"എന്താ പിള്ളേച്ചാ, കയ്യിലുള്ള സഞ്ചിയിൽ കാര്യമായി എന്തോ ഉണ്ടല്ലോ."
"എടോ, ഞാൻ നേരത്തെ പറഞ്ഞില്ലേ നാളെ വരുമ്പോൾ എല്ലാവർക്കുമുള്ള ലഡ്ഡു എന്റെ കയ്യിലുണ്ടാവുമെന്ന്. അത് തന്നെ."
"എന്നാലും, എന്റെ പിള്ളേച്ചാ, ഇത്ര കൃത്യമായി എങ്ങനെ പ്രവചിക്കാൻ പറ്റുന്നു?"
"അത് വളരെ ലളിതം. നമ്മൾ പ്രത്യേകിച്ച് ആരുടേയും പക്ഷം പിടിക്കാതെ ന്യായമായി ചിന്തിച്ചു കാര്യങ്ങൾ വിശകലംനം ചെയ്‌താൽ അങ്ങനെ പറയാനാകും. അമേരിക്കക്കാരുടെ പൾസ് അറിഞ്ഞാൽ മതി."
"എന്നിരുന്നാലും ഞങ്ങളൊക്കെ കരുതിയിരുന്നത് കമല അടിച്ചു കയറുമെന്നായിരുന്നു. എന്നിട്ടും ഇത്ര മാർജിനിൽ വ്യക്തമായ ഒരു വിജയം ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് നേടിയത്? പിള്ളേച്ചന്റെ അഭിപ്രായത്തിൽ ഒന്ന് വിശദീകരിക്കാമോ?"
"തീർച്ചയായും. അതിനു മുൻപേ ഇയാൾ ഒരു ലഡ്ഡു എടുത്തു കഴിക്ക്. മുഖ്യമായും കമല തോൽക്കാൻ ഉണ്ടായ കാരണങ്ങൾ ചുരുക്കി പറയാം. ഇത് എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ."
"ആയിക്കോട്ടെ. ആ കാരണങ്ങൾ എന്താണെന്ന് കേൾക്കട്ടെ.”
"ഒന്ന്: അമേരിക്കയുടെ തെരഞ്ഞെടുപ്പ് നിയമം അനുസരിച്ചു പാർട്ടി പ്രൈമറിയിൽ ജയിക്കുന്ന ആളാണ് ഔദ്യോഗികമായി പാർട്ടിയുടെ സ്ഥാനാർത്ഥിയാകുക. കമലാ ഹാരിസ് ഒരു പ്രൈമറി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നെങ്കിൽ സ്ഥാനാർത്ഥിത്വം ലഭിക്കുമായിരുന്നില്ല. കാരണം, കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയി നാല് വർഷങ്ങൾ അധികാരത്തിൽ ഇരുന്നെങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഈ സ്ഥാനാർത്ഥിത്വം പ്രസിഡന്റ് ജോ ബൈഡൻ വച്ച് നീട്ടിയ ഉപഹാരമായിട്ടാണ് പലരും കരുതുന്നത്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷനിൽ അംഗീകാരം നേടിയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയായത് എന്നത് വാസ്തവം.
രണ്ട്: ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ ജയിച്ചു കയറിയ കമല താൻ പ്രസിഡന്റ് ആയാൽ പിന്തുണയ്ക്കുന്ന നയങ്ങളെപ്പറ്റിയും അമേരിക്ക അടുത്ത നാല് വർഷം ഏതു ദിശയിലേക്കു നീങ്ങും എന്ന കാര്യവും ചർച്ച ചെയ്യുന്നത് ജനങ്ങൾ അതീവ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ കമലാ ഹാരിസ് ആദ്യമൊക്കെ പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പോലെ സംസാരിക്കയും ഇസ്രായേലിനെ വിമർശിക്കയും ചെയ്തിരുന്നു. പിന്നീട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായും അറിയിച്ചു. ഇത് എന്നും ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു വലിയ ജനവിഭാഗത്തിന് രസിച്ചില്ല.
മൂന്ന്: യുക്രെയിൻ യുദ്ധം. നാറ്റോയുടെ അകാരണമായ വിപുലീകരണമാണ് യുക്രെയിൻ യുദ്ധത്തിനു വഴി തെളിച്ചതെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ അമേരിക്കക്കാരും. ഇത് അമേരിക്കയുടെ സമ്പത്തു കുറച്ചൊന്നുമല്ല അപഹരിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരുമായ അമേരിക്കക്കാരുടെ കുട്ടികൾ പഠിക്കുന്നതിനു ലോൺ എടുക്കുന്നത് തിരിച്ചടയ്ക്കുന്നതിൽ പോലും ഇളവ് നൽകാത്ത സർക്കാർ ബില്യൺ കണക്കിന് അവരുടെ നികുതിപ്പണം യുക്രെയിനിനു നൽകി യുദ്ധം നിലനിർത്തുന്നതിനോട് അവർക്കു യോജിപ്പില്ല. കമലാ ഹാരിസ് പ്രസിഡന്റ് ആയാൽ യുക്രെയിൻ യുദ്ധം തുടരുക തന്നെ ചെയ്യും എന്നവർ വിശ്വസിക്കുന്നു. എന്നാൽ യുകെയിൻ യുദ്ധത്തിന് വിരാമമിടുമെന്നു ട്രംപ് ഉറക്കെ പ്രഖ്യാപിച്ചു. ആ വാക്ക് അമേരിക്കൻ ജനത വിശ്വാസത്തിലെടുത്തു എന്നതാണ് സത്യം.
നാല്: നിയമവിരുദ്ധമായ കുടിയേറ്റം. ബൈഡൻ-ഹാരിസ് ഭരണ കാലത്തു നിയമവിരുദ്ധമായി കുടിയേറിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഭക്ഷണവും താമസ സൗകര്യവും നൽകി സംരക്ഷിച്ചത് അമേരിക്കക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. അങ്ങനെ കുടിയേറിയവരിൽ പല കൊടും കുറ്റവാളികൾ പോലുമുണ്ട്. യൂറോപ്പിലും ഇംഗ്ലണ്ടിലും മറ്റും അഭയാർഥികളായി വന്നവർക്കു കുടിയേറാൻ അനുവദിച്ചതിന്റെ ഫലം ഇന്നവർ അനുഭവിക്കുന്നു. അങ്ങനെ അഭയാർഥികളായി വന്നവർ ഇന്ന് അവരുടെ മതനിയമങ്ങൾ മറ്റുള്ളവരും അനുസരിക്കണമെന്നു പറയുന്നത് കണ്ടു ലോക രാഷ്ട്രങ്ങൾ ഞെട്ടി നിൽക്കുമ്പോൾ നാളെ അമേരിക്കയും അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചേരുമോ എന്ന് അമേരിക്കക്കാർ ഭയപ്പെടുന്നു. കമലാ ഹാരിസ് പ്രസിഡന്റ് ആയാൽ ഇനിയും അനധികൃത കുടിയേറ്റം വർധിക്കുമെന്നവർ കരുതുന്നു.
അഞ്ച്: കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത ടിം വാൾസിൻറെ ട്രാക്ക് റെക്കോർഡും എടുത്തു പറയത്തക്കതായി മേന്മയുള്ളതല്ല. 1989 ൽ ലോക മനസാക്ഷിയെ ഞെട്ടിച്ച ചൈനയിലെ ടിയാന്മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ സമയത്തു അമേരിക്കക്കാരെല്ലാവരും പ്രതിഷേധാർത്ഥം ചൈനയിൽ നിന്ന് പോയപ്പോൾ അവിടെ അധ്യാപകനായിരുന്ന ടിം വാൾസ് ചൈനയിലേക്ക് തന്നെ തിരിച്ചു പോവുകയാണുണ്ടായത്. ചൈനയോട് എന്നും പ്രത്യേക ഒരു മമത സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം.
ആറ്: അബോർഷൻ. സ്ത്രീകളുടെ ശരീരത്തിന്റെ പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീകൾക്കു മാത്രമുള്ളതാണെന്ന കാര്യം തത്വത്തിൽ അംഗീകരിക്കുമ്പോഴും അബോർഷൻ നിരുപാധികം അനുവദിച്ചാൽ അത് കൂടുതൽ ബാധിക്കുന്നത് വെളുത്ത വർഗ്ഗക്കാരുടെ ജനസംഖ്യയെ ആയിരിക്കുമെന്നവർ കരുതുന്നു. അതോടൊപ്പം കത്തോലിക്കാ സഭ അബോർഷനെ അംഗീകരിക്കാത്തതും കമലയ്ക്കു വിനയായി.
ട്രംപിന് അനുകൂലമായ ഈ തരംഗം ഡെമോക്രാറ്റിക് പാർട്ടി ഒട്ടും പ്രതീക്ഷിച്ചതല്ല. പ്രത്യേകിച്ച് മിക്കവാറും സർവ്വേകൾ കമലാ ഹാരിസിന് മുൻതൂക്കം നൽകിയപ്പോൾ. കമലാ ഹാരിസിന്റെ ഈ നയങ്ങളൊന്നും വലിയൊരു വിഭാഗത്തിന് അംഗീകരിക്കാനാവില്ല. ഇന്ത്യക്കാരിൽ പോലും നല്ലൊരു പങ്ക് ട്രംപിന് വോട്ടു ചെയ്യുകയാണ് ഉണ്ടായത്.”
"എന്തായാലും ഞങ്ങൾ ഇത്രയും പ്രതീക്ഷിച്ചില്ല."
"ഇത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെടോ."
"അങ്ങനെ കരുതാം, അല്ലേ?"
________________