കേരളത്തിൽ മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുകയാണ് പാലക്കാട് മണ്ഡലം . എന്നും പുതിയ സംഭവവികാസങ്ങൾ കൊണ്ട് മണ്ഡലം ഇളകി മറിയുന്നില്ലെങ്കിലും ചാനലുകൾ ഇളകി മറിയുന്നുണ്ട്.
രാഹുൽ മാങ്കുട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ തുടങ്ങിയ പ്രശ്നങ്ങളാണ് കോൺഗ്രസിൽ . അത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്ത് പോയ തോറ്റ പഞ്ചായത്ത് വാർഡ് മെംബർമാരുടെ മുഖംവരെ ടി.വി യിൽ വന്നു. കോൺഗ്രസിൽ തുടർന്നാൽ കിട്ടാത്ത മൈലേജാണ് ഒന്നിടഞ്ഞപ്പോൾ കിട്ടിയത് . പാലക്കാട്ടെ കോൺഗ്രസിൽ പ്രശ്നങ്ങളില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് . കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാവില്ല, പക്ഷെ അവിടുത്തെ പ്രശ്നങ്ങളിൽ കോൺഗ്രസ് ഉണ്ട് എന്നത് സത്യം .
കല്യാണ വീട്ടിൽ ഇടതുപക്ഷ സ്വതന്ത്രൻ സഖാവ് സരിന് സ്വതന്ത്രനല്ലാത്ത യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ കൈ കൊടുത്തില്ല എന്നായിരുന്നു ഇന്നലത്തെ ചാനൽ ആഘോഷം . കൈ കൊടുത്തിരുന്നെങ്കിൽ ആ ഫോട്ടോ എടുത്ത് സി.പി.എം - കോൺഗ്രസ് ഡീൽ സ്ഥാപിക്കാമായിരുന്നു. ജസ്റ്റ് മിസ്സായി . ഇലക്ഷൻ സമയത്ത് കല്യാണം നടത്തിയാൽ ഒരു ഗുണമുണ്ട്, സഹായത്തിന് കൂലിക്ക് ആളെ വിളിക്കേണ്ട, പാർട്ടിക്കാർ വന്ന് വേണ്ടത് ചെയ്യും. വോട്ട് ഒരു ചെറിയ മീനല്ല .
അതിനിടയിലാണ് ഒരു കൊടകര കുഴൽപ്പണം കയറി വന്നത്. ഇ ഡി ക്ക് മൂന്ന് വർഷം മുന്നെ പൊലീസ് നൽകിയ റിപ്പോർട്ടിൽ നടപടി എടുക്കാതെ അവർ മിണ്ടാതിരുന്നു എന്നാണ് സർക്കാർ പറയുന്നത് . ഇത് പോല മറ്റൊരു റിപ്പോർട്ടിൽ സർക്കാർ അടയിരുന്നത് നാല് വർഷമായതുകൊണ്ട് ഒന്നും അങ്ങട് ചോദിക്കാനും പറ്റില്ല ഇ. ഡി യോട് . ഇഡിയാണെങ്കിൽ സ്വയം അറിഞ്ഞ് ഒന്നും ചെയ്യുന്നുമില്ല.
തൃശൂർ പൂരത്തിൻ്റെ കുടമാറ്റം ഇപ്പോഴാണ് ശരിക്കും ആളുകൾ ആസ്വദിക്കുന്നത്. പൂരം കലങ്ങി, കലങ്ങിയിട്ടില്ല, കലക്കാൻ ശ്രമം നടന്നു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കുടകളുമായി മുഖ്യമന്ത്രി വന്നപ്പോൾ ആംബുലൻസിൽ വന്നില്ല, ആംബുലൻസ് മായകാഴ്ച, സുഖമില്ലാത്തതിനാൽ ആംബുലൻസിൽ വന്നു എന്ന് പറഞ്ഞ് മന്ത്രി സുരേഷ് ഗോപിയുടെ മൂന്ന് സെറ്റ് വർണ്ണക്കുടകൾ നിരന്നു. അതിനിടയിൽ തൃശൂരിൽ തോറ്റ സി പി ഐയുടെ ചില സങ്കട കുടകളും വരുന്നുണ്ടെങ്കിലും അത് ഏത് പക്ഷത്തെ കുടകളാണ് എന്ന് ജനത്തിന് ഇപ്പോഴും പിടി കിട്ടുന്നില്ല.
പാലക്കാട് കെ.മുരളീധരനെ സ്ഥാനാർത്ഥി ആക്കാത്തതിൽ മുരളീധരന് ഇല്ലാത്ത സങ്കടമാണ് സി.പി.എം ന് . പറയുന്നത് കേട്ടാൽ തോന്നും മുരളിധരനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെങ്കിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നിർത്തുമായിരുന്നില്ല എന്ന് .
അതിനിടയിൽ സന്ദീപ് വാര്യർ ബിജെ പി യുമായി ഇടഞ്ഞെന്ന് കേട്ട് ബാലൻ സാർ അദ്ദേഹത്തെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുവത്രെ. ഇത് കണ്ട് സരിൻ ഞെട്ടിക്കാണും, തന്നെ മാറ്റി സന്ദീപ് വാര്യരെ സ്ഥാനാർത്ഥി ആക്കുമോ എന്ന് ഭയന്ന് . നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട സമയം കഴിഞ്ഞതിനാൽ തൽക്കാലം സരിൻ സേഫ് ആണ് .