കോഴിക്കോട് കടപ്പുറത്തു മനോരമയുടെ സാംസ്കാരികോത്സവമായി ഹോർത്തൂസ് മാറുമ്പോൾ 'ഹോർത്തൂസ്' എന്ന പേരുകൊണ്ട് തന്നെ ഈ ലിറ്റററി ഫെസ്റ്റിവൽ വേറിട്ടതായി മാറുകയായിരുന്നു.
നവംബർ 26നു മുകുന്ദൻസർ പുസ്തകശാല ഉദ്ഘാടനം ചെയ്ത ദിവസമാണ് 'നീലച്ചിറകുള്ള മൂക്കുത്തി' എന്ന എന്റെ നോവലും റിലീസ് ചെയ്തത്. മൂക്കുത്തിയടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് ഹോർത്തൂസിലൂടെ ആദ്യമായി അച്ചടിമഷി പുരണ്ടു ഈ ഭൂമിയിയിലേക്ക് വന്നത്.
ആ ദിവസം മുതൽ ഓരോ നിമിഷവും ഹോർത്തൂസ് എല്ലാവരെയും സഹർഷം സ്വീകരിച്ചു.
പലയിടങ്ങളിൽനിന്നും ഒഴുകിവന്ന പല മനുഷ്യർ....പല കഥകൾ...എഴുത്തുകാരുടെയും വായനക്കാരുടെയും കാണികളുടെയും സർവോപരി പല സംസ്‍കാരങ്ങളുടെയും നിറവിൽ ഓരോ സ്റ്റേജിലും നടത്തപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ!! ഓരോരോയിടങ്ങളിലും വിളമ്പിയ കാലദേശങ്ങൾ താണ്ടിവന്ന രുചിപ്പെരുമകൾ...
ഇന്നത്തെ കാലത്തു വായന ഡിജിറ്റൽ രൂപത്തിലേക്ക് മാറി എന്നു പറയപ്പെടുന്നുണ്ടെങ്കിലും പുസ്തകം എന്നും പുസ്തകം തന്നെയാണ്. പുതിയ പുസ്തകത്തിന്റെ മണവും അവ കൈയിൽ എടുക്കുമ്പോൾ കിട്ടുന്ന ഉത്സാഹവും ഓരോ താളിനും പറയാനുള്ള കഥകളും ഓരോ പുസ്തകത്തിലും അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളും വായനക്കാരുടെ കൈയിൽ എത്തുന്നത് ആദ്യമായി ഒരു പുസ്തകം തൊടുമ്പോൾ തന്നെയാണ്. ആ സൗഭാഗ്യം സ്വന്തമാക്കാൻ ലക്ഷകണക്കിന് മനുഷ്യരാണ് ഹോർത്തൂസിലേക്ക് ഒഴുകിയെത്തിയത്. ഒരു ബിഗ് ബസാറിലേക്കുവന്നു ആവശ്യമുള്ള സാധനങ്ങൾ സഞ്ചിയിലേക്ക് എടുത്തിട്ട് പോകുന്നതിനേക്കാൾ വേഗത്തിലും കരുതലിലും ഓരോരുത്തരും വന്നു പുസ്തകം കണ്ടു!തൊട്ടു!! സ്വന്തമാക്കി!!
എന്നെ സംബന്ധിച്ച് കടൽ പോലെ പുസ്തകസാമ്രാജ്യം കിട്ടിയാൽ മറ്റൊന്നും ഈ ലോകത്തു വേണ്ട എന്ന സ്വാർത്ഥതയോടെ ആ പുസ്തകമണത്തിന്റെ ഇടയിൽ കഥാപാത്രങ്ങളോടുകൂടെ ജീവിച്ചുതീർക്കാൻ മാത്രം പുസ്തകപ്രേമിയാണ് ഞാൻ!!
പക്ഷെ ഞാൻ മാത്രമല്ല ആ ഫന്റാസ്റ്റിക് ഫാന്റസിയുടെ ഉടമ എന്നു അത്ഭുതത്തോടെ മനസിലാക്കുന്നു!!
പുസ്തകം കാണാനായി മാത്രവും അവിടെ മനുഷ്യർ വന്നു എന്നു പറയുമ്പോൾ മനുഷ്യനെ എക്കാലവും ഭ്രമിപ്പിക്കുന്നത് അക്ഷരങ്ങൾ തന്നെയാണെന്ന് നമുക്ക് ബോധ്യമാവുന്നു. കാണാം കേൾക്കാം മിണ്ടാം എന്നത് അന്വർത്ഥമായ ദിവസങ്ങൾ!!
ഇന്നലെ ഹോർത്തൂസ് പുസ്തകശാലയിലേക്ക് അവസാനദിവസത്തിന്റെ അവസാനമണിക്കൂറുകൾ കഴിഞ്ഞിട്ടും സ്നേഹത്തോടെ ആളുകൾ ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഇത്രയും വലിയ ആഘോഷം നടക്കുമ്പോൾ ജനലക്ഷങ്ങളെ നിയന്ത്രിക്കാനും അവർക്കു വേണ്ടത് നൽകാനും ഏവരെയും തൃപ്തിപ്പെടുത്തുവാനും മനോരമ കാണിച്ച അച്ചടക്കവും സംഘാടനവും പ്രത്യേക പ്രശംസയർഹിക്കുന്നു. കോഴിക്കോടിന്റെയും ഹോർത്തൂസിന്റെയും ആതിഥ്യമേറ്റുവാങ്ങാൻ പല ദിവസങ്ങളിലും സാധിച്ചു. ഹോർത്തൂസ് എല്ലാവരെയും ഉൾക്കൊണ്ടു. എല്ലാവരെയും സ്വീകരിച്ചു. കണ്ടു കണ്ടു പെരുകുന്ന കടൽ പോലെ തന്നെ....നമ്മളിൽ ഇത്തിരി സുഗന്ധമുണ്ടെങ്കിലേ അത് അടുത്തുള്ളവരിലേക്ക് വ്യാപിക്കുകയുള്ളൂ. ഹോർത്തൂസ് തുറന്നുവിട്ട പുസ്തകസുഗന്ധം പതുക്കെ ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ഹോർത്തൂസ് ജൈത്രയാത്ര തുടരട്ടെ..