മണ്ണാങ്കട്ടയായെങ്ങോ കിടന്നോരെന്നെയൊരു
പൊന്നാങ്കട്ടയായ്, തങ്കക്കട്ടയായ് മാറ്റി കാലം!
കാലത്തിൻ അദൃശ്യമാം മാന്ത്രിക ഹസ്തങ്ങളെൻ
കോലമേ മാറ്റി തന്റെ ശിൽപ്പ ചാതുരി കാട്ടി!
അജ്ഞാന തിമിരാന്ധ,നായി ഞാൻ അലയുമ്പോൾ
വിജ്ഞാന പ്രഭ ചൊരിഞ്ഞുജ്വലനാക്കിയെന്നെ!
നൻമ തിൻമകൾ, അതിൻ അന്തരം, പരിണാമം
കർമ്മത്തിലധിഷ്ഠിത മെന്നെന്നെ പഠിപ്പിച്ചു!
അതിലെൻ വ്യക്തിത്വവും ദൃശ്യമായ് സമ്പൂർണ്ണമായ്
അതിലൂടല്ലോ ഞാനീ ലോകത്തെ അറിഞ്ഞതും!
കർമ്മത്തിൻ, സനാതന ധർമ്മത്തിൻ വൈശിഷ്ട്യവും
മർമ്മമാം മനുഷ്യത്വ ഭാവവും ഗുണങ്ങളും!
പർവ്വത സമാനമാം ആത്മാഭിമാനം സർവ്വം
പാർവ്വണബിംബം പോലെ ദൃഷ്ടിഗോചരമായി!
സർവ്വദാ ഭഗവാനിൽ ലിനമാം സമചിത്തം
സർവ്വവും കാലാന്തരേ, പ്രത്യക്ഷ സത്യങ്ങളായ്!
അവിശ്വസനീയമായ്, തോന്നും പോലെന്നുള്ളിലെ
കവിയും, ലേഖകനും തുല്യമായ് പ്രകടമായ്!
വാഗ്ദേവതയുടെ നിർല്ലോഭ കടാക്ഷവും
നിർഗ്ഗുണൻ ഭഗവാന്റെ നിസ്തുല കാരുണ്യവും,
സർവ്വവും സമന്വയിച്ചാത്മാഭിമാനം തോന്നും
ഗർവ്വമേയേശാ പൊന്നാങ്കട്ടയായ് മാറ്റി, യെന്നെ!
ആത്മവിശ്വാസം ഒപ്പം അശ്രാന്ത പരിശ്രമം
ആത്മീയ, മെല്ലാം പൊന്നാങ്കട്ട തൻ ഘടകങ്ങൾ!
-----------------------------