Image

ഒളിംപിക്‌സ് 2036: ഇന്ത്യയും രംഗത്ത് (സനില്‍ പി. തോമസ്)

Published on 08 November, 2024
ഒളിംപിക്‌സ് 2036:  ഇന്ത്യയും രംഗത്ത് (സനില്‍ പി. തോമസ്)

2036ലെ ഒളിംപിക്‌സിന് വേദിയാകാന്‍ ഇന്ത്യയും സന്നദ്ധത അറിയിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ആണ് വേദിയൊരുക്കുന്ന നഗരമായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നത്. ന്യൂഡല്‍ഹിക്കു പുറത്ത് ഒരു നഗരം ഒരു മെഗാ കായികമേളയ്ക്ക് ആതിഥേയരാകാന്‍ ഒരുങ്ങുന്നത് ആദ്യമാണ്. 2028ലെ ഒളിപിക്‌സ് ലൊസാഞ്ചലസിലും 2032 ലെ ഒളിംപിക്‌സ് ബ്രിസ്‌ബെയ്‌നിലും നടക്കും. ഒളിംപിക്‌സ് 2036 സംബന്ധിച്ച് പ്രാഥമിക നീക്കങ്ങള്‍ അടുത്ത വര്‍ഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റി തിരഞ്ഞെടുപ്പിനുശേഷമായിരിക്കും നടക്കുക.


ഐ.ഓ.സി.യുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മിറ്റിക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഈ മാസാദ്യം അപേക്ഷ(ലെറ്റര്‍ ഓഫ് ഇൻ്റെൻ്റ്) നല്‍കി. ഐ.ഒ.സി.യുടെ 141-ാം സെഷന്‍ കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ താല്‍പര്യം പരസ്യമാക്കിയിരുന്നു ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യം ഉണ്ട്. ഐ.ഒ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗമായ നിത അംബാനിയുടെ പ്രത്യേക താല്‍പര്യമായിരിക്കണമല്ലോ. ഐ.ഒ.സി സെഷന്‍ മുംബൈയില്‍ നടത്തുവാന്‍ കാരണം. 1983 ല്‍ ന്യൂഡല്‍ഹിയില്‍ ആണ് ഇതിനു മുമ്പ് ഐ.ഒ.സി. സെഷന്‍ നടന്നത്.


ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ ഇന്ന്. സ്വാഭാവികമായും ഒളിംപിക്‌സ് നടത്തുവാന്‍ അര്‍ഹതയുണ്ട്. ഒളിം പിക്‌സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുന്നു എന്നതും ശുഭ സൂചനയായി കണക്കാക്കാം. ടോക്കിയോയും(1964, 2020) സോളും(1988), ബെയ്ജിങ്ങും(2008) ആണ് മുമ്പ് ഒളിംപിക്‌സിന് വേദിയായ ഏഷ്യന്‍ നഗരങ്ങള്‍.

ഇന്ത്യക്കു പുറമെ ഇക്കുറി വേദിയാകാന്‍ താല്‍പര്യമറിയിച്ച് ഔദ്യോഗികമായി രംഗത്തുവന്നവരില്‍ ഏഷ്യയില്‍ നിന്ന് ഇന്തൊനീഷ്യയും ഉണ്ട്. അവരുടെ പുതിയ തലസ്ഥാനമാകുന്ന നുസന്തരയാണ് വേദിയാകാന്‍ ഒരുങ്ങുന്ന നഗരം. ചിലി(സാന്റിയാഗോ), തുര്‍ക്കി(ഇസ്താന്‍ബുള്‍) എന്നിവയും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. താല്‍പര്യം പ്രകടിപ്പിക്കുന്ന 10 രാജ്യങ്ങള്‍ ഉണ്ടെന്നാണ് ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാക്ക് അടുത്തിടെ പറഞ്ഞത്.


മെക്‌സിക്കോ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഖത്തര്‍, ഇംഗ്ലണ്ട് എന്നിവയാണ് തല്‍പരരായ മറ്റു രാജ്യങ്ങള്‍. ലോകകപ്പ് ഫുട്‌ബോളും ലോക അത്‌ലറ്റിക്‌സും നീന്തലുമൊക്കെ വിജയകരമായി നടത്തിയ അനുഭവം ഖത്തറിനുണ്ട്. കൊറിയായിലും ഇംഗ്ലണ്ടിലും, മെക്‌സിക്കോയിലും ഇതിനുമുമ്പ് ഒളിംപിക്‌സ് നടന്നതാണ്. ആഫ്രിക്കയില്‍ ഗെയിംസ് ഇതുവരെ നടന്നിട്ടില്ല എന്നതാണ് ഈജിപ്തിന് അനുകൂലമായ ഘടകം. 2024 ലെ ഒളിംപിക്‌സ് പാരിസിനും 2028ലേത് ലൊസാഞ്ചലസിലും ഒരുമിച്ച് അനുവദിച്ചതുപോലെ സംഭവിച്ചാല്‍ രണ്ടു നഗരങ്ങള്‍ക്ക് ഒരുമിച്ച് പരിഗണന ലഭിക്കും.

ഒളിംപിക്‌സിനു മുന്നോടിയായി യൂത്ത് ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും ശ്രമിക്കാന്‍ ഇന്ത്യക്കു പരിപാടിയുണ്ട്. 1951 ല്‍ പ്രഥമ ഏഷ്യന്‍ ഗെയിംസ് നടത്തിയ ഇന്ത്യ 1982ല്‍ വീണ്ടും ആതിഥേയരായി. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നമ്മള്‍  നടത്തി. മൂന്നിനും വേദി ന്യൂഡല്‍ഹിയായിരുന്നു. പക്ഷേ, 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ചുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കായിക ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. ഗെയിംസ് മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞു എന്നത് സത്യവുമാണ്.
ഒളിംപിക്‌സും ലോകകപ്പുമൊക്കെ പലപ്പോഴും അഴിമതി ആരോപണങ്ങളില്‍പ്പെട്ടിട്ടുണ്ട്. വേദി അനുവദിച്ചതിലും അഴിമതി ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ട്. ഒളിംപിക്‌സ് നടത്തിപ്പ് പല രാജ്യങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാക്കിയിട്ടുണ്ട്. പക്ഷേ, ഒളിംപിക്‌സിനു വേദിയാകാന്‍ കഴിയുക എന്നത് ഒരു നഗരത്തിന്, പ്രസ്തുത രാജ്യത്തിന് അഭിമാനകരമാണ്. ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ രണ്ടാഴ്ചയിലേറെ ആ രാജ്യത്ത്, പ്രത്യേകിച്ച് ആ നഗരത്തില്‍ ആയിരിക്കും.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യം ശ്രദ്ധേയമെങ്കിലും വേദി അനുവദിക്കപ്പെടുക അത്ര എളുപ്പമല്ല. കടമ്പകള്‍ ഏറെയുണ്ട്. ഫ്യൂച്ചര്‍ ഹോസ്റ്റ്‌സ് കമ്മിഷൻ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഐ ഒ .സി. എക്‌സിക്യൂട്ടീവ് ബോര്‍ഡാണ്. നിരീക്ഷക സംഘം എത്തുമ്പോഴേക്കും അടിസ്ഥാന സൗകര്യങ്ങളൊക്കെ ഏതാണ്ടു പൂര്‍ത്തിയായിരിക്കണം. ഗുജറാത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 6,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഗുജറാത്ത് ഒളിംപിക്‌സ് പ്ലാനിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷനും രൂപവല്‍ക്കരിച്ചു. 33 വേദികള്‍ സംബന്ധിച്ചും ധാരണയായിട്ടുണ്ട്. നിര്‍മ്മാണം 2027 ല്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക