"വീട് നിറയെ കുട്ട്യോളാ ന്റെ കുട്ടപ്പൻ സാറേ... ഇങ്ങനെ പോയാൽ ഒരു നിവർത്തിയും ഇല്ല. തീറ്റിപ്പോറ്റാൻ വല്യ വിഷമമാ...രാത്രി എനിക്ക് ഒരു പൂതി കേറും. പത്താം മാസം അവള് പെറും.. ഇത് തന്നെ പണി " ഗോപാലമ്മാൻ പറഞ്ഞു.
"എന്റെ കൂടെ നാളെ പോര്.. ഒരൊറ്റ എണ്ണം ഇനി ഉണ്ടാകാത്ത വിധം സംഗതി ശരിയാക്കി തരാം." പറയുന്നത് അച്ഛനാണ്.
ഇന്നലെ രാത്രിയിൽ ഇവരെ രണ്ടു പേരെയും സ്വപ്നത്തിൽക്കണ്ട ഞാൻ നടുങ്ങിയുണർന്നു..കൈയിലെ ഇലച്ചീന്തിൽ സ്നേഹം കൂടി ചാലിച്ചു ചേർത്ത കൈപ്പുണ്യമുള്ള മാങ്ങാച്ചമ്മന്തിയുമായി ഇവിടെ വരാറുള്ള ഗോപാലമ്മാനോ, അച്ഛനോ മുന്നിലില്ല.അവർ ഭൂമിയിൽ തന്നെ ഇല്ലാതായിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...പിന്നെ ഉറക്കം കവർന്ന ചിന്തകൾ ചെന്നെത്തിയത് അച്ഛൻ എന്നെ കാത്തു നിന്നിരുന്ന ഓർമ്മ വഴിയോരത്ത്..
ആരോഗ്യവകുപ്പിൽ ജോലി ചെയ്തിരുന്ന അച്ഛൻ ഓഫീസിൽ നിന്നു വരുംവഴി മിക്കവാറും ദിവസങ്ങളിൽ എന്നെയും കാത്ത് നാരായണൻ മൂപ്പരുടെ കടത്തിണ്ണയിലെ കസേരയിൽ മുറുക്കിത്തുപ്പിയോ ബീഡി വലിച്ചോ വിശേഷം പറഞ്ഞിരിക്കുന്നുണ്ടാകും. ഉലയിലേക്ക് ഊതിയൂതി മൂപ്പർ പൊന്നുരുക്കും. അതിൽ ചിലത് വലിയ ഞാത്തുകൾ ആയി എന്റെ കാതിൽ തൂക്കി ഇടാനുള്ളത് കൂടിയായിരുന്നു. അങ്ങനെ വലിയ ഞാത്തിട്ടു നടന്ന് പ്രീഡിഗ്രി രണ്ടാം വർഷം ആയപ്പോൾ എന്റെ തട്ട് കുറഞ്ഞ കാത് കീറിപ്പോയി. പിന്നെ പിറവത്തെ ഗോപിനാഥൻ ഡോക്ടർ ആണത് തുന്നി ചേർത്തത്.
അച്ഛൻ ഹെൽത്ത് ഇൻസ്പെക്ടർ ആയുള്ള പ്രൊമോഷൻ പലവട്ടം നിരസിച്ചു ഹെൽത്ത് അസിസ്റ്റന്റ് ആയി അടുത്തുള്ള ഇടങ്ങളിൽ മാത്രം ജോലി ചെയ്യാൻ ആശിച്ച ആളായിരുന്നു. കാരണം വീട്ടിൽ നിന്നു മാറി നിൽക്കാൻ അച്ഛന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പലരും നിർബന്ധിച്ചു വളരെ വൈകിയാണ് ഒടുവിൽ പ്രൊമോഷൻ സ്വീകരിച്ചു മുക്കം എന്ന സ്ഥലത്തേക്ക് പോയതും അവിടെ 15 ദിവസം നിന്നതിനു ശേഷം അടുത്തേക്ക് ട്രാൻസ്ഫർ വാങ്ങി തിരികെ വന്നതും. കുടുംബാസൂത്രണം ആണ് പ്രവർത്തന മണ്ഡലം എങ്കിലും അച്ഛന് മക്കൾ നാല്. അത് ചോദിച്ചു കളിയാക്കിയാൽ "അതെന്താടോ കുടുംബാസൂത്രണക്കാർക്ക് %₹&₹ അതൊന്നും ഇല്ലേ "എന്ന് ആക്ഷേപഹാസ്യത്തിൽ അല്പം അശ്ലീലം കലർന്ന മറുപടി.
സത്യത്തിൽ ആദ്യം പിറന്ന ഞാൻ ഉൾപ്പെടെ മൂന്ന് പെൺതരികൾക്കൊടുവിൽ ഒരു ആൺതരിയെ കാണാനുള്ള അതിമോഹമായിരുന്നു നാലാമത് ഒരു അനുജൻ ഉണ്ടാകാനുള്ള കാരണം എന്ന് പറയാം.
ഗോപാലമ്മാൻ ഉൾപ്പെടെ നിരവധി പേർക്ക് സന്താന നിയന്ത്രണം വരുത്തി ക്കൊടുത്ത അച്ഛന് ഞങ്ങൾ നാല് മക്കൾ പിറന്നത് അത്ര ശുഭകരമായിരുന്നില്ല. അച്ഛൻ ഉദ്ദേശിച്ച തീരത്തൊന്നും മക്കളുടെ തോണികൾ എത്തിയില്ല.
"വല്യേച്ചിക്ക് എങ്കിലും പറയാൻ മേലായിരുന്നോ എനിക്ക് ഈ പട്ടീടെ പേരിടല്ലേ" എന്ന് നാലാമൻ ടിങ്കു അനുജൻ ഇപ്പോഴും ചോദിക്കുന്നു.
"ഇത് നല്ല പേരാടാ... ടിപ്പു ന്നല്ലേ പട്ടികൾടെ പേര് "
എന്ന് ഞാൻ അപ്പോൾ തമാശ പറയും. രണ്ടു അനുജത്തിമാർ മുൻപേ പറന്നു പോയ പക്ഷികളെ പോലെ വിട വാങ്ങി. ഒറ്റപ്പുത്രനായ അനുജൻ ഒറ്റക്കലം വെച്ചു മുളക്കുളത്തും ഒറ്റക്കലം വെച്ചു വല്യേച്ചി വെള്ളൂരിലും. അവനോ ഞാനോ മറ്റൊരു വീട്ടിലും അന്തിയുറങ്ങില്ല. അല്പം ദുരഭിമാനികൾ...അത് കൊണ്ട് ഞങ്ങളുടെ ഏകാന്ത ജീവിതം സ്വസ്ഥം സുഖം ശാന്തം. ഉള്ള മരണങ്ങൾക്ക് മുഴുവനും "ശേഷം" കെട്ടാനും പിണ്ഡകർത്താവാകാനും വേണ്ടിയാണോ പിറന്നതെന്ന് അവന് തോന്നുമോ എന്ന് ഇടയ്ക്കിടെ എനിക്ക് കണ്ണു നിറയും.
എപ്പോഴോ എവിടെയോ ആരോ വരച്ചിട്ട വഴികളിലൂടെ മാത്രമേ ജീവിതം ചരിക്കു. അല്ലേൽ "നിങ്ങൾ നിങ്ങളുടെ മോൾക്ക് എന്ത് കൊടുക്കും എന്ന് ചോദിച്ച കല്യാണ ആലോചനക്കാരെ "ഇനി മേലിൽ ഇവിടെ ഈ കന്നാലി കച്ചവടത്തിനു വന്നേക്കരുത്" എന്ന് പറഞ്ഞു വിട്ട അച്ഛനെ തേടി പിറ്റേന്ന് ഇവിടുണ്ടായിരുന്ന ആൾ വീണ്ടും വീട്ടിൽ വരില്ലായിരുന്നല്ലോ. എന്തിനേറെ പറയണം അദ്ദേഹം കൊച്ചിൻ ഷിപ് യാർഡിൽ നിന്നു ഈ ഗ്രാമത്തിലെ അത്ര പ്രാധാന്യമില്ലാത്ത കടലാസു കമ്പനിയിലേക്ക് തന്നെ വരില്ലായിരുന്നല്ലോ.
ദാസേട്ടനെ പോലൊരാളുടെ സ്വപ്നവുമായി "കണ്ണും കണ്ണും തമ്മിൽ തമ്മിൽ" മൂളി നടന്ന മെഴുകുതിരി പോലിരുന്ന ഞാൻ ആജാനുബാഹുവായി ആ പാട്ടു സീനിൽ അഭിനയിച്ച ജയൻ സ്റ്റൈൽ ഉള്ള ഒരാളെകണ്ണും മൂക്കും ഇല്ലാതെ പ്രണയിക്കുമായിരുന്നില്ലല്ലോ. അദ്ദേഹം പറഞ്ഞത് അതേ പടി അനുസരിച്ചു ജോലിക്ക് പോകാതെ ഇരിക്കുമായിരുന്നില്ലല്ലോ.
സൂപ്പർ പഠിത്തക്കാരിയെ "ഇനി മതി" എന്ന് വഴി തെറ്റിച്ചു വിടാൻ ഏതു ദൈവത്തിനായിരുന്നോ ഇത്രയ്ക്കു പൂതി.. കാമദേവന് ആയിരിക്കാം.. പുള്ളി കുഴിച്ച കുഴിയിൽ ഞാൻ ചെന്ന് ചാടി. ഇപ്പോഴും ചോദിക്കുന്നുണ്ട് "ഒരു കൂട്ട് വേണേൽ നോക്കാം "എന്ന്. പുള്ളി അല്ലേ ഇതിന്റെ ഒക്കെ ബ്രോക്കർ. എന്നിട്ട് വേണം ഈ വയസ്സ് കാലത്ത് ഉള്ള മനസമാധാനം കൂടി പോകാൻ. മനസ്സിന് ഇണങ്ങിയ ആളെ ഈ പ്രായത്തിൽ കിട്ടാനൊക്കെ വലിയ പാടാണ്.
ഇവിടെകുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും കുന്നെടുത്തു കുഴീൽ ഇട്ടതു പോലെ ആയില്ലേ? ഇനീം കുഴി കുഴിച്ചാൽ കാമനല്ല ദേവനായാലും എടുത്തലക്കും ഞാൻ എന്ന് പറഞ്ഞു നിന്നപ്പോഴാണ് എന്നെ കാണാതെ പോയല്ലോ എന്ന് ഞാൻ ചുറ്റിനും തിരഞ്ഞത്.
ഞാൻ ആമിക്കാട്ടെ കുന്നു കയറി ഇടവഴി കടന്നു തൊണ്ടിലൂടെ ഓടുന്നു... തിരികെ വരുത്താൻ ഇനി ഒരു മാർഗമേ ഉള്ളു.. You ട്യൂബിൽ നിന്ന് ചുറ്റിനും ഒഴുകി പടർന്ന ദാസേട്ടന്റെ "പൗർണ്ണമി ചന്ദ്രിക" കേട്ടാൽ ആ ശബ്ദത്തിനു കാതോർത്താൽ അവൾ തിരികെ ഓടി വരുന്നത് കാണാം ..
കുന്നിറങ്ങി ഇടവഴി താണ്ടി ഇവിടെത്തുന്ന ദൂരത്തിനുള്ളിൽ അവളിൽ നിന്ന് ചിരിക്കുന്ന പാദസരമുത്തുകൾ ഒന്നൊന്നായി അടർന്നു മാറും. അമ്മ പുലർച്ചെ അറ്റത്തു കെട്ടിയ മുടിപ്പിന്നലിലെ കുഞ്ചലങ്ങൾ അഴിഞ്ഞു പോകും. കുപ്പിവളകൾ ഓർമ്മകൾ പോലെ ഉടഞ്ഞു ചിതറും. പാട്ടു തീരും മുൻപ് അവൾ തിരികെ എത്തി നിലക്കണ്ണാടിയിൽ നോക്കിച്ചിരിക്കും.എന്നിട്ട് "മുടി നരച്ചു.. കൺതടം കറുത്തു കവിൾ തുടിപ്പ് മാഞ്ഞൂ "എന്നൊക്കെ വെറുതെ ഇങ്ങനെ പുലമ്പും. "നീയൊന്നു നിർത്തെ"ന്നു ഞാൻ മറുപടി പറയും. പിന്നെ ഫോൺ ക്യാമറ സെൽഫിയിൽ ഊതി വീർപ്പിച്ചു മനുഷ്യരെ പറ്റിക്കുന്ന കവിളുകൾ നോക്കി ചിരിക്കും.
എവിടെ പോയാലും അവൾക്കു തിരിച്ചണയാൻ ഈ ഒരു കൂടു മാത്രമല്ലേ ബാക്കിയുള്ളു എന്ന് ഓർമ്മിപ്പിക്കും. ഏതു നിമിഷവും ഒടിയാവുന്ന ചില്ലത്തുമ്പിലെ മൗനത്തിന്റെ കിളിക്കൂട്. എന്നോ മക്കളെ താരാട്ടു പാടി ഉറക്കിയ ഓർമ്മ ത്തൊട്ടിലുകൾ. അവർ ചിറകു വിരിച്ച് പറന്നു പോയപ്പോൾ ശൂന്യമായ അമ്മക്കിളിക്കൂട്. പച്ചപ്പാർന്ന ഒരു താഴ്വരയിൽ നിന്നു വേരറ്റു പോയ മോഹപ്പച്ചകൾ. ഇനി ആർക്കും കൂട്ടി ചേർക്കാനാകാത്ത വിധം ഒരാൾ ബാക്കി വെച്ച ശൂന്യതയിൽ പലതായി വിഭജിക്കപ്പെട്ടു പോയ" മാതൃസ്മൃതി" യിലെ ജീവിതാകാശം. എന്നൊക്കെ അല്ലാതെ ഇനി മറ്റെന്ത് പറയാൻ. തമാശ പറഞ്ഞു തുടങ്ങി ഇങ്ങനെ ഒരു ജീവിതാകാശം കാണിച്ചു തന്നതിന് മടുപ്പിച്ചതിനു സോറി.