ന്യൂ യോർക്ക്: പ്രായം തന്റെ തിരിച്ചറിവിനെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുവാൻ ഒരു തിരിച്ചറിയൽ പരീക്ഷ സ്വയം നടത്തണമെന്ന ആവശ്യം ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് തന്റെ എതിരാളി, മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രമ്പിനോട് വീണ്ടും ആവശ്യപ്പെട്ടു. മറുവശത്തു ട്രംപ് ഹാരിസ് ഗാഢ നിദ്രയിലാണെന്നും കാര്യങ്ങൾ സുബോധത്തോടെയാണ് പറയുന്നതെന്ന് ഉറപ്പു വരുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ആറ് ദിവസങ്ങൾ ശേഷിക്കെ വോട്ടർമാർ ഉണർന്നിരുന്ന് തങ്ങളുടെ വോട്ടവകാശം വിനയോഗിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ സർവ പ്രധാനം. പോളിങ് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതലാവുമോ അതോ ബില്ലിയോണുകൾ പ്രചാരണത്തിന് ചിലവഴിച്ചത് പാഴിലായോ എന്ന് നവമ്പർ 5 നും തുടർന്നുള്ള ദിവസങ്ങളിലും മനസിലാവും.
ന്യൂയോർക്കിലെ മാഡിസൺ സ്‌ക്യുയറിലെ ട്രംപിന്റെ റാലിയിൽ ട്രംപ് ഹാരിസിനെ കടന്നാക്രമിക്കുന്നത് തുടർന്നു. മിഷിഗണിലെ കലാമസൂയിൽ ഹാരിസും ട്രംപിനെ നിശിതമായി വിമർശിച്ചു. ട്രംപിന്റെ റാലിയിൽ ചിലർ ഹാരിസിന്റെത് താഴ്ന്ന ഐ കു ആണെന്ന് ആരോപിച്ചു. ഹാരിസിന്റെ ബുദ്ധിപരമായ അറിവിനെ കുറിച്ച് എപ്പോഴും വിമർശിക്കുന്ന ട്രംപ് അവരുടെ വർഗീയ ഉറവിടവും ചർച്ച ചെയ്തു.
ഹാരിസ് ട്രംപ് അൺഫിട് ആണെന്നും ട്രമ്പിനൊപ്പം ജോലി ചെയ്തവർ ഇതേക്കുറിച്ചു പറയുമെന്നും പറഞ്ഞു. ഉദാഹരണത്തിന് ഒരു ഫോർ സ്റ്റാർ ജനറൽ മാർക്ക് കെല്ലി, ട്രംപിന് വേണ്ടി ജോലി ചെയ്ത രണ്ടു മുൻ ഡിഫെൻസ് സെക്രട്ടറിമാർ എന്നിവരോട് ചോദിക്കാമെന്ന് ഹാരിസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിനം ഒരു ഫെഡറൽ ഒഴിവു ദിനം അല്ല. മിക്കവാറും സംസ്ഥാനങ്ങളും ഈ നയം പിന്തുടരുന്നു. ചില ജോലി സ്ഥലങ്ങളിൽ ഒരു മണിക്കൂർ താമസിച്ചു റിപ്പോർട്ട് ചെയ്താൽ മതി എന്നോ, ഒരു മണിക്കൂർ നേരത്തെ ജോലിയിൽ നിന്ന് പൊകാമെന്നോ ഉള്ള സൗജന്യം ലഭിച്ചു എന്ന് വരാം. മിക്കവാറും ഈ സമയത്തെ വേതനം ലഭിക്കുകയില്ല. ഇതാണ് പോളിങ് ശതമാനം കുറയാൻ ഒരു കാരണം. രാഷ്ട്രീയ പാർട്ടികൾ ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിന് തുനിഞ്ഞിട്ടില്ല.
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുവാൻ റോബർട്ട് എഫ് കെന്നഡി ജൂനിയർ നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു. പിന്നീട് മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും തന്റെ പേര് ബാലോട്ടിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചില സംസ്ഥാനങ്ങൾ നാമ നിർദേശ പത്രിക പിൻവലിക്കുവാൻ അനുവാദം നൽകിയിട്ടില്ല. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ചില സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ കെന്നഡി ജൂനിയറിന്റെ പേരും ഉണ്ടാവും.
ഏറ്റവും പുതിയ '270 ടു വിൻ ആവറേജ് പോൾ' പ്രകാരം ഹാരിസിന് 18 സ്റ്റേറ്റുകളിലും ട്രംപിന് 25 സ്റ്റേറ്റുകളിലും ലീഡ് ഉണ്ട്. ചില ലീഡുകൾ നേരിയതാണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഓരോ സ്റ്റേറ്റിന്റേയും ഇലക്ട്‌റൽ വോട്ടുകൾ വ്യത്യസ്തമാണ്. അതിനാൽ മൊത്തം കൂട്ടുമ്പോഴും ഫലം മാറിയേക്കാം. തിരഞ്ഞെടുപ്പ് ദിനത്തിനുള്ളിൽ മാറ്റങ്ങൾ സംഭവിച്ചു എന്നും വരാം. ചില അഭിപ്രായ സർവേകൾ ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
മുൻ പ്രഥമ ദമ്പതികളായ മിഷേൽ ഒബാമയും ബാരാക് ഒബാമയും ഇപ്പോൾ വളരെ സജീവമായി ഹാരിസിന് വേണ്ടി പ്രചാരണം നടത്തുന്നു. ഹാരിസ് വിജയിച്ചാൽ മിഷേലിന് ഒരു ക്യാബിനറ്റ് പദവി ചിലർ പ്രവചിക്കുന്നുമുണ്ട്. മുൻ പ്രഥമ ദമ്പതികളുടെ പ്രചാരണം എത്ര മാത്രം കറുത്ത വർഗ വോട്ടുകൾ ഹാരിസിന് നേടിക്കൊടുക്കും എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു നടക്കുന്ന വിശകലനങ്ങളിൽ അറിയാൻ കഴിയും.