Image

കേരള സ്‌ക്കൂള്‍ കായികമേളയ്ക്ക് എറണാകുളം ഒരുങ്ങി (സനില്‍ പി. തോമസ്)

Published on 02 November, 2024
കേരള സ്‌ക്കൂള്‍ കായികമേളയ്ക്ക്  എറണാകുളം ഒരുങ്ങി (സനില്‍ പി. തോമസ്)

ഒളിപിക്‌സ് നിലവാരമെന്നൊക്കെ കൊട്ടിഘോഷിച്ച് സംസ്ഥാന സ്‌ക്കൂള്‍ കായികമേളയ്ക്ക് സക്കൂള്‍ ഒളിംപിക്‌സ് എന്നു പേരിട്ടവര്‍ ഒടുവില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ചട്ടങ്ങള്‍ക്കു വഴങ്ങി കേരള സ്‌ക്കൂള്‍ കായികമേള, കൊച്ചി '24' എന്ന പേരു സ്വീകരിച്ചു. കൗമാര കേരളം കാത്തിരിക്കുന്ന ഈ കായികോത്സവത്തിന് എറണാകുളം ഒരുങ്ങി. നവംബര്‍ നാലു മുതല്‍ 11 വരെയാണ് മത്സരങ്ങള്‍.

ഒളിംപിക്‌സ് എന്നത് അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ ഒളിംപിക് ചാര്‍ട്ടറിന്റെ ലംഘനമാകുമെന്നും അത് വലിയ പിഴ ക്ഷണിച്ചു വരുത്തുമെന്നും  'ഇ-മലയാളി' രണ്ടു തവണ എഴുതിയിരുന്നു. എന്തായാലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു. പേരിലല്ല കാര്യം, മത്സരങ്ങള്‍ എങ്ങനെ നടത്തുന്നു എന്നതാണു പ്രധാനം. അടിസ്ഥാന സൗകര്യങ്ങള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, താരങ്ങളുടെ പ്രകടനം എന്നിവയാണു ശ്രദ്ധിക്കേണ്ടത്.

സംസ്ഥാന സ്‌ക്കൂള്‍ കായികമേള എന്ന വിശേഷണം എപ്പോഴും സംസ്ഥാന സ്‌ക്കൂള്‍ അത്‌ലറ്റിക്‌സിനാണ് ചാര്‍ത്തിപ്പോന്നിട്ടുള്ളത്. മററു കളികള്‍ സ്‌ക്കൂള്‍ ഗെയിംസ് ആയി അറിയപ്പെട്ടു. ഫുട്‌ബോളും വോളിബോളും ബാസ്‌ക്കറ്റ്ബോളുമെല്ലാം ഉണ്ടെങ്കിലും സ്‌ക്കൂള്‍ ഗെയിംസിന് ഒരിക്കലും അത്‌ലറ്റിക്‌സിന്റെ ഗ്ലാമര്‍ ഇല്ലാതെ പോയി. മാത്രമല്ല, പലപ്പോഴും, ഇത് വേറിട്ടാണ് നടത്തപ്പെട്ടത്. ഒരുമിച്ച് ഒരേ സ്ഥലത്ത് സംഘടിപ്പിക്കപ്പെട്ടപ്പോഴൊക്കെ ആദ്യദിനങ്ങളിലെ ഗെയിംസിന് വലിയ മാധ്യമ ശ്രദ്ധ കിട്ടിയുമില്ല.

ഇതിനെല്ലാം പരിഹാരമായി സ്‌ക്കൂള്‍ ഒളിംപിക്‌സ് എന്നു പേരിട്ട് നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് 17 വേദികളിലായി ഗെയിംസും അത്‌ലറ്റിക്‌സും നടത്തുവാന്‍ തീരുമാനിച്ചു. 36 ഇനങ്ങളിലാണു മത്സരം. സവിശേഷ കഴിവുകളുള്ള കുട്ടികളെയും ഉള്‍പ്പെടുത്തി 'ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്' എന്ന ആശയം നടപ്പിലാക്കുവാനും തീരുമാനിച്ചു. ഇത്തരം കുട്ടികള്‍ രണ്ടായിരത്തോളം വരുമത്രെ. ആകെ 26,000 കുട്ടികള്‍ ഇക്കുറി സ്‌ക്കൂള്‍ കായികമേളയില്‍ പങ്കെടുക്കും. ഇപ്പോൾ പേരു മാറ്റിയെങ്കിലും സംഭവം ഗംഭീരമാക്കാനുള്ള തയാറെടുപ്പ് പുരോഗമിക്കുന്നു.

ചാമ്പ്യന്‍മാരാകുന്ന ജില്ലയ്ക്കു നല്‍കുന്നത് ചീഫ് മിനിസ്റ്റേഴ്‌സ്  ട്രോഫി  ആണ്. സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ നല്‍കുന്നതുപോലെ ചാമ്പ്യന്‍മാര്‍ക്ക് മൂന്നു കിലോയുടെ സ്വര്‍ണ്ണകപ്പ് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇതിനുള്ള ഫണ്ട് സ്വരൂപിക്കുക ബുദ്ധിമുട്ടാണ്. ഭാവിയില്‍ ഇത് നടന്നേക്കും.

മേളയിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ് മഹാരാജാസ് കോളേജിലെ പുനര്‍നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിലാണ്. 5.48 കോടി രൂപയാണ് പുനര്‍ നിര്‍മ്മാണ ബജറ്റ്. ജംപിങ് പിറ്റ് പൂര്‍ത്തിയാകേണ്ടതുണ്ട്. 2015 ല്‍ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച കേരളം അതിനായി ഒരുക്കിയ പല സംവിധാനങ്ങലും ഇന്ന് ഉപയോഗശൂന്യമായി. കോടികള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ പലതും നശിച്ചു. ചിലതൊക്കെ കാണാനുമില്ല. സ്‌ക്കൂള്‍ കായികമേള വാര്‍ഷിക പരിപാടിയായതിനാല്‍ ഉപകരണങ്ങളുടെയും മറ്റും കാര്യത്തില്‍ സ്ഥിരം സംവിധാനം ആവശ്യമാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ഒത്തുചേരണം.

പതിനാല് റവന്യൂ ജില്ലകള്‍ക്ക് പുറമെ, യു.എ.ഇ.യിൽ നിന്ന്  അറുപതോളം കുട്ടികള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലാകും യു.എ.ഇ.യില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുക. കേരള മോഡല്‍ സിലബസ് പിന്തുടരുന്ന എട്ട് സ്‌ക്കൂളുകളില്‍ നിന്ന് ഇരുനൂറോളം കുട്ടികള്‍ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കൊച്ചിയില്‍ മത്സരിക്കുക. ഇവരെ പതിനഞ്ചാമതൊരു ഗ്രൂപ്പ് ആയി കണക്കാക്കും.

പക്ഷേ, കേരള സ്‌ക്കൂള്‍ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം ആകും മുമ്പേ, ഷൂട്ടിങ്, ഹോക്കി, ചെസ്, മത്സരങ്ങള്‍ നടത്തി. ഇതില്‍ പലതും പൂര്‍ത്തിയാക്കിയശേഷമാണ് പുറംലോകം അറിഞ്ഞത്. ചില ഇനങ്ങള്‍ നേരത്തെ ആക്കിയത് കുട്ടികള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാനാണെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റു ചില ഇനങ്ങളില്‍ അണ്ടര്‍ 19 വിഭാഗങ്ങള്‍ മാത്രമാണ് സ്‌ക്കൂള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത്. അണ്ടര്‍ 17, 14 വിഭാഗങ്ങള്‍ നേരത്തെ നടത്തി.

ഏഷ്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കായികമേളകളില്‍ ഒന്നാണ് സംസ്ഥാന സ്‌ക്കൂള്‍ കായികമേള. നമ്മുടെ താരങ്ങളുടെ വളര്‍ച്ചയുടെ ആദ്യഘട്ടമാണ് സ്‌ക്കൂള്‍ മീറ്റില്‍ നടക്കുക. ചില സ്‌ക്കൂളുകള്‍ സ്‌ക്കൂള്‍ മീറ്റില്‍ മികവു കാട്ടിയ കുട്ടികളെ ദേശീയ ജൂനിയര്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ല. ഇത് ശരിയല്ല. ജൂനിയര്‍ തലത്തില്‍ കുട്ടികള്‍ക്കു വേണ്ടത് പരമാവധി മത്സര പരിചയമാണ്.

1957 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമിട്ട സംസ്ഥാന സ്‌ക്കൂള്‍ കായികമേള ഏറ്റവും നന്നായി നടക്കട്ടെ. കായിക രംഗത്ത് വലിയ തിരിച്ചടി നേരിടുന്ന കേരളത്തിന് ഉയിര്‍ത്തെഴുനേല്‍പിനുള്ള വേദിയാകണം സംസ്ഥാന മീറ്റ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക