Image

സ്വപ്നത്തിൻ ചാരെ പിന്നെയും ഇങ്ങനെ ( കഥ : പി. സീമ )

Published on 29 October, 2024
സ്വപ്നത്തിൻ ചാരെ പിന്നെയും ഇങ്ങനെ ( കഥ : പി. സീമ )

"പിറന്നു മൂന്നാം മാസം ഞാൻ വൈക്കത്തു നിന്നു കൊണ്ട് വരുമ്പോ നീ ഒരു ഉണ്ടക്കുട്ടി ആയിരുന്നു ട്ടോ.. നല്ല ഗുണ്ട് മണി പോലെ വെളുത്തുരുണ്ടിട്ട് ങ്ങനെ "
അമ്മ പറയുകയാണ്.

അമ്മ പറയുകയാണ്.

"എന്നിട്ടാ ഞാൻ ഇപ്പൊ ഇങ്ങനെ വില്ല് പോലെ വളഞ്ഞിട്ട്..."

വില്ല് പോലെ വളഞ്ഞിട്ടല്ലെങ്കിലും മെലിഞ്ഞ പ്രകൃതം ആയതോണ്ട് ചോദിച്ചു പോയതാണേ..അമ്മ എന്റെ നീളൻ മുടിയിൽ അറ്റത്തു നേർത്ത  ഈറൻ പിന്നലിൽ കുഞ്ചലം കെട്ടുന്നു.

"ഒന്നും പറയണ്ടായേ കുട്ടീനെ കാണാൻ വന്ന തേവി പെണ്ണിന്റെ ഒക്കത്തു ഒരു കുട്ടി ഇരിക്കണുണ്ടായിരുന്നു.  അതിനു ഒരൂട്ടം ചുമ ആയിരുന്നേ... ചുമച്ചു ഇങ്ങനെ വില്ല് പോലെ വളഞ്ഞു പോണ ചുമ."

"അതിനു ആ കുട്ടിയല്ലേ ചുമച്ചേ ഞാൻ അല്ലല്ലോ.."

"അതേ ആ കുട്ടി ചുമച്ചു അത് ഒരൂട്ടം പകരുന്ന ചുമ ആയിരുന്നേ.. പിന്നെ നിനക്കും അത് വന്നു. നിലങ്കാര ചുമ എന്നാ അതിന്റെ പേര്."

"അങ്ങനെ ഗുണ്ടായി ഇരുന്ന ഞാൻ വില്ല് പോലെ ചുമച്ചു ഒടിഞ്ഞു വളഞ്ഞു പോയി ന്നാണോ അമ്മ ഈ പറയുന്നേ."

"അതേ.."

"അതെന്തിനാ അങ്ങനെ ചുമയ്ക്കുന്ന കുട്ടിടെ അടുത്തു എന്നെ കൊണ്ട് പോയെ.. അതല്ലേ ഞാൻ ഇപ്പൊ ങ്ങനെ ഒടിഞ്ഞു പോയേ "

"അതൊന്നും സാരല്യ കുട്ടീ... നാല് താറാവ് മുട്ട തിന്നാൽ വീർക്കാൻ ഉള്ളതല്ലേ   ഈ കവിൾ... ന്നാ കഴിച്ചോ."

ഞാൻ ഞെട്ടി കണ്ണ് തുറന്നു. സ്വപ്നത്തിൽ അമ്മ വന്നു പുഴുങ്ങി വെച്ച താറാവ് മുട്ട ചുറ്റിനും പരതി. അവിടെങ്ങും അമ്മയില്ല. കരി പിടിച്ച അടുപ്പിലേക്കു ഊതുമ്പോൾ കേൾക്കുന്ന കുഴലിന്റെ ശബ്ദമില്ല. അമ്മയ്ക്ക് ചുറ്റിനും പുകയും ചാരവും പറക്കുന്നില്ല.  അടുപ്പിൽ കഞ്ഞി തിളയ്ക്കുന്നില്ല.

ഒരു വട്ടം കൂടി അമ്മയോർമ്മകൾക്ക് ചാരെ കൂടി വിരുന്നു വന്ന സ്വപ്നത്തെ അത്ര പെട്ടെന്ന് പടിയിറക്കി വിടാൻ ആകുമോ.?

കുഴികണ്ടപ്പറമ്പിലേക്ക് ചിത്രത്തൂണിൽ ചാരിയിരുന്നു എത്തി നോക്കാൻ,   അവിടെ മരച്ചില്ലകൾക്കപ്പുറം അ ന്തിവാനത്തിന്റെ ചെമ്പരത്തിക്കാട്  പൂക്കുന്നത് കാണാൻ,  കുണ്ടനിട വഴിയിലൂടെ മഴ വെള്ളം കുത്തിയൊലിച്ചു വടക്കു പുറത്തെ വയലിലേക്ക്  പോകുന്ന ശബ്ദത്തിനു കാതോർക്കാൻ, തെക്കു പുറത്ത് കത്തിയമർന്ന മൂന്ന് സ്നേഹച്ചിതകളുടെ  കനലിനെ കുളിരാക്കി മാറ്റാൻ,  എന്റെ ബാല്യം ഇപ്പോഴും അവിടെങ്ങോ പതുങ്ങി നിൽക്കുന്നുണ്ട് എന്നത് ഈ സ്വപ്നത്തിനും അറിയാമല്ലോ...

വെറുതെ ആരും വിരുന്നു വരില്ല.. കേവലം ഒരു സ്വപ്നം പോലും. എങ്കിലും ഒരു നാളിൽ മോനോടൊപ്പം നടന്ന വഴികൾ തേടി ചെന്നപ്പോൾ  സീമാ നിവാസ് എന്ന് ഇംഗ്ലീഷിൽ എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞു നിന്ന രണ്ടു പാളികൾ തുറന്നടക്കവേ ഒരു താമര പൂവ് ഒന്നായി ഗേറ്റിൽ വിടർന്നു നിന്നു.  മുറ്റത്തു അപരിചിതയായി ആകാശത്തേക്ക് ഉയർന്നു നിന്ന ഒരു കൂറ്റൻ മാവ് മുരണ്ടു

" നിങ്ങളൊക്കെ ആരാ ഞാൻ കണ്ടിട്ടില്ലല്ലോ. "

ശരിയാണ് ആരോ നട്ട് പിടിപ്പിച്ചവൾക്കു അങ്ങനെ അല്ലേ ചോദിക്കാൻ പറ്റു.

"ഒരു കാലത്ത് എല്ലാമായിരുന്നു ഇപ്പോൾ ആരുമല്ലെ"  ന്നു പറഞ്ഞു വഴി തെറ്റി വന്നവളെ പോലെ കിഴക്കേ മുറ്റത്തെ പുല്പടർപ്പിലൂടെ  നീങ്ങുമ്പോൾ " നെല്ല് കുത്തണ കറുമ്പിയും, ചിരുതേം വന്നില്ലേ "ന്നു   പൊളിഞ്ഞ ഉരൽ പുരയിൽ മറിഞ്ഞു കിടന്ന ഉരൽ   നിലവിളിച്ചു..

"ഇവിടുത്തെ അമ്മിണിക്കുട്ടിയെ കണ്ടുവോ" ന്ന്  അടറാരായ തൊഴുത്തും ഒഴിഞ്ഞ പുൽക്കൂടും നെടു വീർപ്പിട്ടു .  വെറുതെ തിരിഞ്ഞുനോക്കിയപ്പോൾ പാൽ കുടിച്ചു നിറഞ്ഞു . കൂത്താടുന്ന പശുക്കുട്ടിയോടൊപ്പം എന്നെ ഞാൻ ഒരു പത്തു വയസ്സുകാരിയായി കണ്ടു..

"കാലിൽ മുള്ളു കുത്തല്ലേ കുട്ട്യേ" എന്ന് മരുമകളുടെ കൈപിടിച്ചു    കിതച്ചു കയറ്റം കയറുന്ന ഞാൻ അപ്പോൾ എനിക്ക് തന്നെ  തീർത്തും അപരിചിതയായിരുന്നു.  ഓർമ്മകൾക്ക് അങ്ങനെ ഒരു കഴിവുണ്ട്... നാം ആരെന്ന് ക്ഷണനേരം കൊണ്ട് നമ്മെ തന്നെ അപരിചിതരാ ക്കുന്ന മായാജാലമല്ലേ ഓരോ ഓർമ്മയും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക