Image

വരികൾ ! വരകൾ! (കവിത: ത്രേസ്യാമ്മ തോമസ്)

Published on 04 November, 2024
വരികൾ ! വരകൾ! (കവിത: ത്രേസ്യാമ്മ  തോമസ്)

വരികൾ ! വരകൾ !
ഒടിഞ്ഞുപോകാതെ 
മരത്തെ കാത്തത് ,
പൊളിഞ്ഞുപോകാതെ 
കൂരയെ  കാത്തത് ,
പൊലിഞ്ഞുപോകാതെ 
ജീവനെക്കാത്തത് ,
അണഞ്ഞു പോകാതെ 
ദീപത്തെക്കാത്തത് .

എവിടെ കാറ്റുപോൽ  അലയും  നേരവും 
ഇല  മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ 
വരികൾ  വരകൾ 
സംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ ഞ്ഞു .
പതറും ജീവിത പ്രതിയോഗിയായി 
തളർന്നുവീണപ്പോൾ 
ഗീതോക്തിയായതെൻ 
വരികൾ ! വരകൾ .
ജീവന്റെ നിറങ്ങൾ .

നരച്ചനട്ടുച്ചനേരത്തും 
രാപ്പകൽ  കിടുങ്ങി നിൽക്കവേ 
വേട്ടയാടപ്പെട്ട കണക്കുകൂട്ടലിൽ കാലിടറാതെയെന്നെ ചേർത്തുനിർത്തിയതീ 
വരികൾ ! വരകൾ !

നിനവുകൾ ചത്ത  നിസ്സഹായതയിൽ 
പൊരുതി നേടുവാൻ 
പെണ്ണിനു നൽകിയ 
കരളുറപ്പിന്റെ പേരാണു  വരികൾ !
കവിത പൂക്കുന്ന  
മരങ്ങൾ പോലെന്റെ -
യിലയിറമ്പത്തും 
തണലും താങ്ങുമായി ക്ഷണിക ജീവിത വഴികളിൽ 
ശക്തിപകരും ജീവിത വരികൾ ! വരകൾ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക