സ്വപ്നത്തിലേക്കന്ന് വീണ തീക്കാറ്റിൻ്റെ-
സത്യം തിരഞ്ഞ് ഞാൻ പോയി
പോകേണ്ടതില്ലെന്ന് കാറ്റും, മരങ്ങളും
പൂവാംകുറുന്നിലും പാടി
പോകേണ്ടതില്ലെന്ന് ദേവദാരുക്കളും
ആകാശവും വന്ന് പാടി.
പോകേണ്ടതില്ലെന്ന് ഗന്ധർവ്വഗായകർ-
യാമങ്ങളിൽ വന്ന് പാടി
പോകണം, പോകണം എന്ന് പിന്നിൽ വന്ന്-
ജാതകക്കാറ്റുകൾ പാടി
പോകണം പോകണം എന്നാവിധിത്തുമ്പ്
കാലിൽ കുരുക്കിട്ട് വീഴ്ത്തി
പോകുന്ന പോക്കിൽ ശിരസ്സിലെ രേഖകൾ-
പോരിൻ്റെ രാശികൾ തന്നു..
പൂവരശ്ശിൻ ചോട്ടിലമ്പുമായ് നിൽക്കുന്ന-
വേടൻ്റെ നേർമുഖം കണ്ടു
വേടൻ്റെ കൂടെ പടക്കോപ്പുമായ്-
കൗരഭൂപൻ്റെ നൂറ്റവർ വന്നു
നൂലുനൂൽക്കും മുളംതണ്ടുമായന്നുമാ-
ഗോവർദ്ധനം കൂടെ നിന്നു
ചിന്തയിൽ തീയുമായ് നൊന്ത്,
നൊന്തജ്ഞാതവാസവും തീരുന്ന നേരം
പാടുവാനാകുമോയെന്ന് ചോദിക്കവേ-
പാട്ടുകാർ പക്ഷികൾ വന്നു
പാട്ടിന്ന് താളം, ലയം തന്നു സാഗരം-
കേട്ടിരിക്കാൻ മുനമ്പെത്തി
ആകെ തളർന്നു പോം നേരത്ത്-
വജ്രത്തിനോരോ വിളക്കും തെളിച്ച്
മൂവന്തിമേഘം മറച്ചൊരാകാശാത്ത്
ദീപപ്രകാശമുണ്ടായി..
സ്വപ്നം തിരഞ്ഞങ്ങൊടുങ്ങിയോരിന്നലകൾ
ചക്രവാളത്തിൽ മറഞ്ഞു
മുക്തമെന്നോർത്തുഷസ്സെത്തുന്ന നേരത്ത്-
നൃത്തം നിഴൽക്കുത്ത് വീണ്ടും
കച്ചകെട്ടും യുദ്ധഭാഷകൾ മുറ്റത്ത്-
തട്ടിത്തെറിച്ച് പോകുന്നു
നിത്യമെന്തേവിധം കോലങ്ങളെന്നോർത്ത്-
മച്ചകത്തെത്തുന്ന നേരം
സ്വപ്നങ്ങളിൽ നിന്നകന്ന സ്വപ്നത്തിൻ്റെ-
പൊട്ടലും ചീറ്റലും തന്നെ
ഒക്കെയും തൂത്തും തടുത്തും മനസ്സിൻ്റെ-
ഭിത്തികൾ വിണ്ടുകീറുമ്പോൾ
വന്നുവീണ്ടും ഒളിച്ചൂരുമായായുദ്ധ-
മണ്ണിലേക്കന്നവൻ വീണ്ടും
നിശ്ശബ്ദമശ്വത്വമാവിന്നപക്വമാം-
ബുദ്ധിഹീനത്വം കവർന്ന
സ്വപ്നാടനത്തിൻ്റെ ബാക്കിപത്രങ്ങളിൽ
ഇത്തിരിത്തീയും കറുപ്പും
തീയിൽ നിന്നല്പം വെളിച്ചം വിളക്കിലി-
ട്ടായുസ്സിൽ തൊട്ടക്ഷരങ്ങൾ
അക്ഷൗഹിണിക്കുള്ളിലെത്ര പേരെന്നോർത്ത്
പദ്മവ്യൂഹങ്ങൾ കടക്കേ;
പിന്നിലെയ്തോരമ്പ് സ്വപ്നയാനത്തിൻ്റെ-
നെഞ്ചിലായാഴ്ന്ന് പോകുമ്പോൾ
സ്വപ്നജാഗ്രത്തിൻ്റെ വാതായനങ്ങളിൽ-
പുസ്തകങ്ങൾ വന്നിരുന്നു..
യജ്ഞസ്നാനങ്ങൾ കഴിഞ്ഞേകലവ്യൻ്റെ
രക്തം പടർന്ന വില്ലൊന്നിൽ
ചുറ്റിപ്പിണഞ്ഞ ഞാൺ പൊട്ടുന്നു, ദിക്കുകൾ-
സ്ത്ബ്ധമാകുന്നുവോ മുന്നിൽ!
ഓലകകൾക്കുള്ളിലെ നാരായഭാഷയിൽ
ഓരോ ഋതുക്കൾ പകർന്ന-..
കാടിൻ്റെയാത്മീയസാധകം കേൾക്കുന്ന
താളിയോലക്കെട്ടിലൊന്നിൽ
ദക്ഷിണയ്ക്കായ് കൈകൾ നീട്ടുന്ന ദ്രോണനെ,
ചക്രവ്യൂഹങ്ങളെ കാൺകേ;
ഉച്ചത്തിലാരവം കേൾക്കുമ്പോഴും-
പട്ടുപച്ചിലച്ചാർത്തിൻ്റെ ഭൂമി!
യുദ്ധങ്ങളിൽ നിന്നകന്ന് നിൽക്കാനുള്ള
*വിശ്വഗാനങ്ങൾ രചിച്ചു.
===================================================
(Soulshine - Song by the Allman Brothers Band on their 1994 album Where It All Begins, this song carries the message of finding inner peace, strength, and light amidst life's struggles and challenges.)
====================================================