുറിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ ഫിലിപ്പ് ആ വിവാഹത്തിന് പൂര്‍ണ്ണ സമ്മതം മൂളിയതുമില്ല. വിത്സണ്‍ അമേരിക്കയില്‍ പോയി ഉപരിപഠനം നടത്തി മടങ്ങിവന്നതിനുശേഷം മതി വിവാഹം എന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്.
വിത്സണ്‍ തള്ളിപ്പറഞ്ഞതോടെ പ്രിയമ്മ വിഷാദരോഗത്തിന് അടിമയായി. അവളുടെ വീട്ടുകാരുടെ സമ്മര്‍ദ്ദങ്ങളൊന്നും വിത്സന്റെ പക്കല്‍ ഏശിയില്ല. അവന്റെ സഹോദരി സിന്ധു പഠനസ്ഥലത്തുനിന്നും മടങ്ങിയെത്തിയതോടെ എത്സമ്മയുമായുള്ള ആലോചനകള്‍ക്കു ചൂടുപിടിച്ച് അവള്‍ വിവാഹത്തിന് അച്ഛന്റെ പൂര്‍ണ്ണ പിന്തുണയും നേടിയെടുത്തു.
പ്രിയമ്മയുമായുള്ള വിവാഹം മുടങ്ങിയതില്‍ ക്ഷുഭിതനായി നടക്കുന്ന അവളുടെ സഹോദരന്‍ വിനോദാണ് ഇനിയൊരു ഇനിയൊരു പ്രശ്‌നം. വിവാഹം കഴിയുന്നതുവരെ അനര്‍ത്ഥങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചെങ്കിലും ഒടുവില്‍ ഒളിഞ്ഞിരുന്ന് വിനോദ് വിത്സനുനേരെ വെടിപൊട്ടിച്ചു. പരിക്കേറ്റെങ്കിലും അവന്റെ ജീവന്‍ തിരിച്ചുകിട്ടി. ആര്‍ഭാടങ്ങളില്ലാതെ വിത്സന്റെയും എത്സമ്മയുടേയും വിവാഹം നടക്കുകയും ചെയ്തു.
എല്ലാം കലങ്ങിത്തെളിഞ്ഞു. ഉപരിപഠനാര്‍ത്ഥം വിത്സണ്‍ ഇനി അമേരിക്കയ്ക്കു പോവുകയാണ്. ഒപ്പം അവന്റെ പ്രിയപത്‌നി എത്സമ്മയും.
ഗ്രീഷ്മത്തിലെ ഒരു തെളിഞ്ഞ സായംകാലം. നവദമ്പതികളോടൊപ്പം അവരെ യാത്രയാക്കാന്‍ അടുത്തബന്ധുക്കളും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. വിമാനത്തിന്റെ കോണിപ്പടികള്‍ വിത്സണും എത്സമ്മയും ചവുട്ടിക്കയറി. അവര്‍ വാതില്‍ക്കല്‍ നിന്ന് മുഖംതിരിച്ച് അവിടെ നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ നേരെ കരങ്ങള്‍ ഉയര്‍ത്തി യാത്രാഭിവാദ്യം നല്‍കി.
ഗൃഹാതുരത്വത്തോടെ ഒരു കുറിപ്പ്:വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഭര്‍തൃപിതാവായ മുട്ടത്തുവര്‍ക്കി അദ്ദേഹത്തിന്റെ പുത്രനായ ബേബിച്ചനെയും നവവധുവായിരുന്ന എന്നെയും കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അമേരിക്കയിലേക്ക് യാത്രയാക്കി. അന്നത്തെ ആ യാത്രയയപ്പിന്റെ അനുഭവമാണ് അദ്ദേഹം ഈ നോവലിന്റെ ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പിന്നീട് പറയുകയുണ്ടായി. ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ പരമ്പര അവസാനിക്കുന്നു - അന്ന മുട്ടത്ത്)
Read More: https://emalayalee.com/writer/285