Image

8 കോടി രൂപ ആവശ്യപ്പെട്ടിട്ടും തന്നില്ല; ഡോക്ടറായ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി പിടിയില്‍

Published on 28 October, 2024
8 കോടി രൂപ ആവശ്യപ്പെട്ടിട്ടും തന്നില്ല; ഡോക്ടറായ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി പിടിയില്‍

ആഡംബരജീവിതത്തിനായി എട്ടുകോടി രൂപയാവശ്യപ്പെട്ടിട്ടും നല്‍കാന്‍ വിസമ്മതിച്ച ബിസിനസ്സുകാരനായ ഭര്‍ത്താവിനെ ഡോക്ടറായ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കാപ്പി എസ്റ്റേറ്റിലെത്തിച്ചു കത്തിക്കുകയും ചെയ്ത യുവതി പിടിയില്‍. 29കാരിയായ നിഹാരികയാണ് പിടിയിലായത്.

ബിസിനസ്സുകാരനായ രമേഷിനെ(54)യാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ നിഹാരികയും ഇവരുടെ കാമുകനും വെറ്ററിനി ഡോക്ടറുമായ നിഖിലും കൂട്ടാളിയായ ആംഗുറും ചേര്‍ന്ന് ഹൈദരാബാദിലെ ഉപ്പളില്‍ വച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രമേഷിന്റെ മെഴ്സിഡസ് ബെന്‍സ് കാറില്‍ കയറ്റി 800 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് കര്‍ണാടകയിലെ കൊഡകിനു സമീപം സുന്തികോപ്പയിലെ കാപ്പിത്തോട്ടത്തില്‍ തള്ളി കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഘം ഹൈദരാബാദിലേക്ക് മടങ്ങുകയും അവിടെയെത്തി പോലീസില്‍ രമേഷിനെ കാണാനില്ലെന്ന പരാതി നല്‍കുകയും ചെയ്തിരുന്നു.

മൃതദേഹം പൂര്‍ണമായി കത്തിയ നിലയിലാണ് കണ്ടെത്തിയതെന്നതിനാല്‍ തുടക്കത്തില്‍ കര്‍ണാടക പോലീസിനു യാതൊരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ പുലര്‍ച്ചെ 12നും രണ്ടിനും ഇടയിലായി സംശയാസ്പദ സാഹചര്യത്തില്‍ ഒരു വാഹനം കടന്നുപോവുന്നതായി കണ്ടെത്തി. രാത്രിയായതിനാല്‍ ദൃശ്യത്തിന് വ്യക്തത കുറവായതിനാല്‍ വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇതോടെ തുംകുര്‍ വരെയുള്ള 500 സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

ഇതോടെ വാഹനം തെലങ്കാനയിലെ രമേഷ് എന്ന വ്യവസായിയുടേതാണെന്ന് തിരിച്ചറഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം തെലങ്കാനയിലെ പോലീസിനെ ബന്ധപ്പെടുകയും രമേഷിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുള്ളതുമായി അറിഞ്ഞു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിനെ രമേഷിന്റെ ഭാര്യയായ നിഹാരികയെ സംശയം തോന്നി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തുന്നതും കൊലപാതകം പുറത്തറിയുന്നതും. കാമുകനായ നിഖില്‍(28), അങ്കുര്‍ എന്നിവരെക്കുറിച്ചു കൂടിയുള്ള വിവരം നിഹാരിക നല്‍കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നിഹാരികയ്ക്ക് 16 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചിരുന്നു. ഇതോടെ അമ്മ വേറെ വിവാഹം കഴിച്ചു. പഠനത്തില്‍ മിടുക്കിയായ നിഹാരിക എന്‍ജിനീയറിങ് പൂര്‍ത്തിയാക്കുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. വിവാഹിതയായെങ്കിലും അധികം താമസിയാതെ വേര്‍പിരിഞ്ഞു. ഇതിനിടെ ഹരിയാനയില്‍ വച്ചു നടത്തിയ സാമ്പത്തികതട്ടിപ്പിന് നിഹാരിക ജയിലില്‍ ആയി. ഇവിടെ വച്ചാണ് അങ്കുറിനെ പരിചയപ്പെടുന്നത്. ജയില്‍മോചിതനായ ശേഷമാണ് നിഹാരിക രമേഷിനെ പരിചയപ്പെടുന്നും വിവാഹം കഴിക്കുന്നതും.

രമേഷിന്റെയും പുനര്‍വിവാഹമായിരുന്നു. ഭാര്യക്ക് എല്ലാ വിധ സൗകര്യങ്ങളും രമേഷ് നല്‍കിയിരുന്നു. ആഡംബരജീവിതം നയിച്ചുവരുന്നതിനിടെയാണ് നിഹാരിക നിഖിലുമായി അടുക്കുന്നത്. ഇതോടെ രമേഷിനോട് എട്ടുകോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. രമേഷ് ഇതു നിരസിച്ചതോടെ സ്വത്ത് തട്ടിയെടുക്കാനായി നിഖിലും അങ്കുറിനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക