Image

ജോണ്‍ ലൂയിസ് എന്ന പൊതുപ്രവര്‍ത്തകന്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 41- സാംസി കൊടുമണ്‍)

Published on 12 November, 2024
ജോണ്‍ ലൂയിസ് എന്ന പൊതുപ്രവര്‍ത്തകന്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 41- സാംസി കൊടുമണ്‍)

അരുതാത്ത അഞ്ചുകാര്യങ്ങള്‍:

1. നിങ്ങളെ അപമാനിച്ചാല്‍, തിരിച്ചടിക്കുകയോ, പുലഭ്യം പറയുകയോ ചെയ്യരുത്.

2. ആരേയും കളിയാക്കി ചിരിക്കാതിരിക്കുക.

3. അനാവശ്യമായി ആരോടും സംസാരിക്കാതിരിക്കുക.

4. നിങ്ങളൂടെ നേതാവ് പറയുന്നതുവരെ നിങ്ങളുടെ ഇരിപ്പടത്തില്‍ തന്നെ ഉണ്ടായിരിക്കുക.

5. കടയുടെ വാതിലോ അകത്തെ നടപ്പാതകളോ തടസപ്പെടുത്തരുത്.

അനുവര്‍ത്തിക്കേണ്ട അഞ്ചുകാര്യങ്ങള്‍:

1. വിനയത്തോട് സൗഹൃദം കാണിക്കുക.

2. കൗണ്ടറിനഭിമുഖമായി നിവര്‍ന്നിരിക്കുക.

3. എല്ലാ അനിഷ്ട സംഭവങ്ങളും നിങ്ങളുടെ ഗ്രൂപ്പ് ലീഡറിനെ അറീയ്ക്കുക.

4. സമരത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വിനയം വിടാതെ ഗ്രൂപ്പ് ലീഡറിന്റെ അടുത്തേക്ക് വിടുക.

5. ഏറ്റവും പ്രധാനമായി നിങ്ങള്‍ ഓര്‍ക്കേണ്ടത് ജീസസ് ക്രൈസ്റ്റിന്റെ വചനങ്ങള്‍ക്കൊപ്പം, മഹാത്മാ ഗാന്ധിയും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും പഠിപ്പിച്ച സ്‌നേഹത്തിന്റേയും അഹിംസയുടേയും വഴികള്‍.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.!

ആ സര്‍ക്കുലറിന്റെഅഞ്ഞൂറു കോപ്പികള്‍ എടുക്കാന്‍ ബര്‍നാഡിനൊപ്പം മറ്റു ചില സുഹൃത്തുകളും ഉണ്ടായിരുന്നുവെന്ന് ജോന്‍ ലൂയിസ് ഓര്‍ക്കുന്നു. ഒപ്പം പിറ്റെദിവസ്‌ത്തെ സമരത്തിനു പോകുന്നതിനു മുമ്പുള്ള പ്രസംഗത്തില്‍ വില്‍ ക്യാമ്പല്‍ എന്ന വെള്ളക്കാരനായ മിനിസ്റ്റര്‍ - കറുത്തവരെ സഹായിക്കുന്ന കുറെ വെളുത്തവരുടെ ഇടയില്‍ അറിയപ്പെടുന്നയാള്‍. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, മിസ്സപ്പിയിലെ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ഒളിച്ചോടിയത്, ഒരു കറുത്ത തൂപ്പുകാരനുമായി പിങ്ങ് പോങ്ങ് എന്ന കളിയില്‍ ഏര്‍പ്പെട്ടതിന്. തൊട്ടുകൂടത്തവനോടൊപ്പം സഹകരിച്ചതിനുള്ള പ്രഷ്ടിനെ (അസ്പൃശ്യത) മറികടക്കാനായി ടെന്നസിയിലേക്ക് ഒളിച്ചോടി, ഇവിടെ കറുത്തവന്റെ അവകാശ സമരങ്ങളില്‍ പങ്കെടുക്കുന്ന ചുരുക്കം ചില വെള്ളക്കാരില്‍ ഒരുവനായി, കറുത്ത വംശജര്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്ന ഒരുവനായി- അറസ്റ്റും, കലാപവും ഉണ്ടാകുമെന്ന ക്യാമ്പലിന്റെ മുന്നറിപ്പിനു മുന്നിലും പതറാതെ സമരക്കാര്‍ ജാഥയായി സ്റ്റോറുകളെ ലക്ഷ്യം വെച്ചു. ഇപ്പോള്‍ പതിവിലും കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. കാഴ്ച്ചക്കാരായവര്‍ ഉന്തിയും തള്ളിയും, കൂക്കുവിളിച്ചും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വെറും ആള്‍ക്കൂട്ടമല്ലെന്നും മറ്റെന്തൊക്കയോ അവരുടെ ഉള്ളില്‍ ഉണ്ടന്നും തിരിച്ചറിഞ്ഞു. ഏറയും ചെറുപ്പക്കാരായിരുന്നു.

ഇതുവരെ കളരിയില്‍ പഠിച്ച പാഠങ്ങളുടെ പരീക്ഷാ സമയം സമാഗതമായി എന്ന തിരിച്ചറിവ് സ്റ്റോറില്‍ കയറുന്നതിനു മുമ്പേ ബോദ്ധ്യമായിരിക്കുന്നു. എത്രപേര്‍ക്ക് നോണ്‍വയലന്‍സില്‍ ഉറച്ചു നില്‍ക്കാനും, പീഡനങ്ങളെ ഏറ്റുവാങ്ങാനും കഴിയും... വരട്ടെ....സമയം ഉത്തരം തരുമെന്ന ചിന്തയിലും ഉള്ളില്‍ സന്തോഷമായിരുന്നു. തങ്ങള്‍ ആഗ്രഹിച്ചപോലെ അവര്‍ പ്രതികരിക്കാന്‍ മുന്നോട്ടുവന്നത് സമരം അവരെ ബാധിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ്. ഇനി ഒരു തിരിച്ചു പോക്കില്ല. മനസ്സിനെ ഉറപ്പിച്ചു. വ്യൂള്‍വര്‍ത്തിന്റെകവാടത്തില്‍ തന്നെ ഒരു കൂട്ടം ക്ലാന്‍ യുവാക്കള്‍ ഞങ്ങളെ അധിഷേപങ്ങളുടെ ആര്‍പ്പുവിളിയാല്‍ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. 'ഗോ ബാക്ക് നിഗ്ഗര്‍..! ആഫ്രിക്കയിലേക്ക് തിരിച്ചു പൊയ്ക്കോ'എന്തോരൗദാര്യം... തലമുറകളായി ചങ്ങലയില്‍ ഇട്ട് പണിയെടുപ്പിച്ച്, നേടേണ്ടതെല്ലാം നേടി, തങ്ങളുടെ നാടും, സംസ്‌കാരവുംതങ്ങളില്‍ നിന്നും അകറ്റിയവര്‍, തങ്ങളുടെ തലമുറകളില്‍ പോലും കലര്‍പ്പു വിതച്ചവര്‍ ഇപ്പോള്‍ പറയുന്നു; ഇനി ഞങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യമില്ല....നിങ്ങള്‍ക്ക് പോകാം. അവര്‍ തരുന്ന സ്വാതന്ത്ര്യം...! പക്ഷേ എങ്ങാട്ടു പോകും... ആരോരുമില്ലാത്ത, അറിയപ്പെടാത്ത ഒരു നാട്ടിലേക്കെന്തിനു പോകണം.ഇതാണു ഞങ്ങളുടെ നാട്...ഞങ്ങള്‍ ജനിച്ചു വളര്‍ന്ന നാട്.നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും തുല്ല്യ അവകാശവും തുല്ല്യനീതിയുമാണു വേണ്ടത്. അവര്‍ നേരിട്ടു വെല്ലുവിളിക്കുന്നു. 'നീയൊക്കെ എന്താടാ അടക്കോഴികളോ... വരു ചുണക്കൂട്ടന്മാരെങ്കില്‍ വരിനെടാ...' അവര്‍ യുദ്ധത്തിനൊരുങ്ങി വന്നവര്‍ എന്നു ബോദ്ധ്യമായതിനാല്‍ അവരുടെ പ്രലോഭനത്തിനു വഴങ്ങാതെ താഴത്തെ നിലയിലും, മുകളിലത്തെ നിലയിലുമായി ഇരിക്കേണ്ടവര്‍ഇരിപ്പിടങ്ങള്‍ തേടി. മുകള്‍ നിലയിലെ ഇരിപ്പിടങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവര്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴേക്കും താഴത്തെ ഇരിപ്പിടങ്ങളില്‍ ഇരുന്നവരെ പിടിച്ചു തള്ളാനും വലിച്ചു താഴെയിടാനും, തറയില്‍ വീണവരെചവിട്ടാനും തൊഴിക്കാനും,നേരത്തെ കവാടത്തില്‍ അധിക്ഷേപങ്ങളാല്‍ സ്വീകരിച്ചവര്‍ തുടങ്ങിയപ്പോള്‍, മുകള്‍ നിലയില്‍ നിന്നും ലൂയിസും കൂട്ടരും താഴെക്കുള്ള പടികളിറങ്ങി, വീണുകിടക്കുന്ന സമരക്കാര്‍ക്ക് ചുറ്റും പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം അവര്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ആരോ ജോണ്‍ ലൂയിസിന്റെ വാരിയെല്ലു തകരുമാറ് ഇടിച്ച ഇടിയില്‍ തറയില്‍ വീണുപോയി. ആ കിടപ്പില്‍ കണ്ട കാഴ്ചതികച്ചും അവിശ്വസനിയമായിരുന്നു.ഒരുവന്‍ കത്തിയ സിഗരറ്റുകൊണ്ട് ഒരു സമരസേനാനിയെ കുത്തി പൊള്ളിക്കുന്നു. അയാള്‍ ചിലപ്പോള്‍ അടിമത്തോട്ടങ്ങളിലെ ജീവിതം പുനഃര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ...?ലൂയിസ് അപ്പോള്‍ ചോദിക്കാത്ത ചോദ്യം ആന്‍ഡ്രു സ്വയം ചോദിച്ചു.

മറുത്തൊന്നും പറയാതെ, പ്രതികരിക്കാതിരുന്ന സമരക്കാരോട് ലൂയിസ് മനസ്സുകൊണ്ട് നന്ദിപറഞ്ഞിട്ടുണ്ടാകും. കാരണം ഒരോ ദിവസം അഹിംസാ പ്രസ്ഥാനത്തിന്റെ പരീക്ഷണശാലയില്‍ ആയിരുന്നവര്‍. അല്ലെങ്കില്‍ ക്രിസ്തുമാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍. ആയുധം ഇല്ലാത്തവനെ തല്ലുന്നവന്‍ സ്വയം ലജ്ജിതനാകും. അതാണു ക്രിസ്തു പറഞ്ഞത് വലതു കരണത്തടിക്കുന്നവന് ഇടതു കരണവും കാണിച്ചു കൊടുക്കാന്‍. ഗാന്ധി അതു കാണിച്ചു. അതു ഭീരുവിന്റെ ലക്ഷണമല്ല. ഏറ്റവും ധീരനെ അങ്ങനെ ചെയ്യാന്‍ കഴിയുകയുള്ളു. മനസ്സിനെ ജയിക്കുന്നവന്റെ ആയുധമാണ് നോണ്‍വയലന്‍സ്. പോലീസ് സമാധാനപരമായിസമരം ചെയ്തവരെ അറസ്റ്റു ചെയ്തപ്പോള്‍, ഗുണ്ടകള്‍ ചുറ്റും നിന്നു ചിരിക്കുകയായിരുന്നു. പോലീസ് ഒറ്റക്കയ്യില്‍ മുറുകെപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, അമ്മയുടെ മുഖവും ശബ്ദവും ഓര്‍മ്മയില്‍. അവരെ സംബന്ധിച്ച് പോലീസും, അറസ്റ്റും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഉള്ളതാണ്.'നാണക്കേട്...അപമാനകരം...' അമ്മ അങ്ങനെ പറയുമ്പോലെ. അവരുടെ പഴമനസ്സിന് തുല്ല്യനീതി എന്തെന്നു തിരിച്ചറിയുന്നുണ്ടാവില്ല....പക്ഷേലൂയിസ് അഭിമാനത്തോടെയാണ്, പോലീസൊരിക്കിയ, ഫാമില്‍ കൃഷിക്കുപയോഗിക്കുന്ന വാഗണില്‍ കയറിയത്. വഴിയില്‍ തങ്ങള്‍ക്ക് ജയ് വിളിക്കുന്ന ചെറുതല്ലാത്ത ആള്‍ക്കൂട്ടത്തിന്റെആവേശത്തില്‍ അഭിമാനം പൂണ്ട് തങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടില്ല എന്ന വിശ്വാസത്തില്‍ ജയിലിലേക്ക് പോയി. മറ്റിടങ്ങളിലെ സമരക്കാര്‍ക്കും നല്ലപോലെ മര്‍ദനം ഏറ്റിരുന്നു. അന്നു വൈകിട്ടത്തെ നാഷണല്‍ ടിവിയില്‍ സമരവാര്‍ത്തയും, സമരക്കാരുടെ നേരെ നടന്ന അതിക്രമങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകളും അമേരിയ്ക്കമുഴുവന്‍ കണ്ടു.അതൊരു പൊതുവികാരം സൃഷ്ടിക്കുമെന്നുറപ്പുണ്ടായിരുന്നു. സമരങ്ങളുടെ പരമ്പരയുടെ തുടക്കമായിരുന്നത്.

അമ്പതു ഡോളര്‍ ഫൈന്‍ അടച്ച് കേസില്‍ നിന്നും വിമുക്തി നേടാമെന്ന് ജഡ്ജി വിധിച്ചു. അല്ലെങ്കില്‍ മുപ്പതു ദിവസത്തെ ജയില്‍. എല്ലാവരുംജയില്‍ എന്ന തീരുമാനത്തില്‍ എത്തി. ഡയാന്‍ എല്ലവര്‍ക്കും വേണ്ടി കോടതിയെ തീരുമാനമറിച്ചു. ' ഈ അനീതിയെ പ്രോല്‍സാഹിപ്പിക്കുന്ന നീതിപീഠത്തോട് പ്രതിക്ഷേതിക്കുന്നതിനാല്‍ ഈ ഫൈന്‍ അടക്കുന്നതിനു പകരം ഞങ്ങള്‍ ജയില്‍ സ്വീകരിക്കുന്നു.' എത്ര ശക്തമായ തീരുമാനം. ഉള്ളില്‍ സഹനത്തിന്റെ ബലമുള്ളവര്‍ക്കെ അങ്ങനെ പറയാന്‍ കഴിയു.ഞങ്ങള്‍ ജയിലില്‍ ആയെങ്കിലും സിറ്റോണ്‍ സമരങ്ങള്‍ സിറ്റിയുടെ പലഭാഗങ്ങളിലും തുടരുകയും കൂടുതല്‍ അറസ്റ്റുകള്‍ നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൂന്നാം ദിവം സിറ്റി മേയര്‍ ഇടപെട്ട് ഞങ്ങളെ ജയില്‍ മുക്തരാക്കി.പിന്നീട് സംഭവബഹുലമായ ദിവസങ്ങള്‍ ആയിരുന്നു. മേയര്‍ കടയുടമകളുമായി പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കും വേണ്ടത്ര പുരോഗതി ഇല്ല എന്നുറപ്പയപ്പോഴാണ് ഡൗണ്‍ ടൗണിലെ കടകള്‍ ബഹിഷ്‌കരിക്ക എന്ന ആശയത്തില്‍ എത്തിയത്. ആ ആശയം എവിടെ ആരു പ്രചരിപ്പിച്ചു എന്നറിയില്ല. ചര്‍ച്ചുകള്‍ വഹിച്ച പങ്ക് വലുതായിരുന്നു എന്നു കാണാതിരുന്നിട്ടു കാര്യമില്ല. ഒരു വര്‍ഷത്തില്‍ കറുത്തവര്‍ അവിടെയുള്ള കടകളില്‍ ചിലവാക്കുന്നത് 60 മില്യണ്‍ ആണ്. അതൊരു ചെറിയതുകയല്ല. വെളുത്തവരും, കറുത്തവര്‍ക്കൊപ്പം ആ ബഹിഷ്‌കരണ സമരത്തിന്റെ ഭാഗം ആയി. ചില വെളൂത്ത സ്ത്രീകള്‍, കടകള്‍ അനുവദിച്ച ക്രെടിറ്റ് കാര്‍ഡുകള്‍ തിരികെക്കൊടുത്ത് കറുത്തവരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. എന്നിട്ടും മേയറുടെ കമ്മറ്റിയിലെ ഭൂരിപക്ഷം; കടകളില്‍ പ്രത്യകം കൗണ്ടറുകള്‍ തുറക്കാം എന്ന തീരുമാനവുമായി ഒത്തുതീര്‍പ്പിനുവന്നപ്പോള്‍ അവര്‍ക്ക് ഈ സമരത്തിന്റെ ആത്മാവെന്തെന്നു മനസ്സിലായിട്ടില്ല എന്നുറപ്പായി.പൂര്‍ണ്ണമായ സമത്വം എന്നതിലപ്പുറം ഒരൊത്തുതീര്‍പ്പിനും തായ്യറല്ല എന്ന തീരുമാനം ആവര്‍ത്തിച്ച് അടുത്ത കുത്തിയിരുപ്പു സത്യഗ്രഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇറങ്ങി.

തിങ്കളാഴ്ച ഒരു സമര അനുഭാവി ആയ ലൂബിയുടെ വീടുനു നേരെയുണ്ടായ ബോംബാക്രമണം സംഭവങ്ങളെ മറ്റൊരു വിഴിത്തിരുവിലാക്കി. ലൂബിയുടെ വീട് മൊത്തമായി പോയതിനൊപ്പം അടുത്തുള്ള ഹോസ്പറ്റലിന്റെ 147 ജനാലകള്‍ തകര്‍ത്ത ബോംബ് ആരേയും പ്രത്യകം ലക്ഷ്യം വെച്ചിട്ടുണ്ടാകില്ല. പ്രതീകാത്മകമായ കറത്തവനു നേരെയുള്ള പ്രതിക്ഷേധം എന്നതായിരിക്കാം ശരി. ആര്‍ക്കും ജീവാപായം ഒന്നും ഉണ്ടായില്ലെങ്കിലും, ആ ബോംബ്, സമരത്തിനു നല്‍കിയ ഊര്‍ജ്ജം ചെറൂതൊന്നും ആയിരുന്നില്ല.. ഉച്ചയോടുകൂടി രണ്ടായിരത്തോളം വരുന്ന കോളേജു കുട്ടികളും നാട്ടുകാരും ചേര്‍ന്ന് നാഷ്‌വില്ല് നഗരത്തിലൂടെ പത്തു മൈയില്‍ നടന്ന് മേയറുടെ ഓഫിസിലേക്കുള്ള പ്രകടനത്തില്‍ ഏകദേശം അയ്യായിരം പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാകും. ജാഥ സമാധാനപരമായിരുന്നു.മേയര്‍ വെസ്റ്റ് പറഞ്ഞു: ' നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ സിറ്റിയെ ചുട്ടുകരിക്കാം. നിങ്ങള്‍ക്ക് അതിനുള്ള ആള്‍ബലമുണ്ടെന്നു ഞന്‍ കരുതുന്നു. ദയവായി നിങ്ങള്‍ സംയമനം പാലിക്കണം. ഇവിടുത്തെ അയിത്തം ഇല്ലാതാക്കാന്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ പറ്റുമോ...? ഇവിടെയുള്ള കടക്കാരും സമ്മതിക്കണ്ടെ.... നമ്മളെല്ലാം ക്രിസ്ത്യന്‍ എന്നിരിക്കെ നമുക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം...'

ആരോ ഒരു വിദ്യാര്‍ത്ഥി ഇടയില്‍ കടന്നു ചോദിച്ചു; 'എന്നാല്‍ പകരം നമുക്ക് ഒന്നിച്ചിരുന്നാഹാരം കഴിച്ചുകൂടെ...' അതൊരിക്കലും പ്രതീക്ഷച്ച ചോദ്യം ആയിരുന്നില്ല.

അപ്പോള്‍ ഡയാന്‍ കരുതിവെച്ചിരുന്ന ചോദ്യങ്ങള്‍ മേയറോടായി ചോദിച്ചു: ' താങ്കളുടെ അധികാര പരിധിയില്‍ ഇവിടെയുള്ള എല്ലാവരോടും സെഗ്രിഗേഷന്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കാന്‍ താങ്കള്‍ തയ്യാറാണോ? '

'ഞാന്‍ എല്ലാ പൗരന്മാരോടും വിഭാഗിയതയും, അസഹിഷ്ണതയും, തരം താഴ്ത്തലും, വെറുപ്പും ഒഴിവക്കാന്‍ ആവശ്യപ്പെടുന്നു.' മേയര്‍ പറഞ്ഞു.

''താങ്കള്‍ പറഞ്ഞതില്‍ ലഞ്ച് കൗണ്ടറും ഉള്‍പ്പെടുമല്ലോ?' ഡയാന്‍ ഒന്നുകുടി ഉറപ്പിക്കാനായി ചോദിച്ചു.

മേയര്‍ എന്തു പറയും എന്നറിയാതെ ഒന്നു തെന്നിപ്പറഞ്ഞു; 'കുട്ടി ഞാന്‍ ഏഴുവര്‍ഷം മുന്നെ എന്റെ ഓഫീസില്‍ ചാര്‍ജെടുക്കുന്നതിനു മുമ്പേ പന്തിഭോജനം നടത്തിയവനാ... എനിക്കു കുഴപ്പമൊന്നുമില്ല...? ഡയാനുവേണ്ട ഉത്തരം അതായിരുന്നില്ല. അവര്‍ ചോദിച്ചു;'മേയര്‍താങ്കള്‍ ഇവിടെയുള്ള എല്ല ഭക്ഷണശാലകളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കാനുള്ള ഉത്തരവിറക്കുമോ...'

'തീര്‍ച്ചയായും...' മേയര്‍ പറഞ്ഞ ബാക്കി ഭാഗം 'കടക്കാര്‍ സമ്മതിക്കുമെങ്കില്‍ എന്ന ഭാഗം ആരും കേട്ടില്ല. ജനം കയ്യടിയാല്‍ സന്തോഷം പ്രകടിപ്പിച്ചു.പിറ്റെ ദിവസത്തെ പത്രങ്ങളുടെപ്രധാന വാര്‍ത്ത അതായിരുന്നു.'പൊതു ഭക്ഷന ശാലകള്‍...

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നാഷ്വ്‌വില്ലില്‍ വന്നു പ്രസംഗിച്ചു.“ഞാന്‍ ആരേയും പ്രചോദിപ്പിക്കാന്‍ വന്നതല്ല പിന്നയോ നിങ്ങള്‍ നടത്തിയ ഐതിഹസ്യമായ സമരത്തിന്റെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ വന്നതാണ്. ഇത്രയും ചിട്ടയോടും, നിഷ്ടയോടും നടത്തിയ സമരങ്ങള്‍ രാജ്യ ചരിത്രത്തില്‍ വേറെ ഉണ്ടാവില്ല.” ഇതു പറഞ്ഞപ്പോള്‍, ഇതിന്റെ സംഘാടകരില്‍ ഒരാളായ ജോണ്‍ ലൂയിസിനും അഭിമാനത്തിനു വകയുണ്ട്.

“അസത്യത്തിനു നീണ്ടനാള്‍ ജീവിക്കാന്‍ കഴിയില്ല. നമ്മള്‍ പ്രത്യാശയില്ലാത്തവരാകരുത്. ലോകം നമ്മോടൊപ്പമാണ്. കുട്ടികളെ നമുക്കൊന്നിച്ചു നടക്കാം. ഒരിയ്ക്കലും ക്ഷിണിതരാകരുത്.” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ ചെവികളീല്‍ മുഴങ്ങിയപ്പോള്‍ രണ്ടുവര്‍ഷം മുമ്പ് അദ്ദേഹത്തെ പോയി കണ്ട കാര്യം ജോണ്‍ ലൂയിസ് ഓര്‍ത്തു.ഒരു വലിയ മനുഷ്യന്‍...ഇനി നടക്കാനുള്ള ദൂരമത്രയും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.

എന്തിനിത്ര വിശദമായി ജോണ്‍ ലൂയിസിന്റെ ചരിത്രം വായിക്കുന്നു.ആന്‍ഡ്രു സ്വയം ചോദിച്ചു. നാളെ റീനയോടും കൂട്ടരോടും കഥപറയാന്‍ ഇത്ര വിശദാംശങ്ങള്‍ വേണ്ടായിരിക്കും. പക്ഷേ ഇത് താന്‍ കൂടി ജീവിച്ച ഒരു കാലത്തിന്റെ കഥയാണല്ലോ എന്ന തിരിച്ചറിവ് കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്നു. താന്‍ ജീവിക്കുന്ന ഒരു കാലത്തും നീതിക്കുവേണ്ടി പോരാടിയവര്‍...അവരെ അറിയണം. ജോണ്‍ ലൂയിസ് നയിച്ച അല്ലെങ്കില്‍ പങ്കെടുത്ത വലിയ സമരങ്ങളുടെ താളുകളിലേക്കുള്ള യാത്രയില്‍ കണ്ണുകള്‍ അടയുന്നു. ഇനി നാളെ... ആന്‍ഡ്രു ഉറങ്ങാന്‍ കിടന്നു.

ആന്‍ഡ്രു ഉറക്കത്തില്‍ സ്വപ്നത്തില്‍ എന്നപോലെ പലരാജ്യങ്ങളിലെ ചരിത്രങ്ങള്‍വായിച്ചു. അന്നത്തെ ഇന്ത്യ എന്തായാലും അമേരിയ്ക്കയെക്കാള്‍ മാനവികമൂല്യങ്ങള്‍ക്ക് വിലകൊടുത്തിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ആയിപ്പോയ ദളിതര്‍ക്ക് വോട്ടവകാശത്തിനോ, യാത്രചെയ്യുന്നതിനോ, ആഹാരം കഴിക്കുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ വിവേചനം ഉണ്ടായിരുന്നുവോ...? വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളിലൊക്കെ ചിലഗ്രാമങ്ങളില്‍ ഉന്നതകുലജാതര്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത് കണ്ടില്ലെന്നു നടിക്കണ്ട.പക്ഷേ അമേരിയ്ക്കയുടെ ചരിത്രം അങ്ങനെ ആയിരുന്നു എന്ന് ഒരിക്കലും അറിയില്ലായിരുന്നു. ലോകത്തിലെ ഒന്നാം സ്ഥാനത്തിനുള്ളില്‍ വിവേചനത്തിന്റെ മതില്‍ക്കെട്ടോ. ആണുബോംബുള്ള രാജ്യം. ചന്ദ്രനില്‍ കാലുകുത്തിയ രാജ്യം.സമ്പന്നരായ ജങ്ങളുടെ രാജ്യം. പിച്ചക്കാരില്ലാത്ത രാജ്യം. എന്തിനും ഏതിനും ലോകം അമേരിയ്ക്കയിലേക്കു നോക്കുമ്പോള്‍, ഇവിടെ ഒരു വിഭാഗം ജനം അനുഭവിച്ച അടിമത്വം തുടരുകയായിരുന്നുവെന്ന് ആരറിഞ്ഞു. ജോണ്‍ ലൂയിസിന്റെ ജീവചരിത്രം അമേരിയ്ക്കന്‍ ചരിത്രത്തിലേക്കൊരെത്തിനോട്ടം എന്നതിലുപരി അതൊരു നേര്‍ രേഖയാണല്ലോ എന്നോര്‍ത്ത് ആന്‍ഡ്രു കിടക്കയില്‍ തിരിഞ്ഞുമറിഞ്ഞു. നാളത്തെ പഠനക്കളരിയില്‍ ജോണ്‍ ലൂയിസിനെക്കുറിച്ചു പറയാം എന്നാണു പറഞ്ഞിട്ടുള്ളത്...പക്ഷേ എന്തെങ്കിലും പറയാന്‍ കഴിയുമോ എന്നറിയില്ല.ഇനിയും എന്തൊക്കയോ അറിയാനുണ്ട്... അമേരിയ്ക്കന്‍ സിവില്‍ റൈറ്റ് മൂവ്‌മെന്റിനെക്കുറിച്ച് ഇനിയും അറിയാതെ ആ കഥ എങ്ങനെ പറയും.നാളെ റീന പറയട്ടെ...അവര്‍ക്ക് കുറെയൊക്കെ അറിയാമായിരിക്കും. റീനയുടെ കഥയില്‍ സ്ഥലവും, കാലവും ക്രിത്യമായിരിക്കില്ല...ഒരു ചരിത്രകാരനിലെ ആ ക്രിത്യത കാണുകയുള്ളു. സാധാരനക്കാര്‍ക്ക് എന്തു ചരിത്രം... അവര്‍ക്കെല്ലാം കഥകളാണ്...അതെ കഥകള്‍....!

ജോണ്‍ ലൂയിസിന്റെ കഥയിലെ ചിലതെല്ലാം വീണ്ടും കാണുന്നപോലെ... സ്വപ്നത്തില്‍ ആയിരിക്കാം. 1960 കളിലെ സമരവേലിയേറ്റങ്ങളില്‍ മുങ്ങിപ്പോയ ജോണിനെ വീട്ടുകാര്‍ തള്ളിപ്പറയാന്‍ തുടങ്ങിയത് ചിലപ്പോള്‍ ഭയന്നിട്ടാകാം. പോലീസും, അറസ്റ്റും, കോടതിയും, ജയിലും ഒന്നും അവരുടെ സാധാരണ ജീവിതത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമാണ്. മകനെ പോലീസ് അറസ്റ്റു ചെയ്തു എന്നു പറഞ്ഞാല്‍ അവന്‍ പിന്നെ സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവനാണ്. കുറ്റവാളിയാണ്. അതായിരുന്നു അമ്മയുടെ ചിന്ത. എന്റെ മകന്‍ നഷ്ടപ്പെട്ടുപോയല്ലൊ എന്നവര്‍ അച്ഛനൊപ്പം ഇരുന്നു വിലപിക്കുമ്പോള്‍ സഹോദങ്ങള്‍ ഒന്നും അറിയാത്തവരെപ്പോലെ അതവനെ മാത്രം ബാധിക്കുന്ന എന്തോ ഒന്ന് എന്നു മാത്രമേ കരുതിട്ടുണ്ടാകുള്ളു. എന്നാല്‍ ജയിലില്‍ എന്നു കേട്ടപ്പോള്‍ എന്തോ ഭീകരമായതു സംഭവിച്ചു എന്നവര്‍ കരുതി. ജയില്‍ കുറ്റവാളികളുടെ ഇടം എന്ന പൊതുധാരണ ഉണര്‍ത്തുന്ന ബിംബങ്ങള്‍ അങ്ങനെ ചിന്തിക്കാനെ പ്രേരിപ്പിക്കത്തുള്ളു.അമ്മയുടെ കത്തില്‍ മകനെ നിനക്കെന്തു പറ്റി എന്നു ചോദിക്കുന്നു. അവര്‍ ഭയന്നിട്ടെന്നപോലെ പറയുന്നു: നീ ഒരു മിനിസ്റ്റര്‍ ആയി ദൈവവേലചെയ്യുന്നവനായി കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. അച്ഛന്‍ അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലെങ്കിലും അമ്മ എഴുതിയിരിക്കുന്നത് അച്ഛനും നിന്റെ കാര്യത്തില്‍ ദുഃഖിതനെന്നാണ്.

കത്തുവായിച്ചപ്പോള്‍ ആദ്യം ചിരിവന്നുവെങ്കിലും, പിന്നെ അവരുടെ ആശങ്കയില്‍ കാര്യമുണ്ടെന്ന് തിരിച്ചറിയുന്നു. അച്ഛന്റെ വരുമാനമില്ലാത്ത നൂറ്റിപ്പത്തേക്കര്‍ സ്ഥലവും, അതിലെ മൂന്നുമുറിവീടും, സഹോദരങ്ങളും, അമ്മയും, അച്ചനും ഒക്കെ ഓര്‍മ്മകളില്‍ തിരക്കിട്ട് കയറുന്നു. കുറെ കൃഷിസ്ഥലം വിത്തും വളവും കടമെടുത്ത് കൃഷിയിറക്കിവിളവെടുപ്പു സമയത്ത് കടം കൊടുത്തവര്‍ വിളവുമായി പോകുന്നു. പിന്നെ കുറെ പച്ചക്കറികള്‍ സ്വന്തമായി കിട്ടും. അച്ഛന്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു.അമ്മയുടെ കോഴികള്‍ ഇപ്പോഴും കാണും. അതിനെ ആരാണാവോ പരിപാലിക്കുന്നത്. പഴയതുപോലെ കോഴികളുടെ രക്ഷകനായി നടക്കാന്‍ മോഹം തോന്നുന്നുണ്ടെങ്കിലും കാലം തന്നെ മറ്റു നിയോഗങ്ങളിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണല്ലോ...അതില്‍ നിന്നും ഒരു തിരിഞ്ഞോട്ടം ഇനി ഇല്ല. തന്റെ ജീവിതം അതാണ്. പൈക്ക് കൗണ്ടിയില്‍ ഇനിയും സിവില്‍ റൈറ്റ് എന്താണന്നറിയില്ല. അവര്‍ അന്നന്നത്തെ അത്താഴത്തിനായി ജീവിക്കുന്നു. ഇവിടെ നാഷ്‌വില്ലില്‍ നാനൂറോളം കറുത്തവര്‍ വോട്ടുചെയ്യാനായി റെജിസ്റ്റര്‍ച്ചെയ്തു എന്നു പറയുമ്പോള്‍ തന്റേയും കൂട്ടരുടെയും എത്രനാളത്തെ ശ്രമഫലം എന്നു ചിന്തിക്കണം. അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ്, നൂറ്റണ്ടുകളായി സ്വയം ചിന്തിക്കാത്തവന്റെ ചിന്താധാരയുടെ വളര്‍ച്ചക്കുറവെന്നറിയുന്നുണ്ടെങ്കിലും, അവരെ മുഖ്യധാരയില്‍ എത്തിക്കണമെന്ന ധാര്‍മ്മികബോധം മുന്നോട്ടുപൊകാനുള്ള വിളക്കായി മുന്നില്‍ കത്തുന്നു.

ഈ വേനലവധിക്കാലം വീട്ടില്‍ പോകാതെ സൗത്തിലെ കോളേജുകളില്‍ ബോധവല്‍ക്കരണവും, പ്രസ്ഥാനത്തിലേക്ക് ആളെച്ചേര്‍ക്കലുമായിരുന്നു പരിപാടി. നാഷ്‌വില്‍ സ്റ്റുഡന്റ് മൂവ്‌മെന്റിലെ വിവിധ കോളേജുകളില്‍ പോകാന്‍ തീരുമാനിച്ചവരില്‍ പ്രധാനപ്പെട്ടവര്‍; ഡയാന്‍, ബെര്‍നാര്‍ഡ്, മാരിയോണ്‍, ബീവല്‍, ആഞ്ജല ബട്‌ലര്‍, കര്‍റ്റിസ് മര്‍ഫി, കെന്നത്ത് തുടങ്ങിയവര്‍ ആയിരുന്നു. ഇവരുടെ ഒക്കെ പേരുകള്‍ നാളത്തെ ചര്‍ച്ചയില്‍ പറയണമോ...? ആന്‍ഡ്രു സന്ദേഹപ്പെട്ടു.വേണം അവരും ചരിത്രത്തില്‍ വരേണ്ടവരാണ്. എല്ലാ ചരിത്രങ്ങളുടേയും കുഴപ്പമതാണ്.ഏറ്റവും പ്രധാനപ്പെട്ട ഒന്നോ രണ്ടോ പേരില്‍ ഒതുക്കും. ഈ ചരിത്ര നിമിഷത്തിലെ പ്രധാന കഥാപാത്രം ജോണ്‍ ലൂയിസ് ആയിരിക്കെ മറ്റുള്ളവരും അധികം അകലത്തില്‍ അല്ലാതെ ഒപ്പം നടക്കട്ടെ.കോളേജിലെ അവസാന വര്‍ഷക്കാരനായ ജോണ്‍ ലൂയിസുതന്നെയായിരുന്നു സ്റ്റുഡന്റെ യൂണിയന്‍ പ്രസിഡന്റയി തിരഞ്ഞേടുക്കപ്പെട്ടത് എന്നത് അവസാനവര്‍ഷക്കാരനുകിട്ടിയ അധിക അംഗീകാരം ആയിരിക്കാം. ആ വര്‍ഷം നടക്കുന്ന അമേരിയ്ക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പിലേക്ക് ഡെമൊക്രറ്റുകള്‍ ജോണ്‍ കെന്നഡിയുടേയും, റിപബ്ലിക്കന്‍സ് റിച്ചാര്‍ഡ് നിക്‌സന്റെയും പേരുകളില്‍ ഉറച്ചു. രണ്ടുപേരും സിവില്‍ റൈറ്റ് മൂവ്‌മെന്റിനെക്കുറിച്ച് പൊതു അഭിപ്രായം ഒന്നും പറഞ്ഞില്ല. കറുത്തവരെ പിന്തുണച്ചാല്‍ വെളുത്തവരുടെ വോട്ട് കുറയും എന്നു തീര്‍ച്ചയുള്ളതുകൊണ്ടാണവര്‍ മൗനികളായത്. എന്നിരുന്നാലും കെന്നഡിക്ക് സിവില്‍ റൈയിറ്റ് മൂവ്‌മെന്റിനോട് വിരോധമില്ലന്നും, അധികാരത്തില്‍ വന്നാല്‍ ഫെഡറല്‍ ഗവന്മന്റില്‍ കറുത്തവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പറയാതിരുന്നില്ല. സൗത്തിലെ വെള്ളക്കാരുടെ പാര്‍ട്ടി ഡെമൊക്രാറ്റ് പാര്‍ട്ടി ആയതിനാല്‍ വളരെ ആശങ്കയുണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉപദേശകരുടെ നിര്‍ബന്ധം കൊണ്ടാണതു പറഞ്ഞത് എന്നു കരുതുന്നു.

https://emalayalee.com/writer/119


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക