ഭാഗം - 24
പുതിയകാവിലെ ലൈബ്രറിയിൽ ഞാൻ സ്ഥിരസാന്നിധ്യമായിരുന്നതിനാൽ രാജേന്ദ്രൻ ചേട്ടൻ അത്യാവശ്യഘട്ടങ്ങളിൽ ലൈബ്രറിയുടെ ചുമതല എന്നെ ഏൽപ്പിച്ചിരുന്നു. ഒരു മുറിക്കുള്ളിൽ അടച്ചിട്ടിരിക്കുന്ന ആത്മാക്കളുമായി സംവദിക്കുന്നവനെപ്പോലെ ഞാൻ ഒട്ടനവധി കഥാപാത്രങ്ങളെ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. നേരിൽ കാണാത്ത മനുഷ്യർക്ക് ഭാവനയിൽ വൈവിധ്യമാർന്ന രൂപഭാവങ്ങൾ നൽകി ഞാൻ എന്റെ സുഹൃത്തുക്കളെപ്പോലെയും ഓർമ്മയിലേക്ക് രേഖപ്പെടുത്തുന്ന സംഭവങ്ങളുടെ കരണക്കാരായും ഓരോരുത്തരെയും മനസ്സിൽ കുടിയിരുത്തി. ചില ദിവസങ്ങളിൽ കാറ്ററിംഗ് സർവീസ് ജോലി കിട്ടിയിരുന്നതിനാൽ ചെറിയ രീതിയിൽ സമ്പാദ്യങ്ങൾ കൈമുതയാലി വന്നു ചേർന്നിരുന്നു. പരീക്ഷഫലം വരുന്ന ദിനങ്ങൾ അടുത്തുകൊണ്ടിരിന്നു. ആ വാർത്ത എന്റെ ഭാവി പ്രവചനത്തിനുള്ള സന്ദേശമായിരുന്നു.
ഓരോ മനുഷ്യനെയും ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം പ്രതീക്ഷയാണെങ്കിലും പ്ലസ് ടു പരീക്ഷയുടെ ഫലത്തെക്കുറിച്ചു ഞാൻ അമിതപ്രതീക്ഷ നൽകിയിരുന്നില്ല. പക്ഷേ ജയിക്കുമെന്ന വിശ്വാസം മാത്രം മനസ്സിൽ കരുതി. രണ്ടു ദിവസങ്ങൾക്കു ശേഷം പ്ലസ് ടു പരീക്ഷയുടെ ഫലം വന്നു.ഇന്ദ്രജാലക്കാരന്റെ കൺകെട്ടുവിദ്യയിൽ മായാജാലം സംഭവിക്കുന്നപോലെ ഫസ്റ്റ് ക്ലാസ് മാർക്കോടുകൂടി ഞാൻ പ്ലസ് ടു പാസ്സായി. അന്നത്തെ ഇന്റെർനെർ നെറ്റ് സംവിധാനത്തിലെ പിഴവാണെന്നു കരുതി പിറ്റേദിവസത്തെ പത്രത്തിൽ ഫലം വരുന്നതുവരെ ഞാൻ കാത്തിരുന്നു. പത്രത്തിലെ പരീക്ഷ ഫലത്തിൽ എന്റെ രജിസ്റ്റർ നമ്പർ കണ്ടതോടെ ഞാൻ വിശ്വസിച്ചു. കാറ്ററിംഗ് സർവീസ് ബിസിനസ് ഒന്നുകൂടി വിപുലീകരിക്കുന്നതികന്റെ ഭാഗമായി കരീമിക്കയുടെ മകൻ സുൽഫീക്കർ ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ കാറ്ററിംഗ് സർവീസിന് പോയിരുന്നതിനാൽ ജേഷ്ഠനെപ്പോലെയും സുഹൃത്തിനെപ്പോലെയും സൗഹൃദമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് വാങ്ങിയതിനാൽ അദ്ദേഹം എനിക്ക് ചെയിൻ സ്ട്രാപ്പുള്ള കാസിയോ വാച്ചും ഒരു കുപ്പി അത്തറും നൽകി. പഠനത്തിന്റെ പേരിൽ ലഭിക്കുന്ന ആദ്യ സമ്മാനമായിരുന്നു. പിന്നീട് എന്റെ ജീവിതത്തിന്റെ സമയ നിർണ്ണയം നടത്തുംവിധം വാച്ചിലെ ഡിജിറ്റുകൾ മിന്നിമാഞ്ഞു മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
അന്തിചർച്ചകളിൽ മാതാപിതാക്കൾ എന്റെ ഉപരിപഠനത്തിൽ മുഴുകിയിരുന്നു. പ്ലസ് ടു ഫലം വന്നതിനുശേഷം പിന്നീടുള്ള ദിനപത്രങ്ങളിൽ ഉപരിപഠനത്തെക്കുറിച്ചുള്ള പരസ്യങ്ങളും വിദഗ്ദ്ധരുടെ സംഭാഷണങ്ങളും ലേഖനങ്ങളും വന്നുകൊണ്ടിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ പത്രത്തോടൊപ്പം ബാംഗ്ലൂർ നഴ്സിംഗ് പഠനത്തിന് കൊണ്ടുപോകുന്ന ഏജന്റ്മാരുടെ വക ചെറിയ നോട്ടീസുകളും വീട്ടിൽ എത്തിയിരുന്നു. പുതിയകാവ് കവലയിൽ തന്നെ വിദ്യാഭാസ കച്ചവടത്തിന് വഴിവെക്കുന്ന ബോർഡും അതിനായി മുന്നിട്ടിറങ്ങിയ ഏജന്റ് മനോഹരനും വിദഗ്ധമായി കുട്ടികളെയും മാതാപിതാക്കളെയും പറഞ്ഞു വലയിൽ വീഴ്ത്തിയിരുന്നു. അമ്മയുടെ നിർബന്ധബുദ്ധി എന്റെ തുടർപഠനം ഡിഗ്രി കോഴ്സിലേക്ക് ആനയിക്കും വിധമായിരുന്നു. ബിരുദം കൈമുതലായുള്ള മകൻ അച്ഛന്റെ പ്രശസ്തിയെയും കുറച്ചുകൂടി മുന്നോക്കം നിർത്തുമെന്ന ധാരണ അച്ഛനിൽ ഉണ്ടെന്നത് സമ്മതമായി പറഞ്ഞ പുഞ്ചിരിയിൽ പ്രകടമായിരുന്നു.
പല കോളേജിൽ നിന്നും ഞാനും ബിനീഷും അപ്ലിക്കേഷൻ വാങ്ങി അയച്ചു. പിന്നീടുള്ള ഞങ്ങളുടെ ദിനങ്ങൾ കോളേജിലെ അഡ്മിഷൻ കാർഡ് വരുന്നതിനു വേണ്ടി കാത്തിരിക്കലായിരുന്നു. മാർക്കുറവായിരുന്നതിനാൽ കിട്ടുന്ന കോളേജിൽ കിട്ടുന്ന ഡിഗ്രി കോഴ്‌സെടുത്തു കോളേജ് ജീവിതം സിനിമകളിൽ കാണുന്നപോലെ മനോഹരമാക്കണം എന്നുള്ളതായിരുന്നു ബിനീഷിന്റെ മോഹം എന്ന് അവന്റെ സംസാരത്തിനിന്നും ഞാൻ മനസിലാക്കിയെടുത്തു. അപ്ലിക്കേഷൻ കൊടുത്തു രണ്ടാഴ്ചയ്ക്കുശേഷം സിമിയുടെ അച്ഛൻ പോസ്റ്റുമാൻ ഗിരീശൻ ചേട്ടൻ കോളേജ് അഡ്മിഷനുള്ള അഡ്വൈസ്മെമോ കാർഡുമായി വീട്ടിലെത്തി. എസ്. ഡി. കോളേജിലെയും എസ്. എൻ കോളേജിലെയും കാർഡുകൾ മാത്രമാണ് ആദ്യ അല്ലോട്മെന്റിൽ വന്നത്. എസ് ഡി കോളേജ് വീട്ടിൽ നിന്നും കുറച്ചുകൂടി ദൂരയായതിനാൽ എസ് എൻ കോളേജിൽ ചേരുന്നതാണ് ഉചിതമെന്നു വീട്ടിൽ തീരുമാനങ്ങൾ നാടപ്പിലാക്കി. ബിനീഷിനു അഡ്മിഷൻ കാർഡ് വന്നിരുന്നില്ല പക്ഷേ ഇനിയും കോളേജുകളിൽ നിന്നും അഡ്മിഷൻ കാർഡ് വരാനുണ്ടെന്ന ശുഭപ്രതീക്ഷയോടെ അവൻ കാത്തിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു പിന്നെയും ഒന്ന് രണ്ടു കോളേജിലെ കാർഡുകൾ ഗിരീശൻ ചേട്ടൻ വീട്ടിൽകൊണ്ടുവന്നു. പുതിയകാവ് അമ്പലത്തിലെ ദീപാരാധന തൊഴുന്നതിനിടയിൽ സിമിയുടെ അമ്മയെ കണ്ടു. അവളുടെ വിവരങ്ങൾ അന്വേഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിക്കുന്നതിൽ മടികാണിച്ചു. പരസ്പരം ഒരു പുഞ്ചിരിയിൽ ഒതുക്കി അമ്പലത്തിൽ നിന്നും ഞാൻ പുറത്തു കടന്നു. വീട്ടിലേക്കു നടക്കുന്ന വഴി ഞാൻ സിമിയെക്കുറിച്ചു മാത്രമാലോചിച്ചു. ഒരുപാടു ഇഷ്ടം മനസ്സിൽ നിന്നും തുറന്നു പറഞ്ഞിട്ടും വിദൂരതയിൽ എവിടെയോ വസിക്കുന്നവൾ എന്നെ ഓർക്കുന്നുണ്ടാകുമോ? എന്റെ പ്രേമത്തിന് ഊർജ്ജം പകരം അവളിൽ ഇപ്പോഴും എനിക്കായി കാത്തുവെയ്ക്കുന്ന ഒരു മറുപടി ഉണ്ടാകുമോ? ഒന്നും അറിയില്ല. ഇനി എന്നാണ് അവളെ കാണാൻ കഴിയുന്നത്? ഏതു കോളേജിലാണ് അവൾ ചേരുന്നത്? അങ്ങനെ നിരവധി ചോദ്യങ്ങൾ നിരന്ന പൂഴിമണ്ണ് വിരിച്ച പാതയിലൂടെ ഞാൻ വീട്ടിലേക്കു നടന്നു.
അത്താഴത്തിനു തീൻമേശയിലെ വിഭവത്തിന്റെ കൂടെ സംസാര വിഷയമായി അമ്മ വിളമ്പിയത് അടുത്ത ആഴ്ചയിൽ കോളേജ് അഡ്മിഷനും അതിന്റെ അനുബന്ധമായ കോളേജ് ഫീസിനെക്കുറിച്ചുമായിരുന്നു. എല്ലാത്തിനും വ്യക്തമായി പദ്ധതിയുള്ളപോലെ അച്ഛന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നു. അത്താഴത്തിനുശേഷം മുറിയിലെത്തിയ എന്നെ ലൈബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ നോക്കി പുഞ്ചിരിച്ചു. പക്ഷേ ജനൽ വാതിലിലൂടെ അകത്തേക്ക് കടന്നു വന്ന നിലാവെളിച്ചവും ഇളം കാറ്റിന്റെ കൂടെ ഒഴുകിയെത്തിയ വള്ളിമുല്ലയുടെ മണവും എന്റെ പ്രേമസുരഭിലമാം സ്വപ്നം പൂവണിയിക്കാനുള്ള നിമിത്തങ്ങൾ ചേർത്തുവെച്ചു. പിങ്ക് നിറമുള്ള തലയിണ ഭാവനയിൽ സിമിയുടെ രൂപംപൂണ്ടു. കോളേജ് അങ്കണത്തിലും വരാന്തയിലുമായി ഞാൻ സിമിയുടെ കയ്യും പിടിച്ചു പ്രേമഭാഷ്യം പറഞ്ഞു മുന്നോട്ടു പോയി.
കോളേജ് അഡ്മിഷൻ എടുക്കുന്ന സമയത്തും എന്റെ കൂടെ അമ്മയാണ് വന്നത്. രസതന്ത്ര വിഷയത്തിൽ ബിരുദപഠനത്തിനു ചേർന്നെങ്കിലും എന്റെ മനസ്സിൽ അത്ര രസമുളവാക്കിയില്ലായിരുന്നു. വീട്ടിൽ നിർബന്ധപൂർവം ബിരുദപഠനത്തിലെ വിഷയം മാറുന്നതിനെക്കുറിച്ചു ചർച്ചകൾ പുരോഗമിച്ചു. അങ്ങനെ ഞാൻ മലയാള ഭാഷ ബിരുദം പഠനത്തിനായി തിരഞ്ഞെടുത്തുകൊണ്ടു കോളേജ് തുറന്നു പത്താം ദിവസം ക്ലാസ് മാറി. ഇഷ്ട വിഷയം പഠിക്കുമ്പോൾ പൂർണ്ണമായും മനസ്സും ശരീരവും ഉൾപ്പെടുന്നതുപോലെ മലയാള ഭാഷയുടെ രസകരമായ ഉൾവഴികളിലേക്കും മലയാള സാഹിത്യത്തിലെ നിരവധിയെഴുത്തുകാരുടെ പ്രബന്ധങ്ങളിലേക്കും പഠനം തുടർന്നു. കലാലയ ജീവിതത്തിന്റെ സ്പന്തനങ്ങൾ തൊട്ടുണർത്തുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് കലയാളത്തിൽ ഓരോ ഓരോ പരിപാടികൾ അരങ്ങേറിയിരുന്നു. സൗഹൃദ വലയത്തിൽ ചിരികളും പൊട്ടിച്ചിരികളും പങ്കുവെച്ചു കഥകളും ഭക്ഷണത്തിന്റെ രുചിക്കൂട്ടുകളും എല്ലാം ദിനംപ്രതി വർദ്ധിച്ചുവന്നുകൊണ്ടിരുന്നു.
(തുടരും.....)
Read More: https://emalayalee.com/writer/278