Image

മഴ ( കഥ : അന്നാ പോൾ )

Published on 14 November, 2024
മഴ ( കഥ : അന്നാ പോൾ )

റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റ്ഫോമിന്റെ അങ്ങേത്തലയ്ക്കൽ വൃക്ഷച്ചുവട്ടിലെ സിമൻറു ബഞ്ചിൽ വന്നിരിക്കുമ്പോൾ ഒരു രക്ഷപെടലിന്റെ ആശ്വാസം തോന്നി. വലിഞ്ഞു മുറുകി നിന്ന മനസസിന് എന്തെന്നില്ലാത്ത ലാഘവത്തം....
  സ്റ്റേഷൻ ഉച്ചയുറക്കത്തിന്റെ ആലസ്യം വിട്ടുണർന്നു വരുന്നതേയുള്ളു.. അടുക്കി വെച്ചിരിക്കുന്ന കെട്ടുകൾക്കു മുകളിൽ കാക്കകൾ കൂടിയിട്ടുണ്ടു. 
വീട്ടിൽ നിന്നിറങ്ങുമ്പോൾ തെളിഞ്ഞ വെയിലായിരുന്നു.
ഇപ്പോൾ മാനം കറുത്തു തുടങ്ങി.... 
കൂട്ടം തെറ്റിയ മഴക്കാറുകൾ നിഴൽ പരത്തിയ സ്റ്റേഷനും പരിസരവും ഒരു സ്വപ്നത്തിന്റെ അവ്യക്തത പോലെ മനസ്സിൽ നിന്നു വഴുതിമാറുന്നു...

 മഴ പെയ്തേക്കും... ആരോ പറയുന്നതു കേട്ടു... മഴയുടെ കാലമല്ല. വേനൽച്ചൂടിൽ എരിയുന്ന ഭൂമിയും മനുഷ്യരും വഴി തെറ്റി വരുന്നൊരു മഴയെ പ്രതീക്ഷിക്കുന്നുണ്ടു. ഒരു മഴയുടെ വന്യമായ ആക്രമണത്തെ കാത്തിരിക്കുന്ന കരിഞ്ഞ പുല്ലുകൾ... 
അവയ്ക്കുള്ളിലെവിടെയോ വീണ്ടും പൊട്ടിമുളയ്ക്കാൻ കാത്തിരിക്കുന്ന  പുത്തൻ മുളകൾ.നീണ്ട തപസ്സിന്റ ശുഭ പര്യവസായി ആയ അന്ത്യത്തിനു കാതോർത്തു കൊണ്ടു്......... 
ഇൻ ദ ഹാർട്ട് ഓഫ് എ സീഡ്
ബറീ'ഡീപ് സോ ഡീപ്
ഡിയർ ലിറ്റിൽ പ്ലാൻറ്
ലേ ഫാസ്റ്റ് അസ്ളീപ്പ്....
സ്ക്കൂളിൽ വെച്ച് മനപാഠമാക്കിയ വരികൾ ... ഇപ്പോഴെന്തേ ഓർമ്മിക്കാൻ?
മനസ്സ് ചിലപ്പോൾ വഴുതി വീഴുക അപ്രതീക്ഷിതമായ ഏതിലെങ്കിലുമാവും.... ഇപ്പോഴിതൊരു പതിവാണ്..... മറന്നു പോയവ പോലും മനസ്സിലേയ്ക്കു കടന്നുവരും.

അഛനും അനുജത്തിയും പിന്നാലെ വരുന്ന തേയുള്ളു.അവൾ കുട്ടിയുമായി തനിച്ചു പോന്നു... വരേണ്ടായെന്നു വിലക്കിയാലും ഓരോ മടക്കയാത്രയ്ക്കും യാത്രയാക്കാൻ അവൾ വരും... 
കുട്ടി എന്തൊക്കെയോ സംശയങ്ങൾ അഛനോടു ചോദിക്കുന്നുണ്ട്. അഛൻ മറുപടി തെരയുന്നതിനു മുന്നേ അവൻ അടുത്ത ചോദ്യവുമായി അക്ഷമനാകുന്നുണ്ടു്.... ഇന്ദു അവനെ ശാസിക്കുന്നുമുണ്ട്... കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതിലും കൂടുതൽ ഉയരം തോന്നിയ്ക്കുന്നണ്ടവനു.....അവന്റഛന്റെ ഛായ തന്നെ... മനസ്സിലോർത്തു.
ചേട്ടനു ലീവ് തീർന്നതുകൊണ്ട് വരാൻ... മുഴുമിപ്പിയ്ക്കാതെയവൾ തലകുനിച്ചുനിന്നു... ഉള്ളിൽ നേരിയ ചിരി പൊട്ടി... : ഇന്ദു അവളുടെ സുധിയേട്ടൻ: സുധിയുടെ സുഹൃത്തുക്കൾ വീടും വീട്ടുകാരും...പിന്നെ ഓഫീസ് തിരക്കുകൾ.... പലപ്പോഴായി ആവർത്തിക്കുന്ന കാര്യങ്ങൾ.... ഒരു വസ്ത്രം മാറിധരിക്കുന്ന വേഗത്തിൽ പഴയ ചെല്ലക്കുട്ടി കുടുംബിനിയുടെ ജീവിതവുമായി നന്നേ ഇഴുകിച്ചേർന്നിരിക്കുന്നു.
... അഛൻ പേരക്കുട്ടിയുമായ് ഒഴിഞ്ഞ ബഞ്ചിൽ ഇരിക്കുന്നു... അഛനു ക്ഷീണമേറുകയാണ്..... കണ്ണടയ്ക്കുള്ളിലെ തിളങ്ങുന്ന കണ്ണുകൾ... പ്രകാശ മറ്റു കാണപ്പെട്ടു... അവളോർത്തു... അമ്മയും വല്ലാതെ മാറിപ്പോയി... വിഷാദം പടർന്ന അമ്മയുടെ മുഖo ഇടയ്ക്കിടെ മനസ്സിനെ കുത്തി നോവിക്കുന്നു...'
ആകാശം കറുത്തിരുണ്ടു തുടങ്ങി.

ഇന്ദു: കുട്ടിയുമായ് പൊയ്ക്കൊള്ളു... വണ്ടി വരാൻ വൈകിയെങ്കിലോ... ഗ്രാമത്തിലെ സ്റ്റേഷനാണ്.. പ്ലാറ്റ്ഫോമിനു മേൽക്കൂര ഇല്ല .മഴ പെയ്താൽ ബുദ്ധിമുട്ടാവും...

ഇടയ്ക്കു മുറിയുന്ന സംഭാഷണങ്ങൾ,ങ്ങൾക്കിടയിൽ വളർന്നു നിൽക്കുന്ന മൗനത്തെക്കുറിച്ചു അജ്ഞത നടിച്ചു കൊണ്ടു സംസാരിക്കുക വളരെ ശ്രമകരമാണ്...
എത്തിയാലുടൻ കത്തിടണം... അതു പറയുമ്പോൾ അവൾ വിതുമ്പിപ്പോയി.... അമ്മ കരയുന്നതു കണ്ട് കുട്ടി പരിഭ്രാന്തനാകുന്നു.... ഒന്നും കാണാത്ത ഭാവത്തിൽ ദൂരെയെവിടെയോ നോക്കി നിൽക്കുന്ന അഛൻ...
തോളിൽത്തട്ടി അവളെ ആശ്വസിപ്പിച്ചു. കണ്ണീരിന്റെ നനവുള്ള കണ്ണുകളിൽ കുറ്റബോധം നിഴലിക്കുന്നുവെന്നു തോന്നി.
.ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല...
നിറയെ പൂത്ത കണിക്കൊന്ന പോലത്തെ നിന്റെ സൗന്ദര്യം ഒടുവിൽ വന്ന സുധാകരനേയും അതിനു മുൻപു വന്ന പലരേയും മോഹിപ്പിച്ചതിൽ നീ തെറ്റുകാരിയല്ലല്ലോ....
പലരും കാണാൻ വന്നു. ഒരുങ്ങിയിറങ്ങും... കാപ്പികുടിച്ച - അവർ മടങ്ങും.. വിവരം അറിയിക്കാം .....പിന്നെ പിന്നെ അവർ പറയാൻ പോകുന്നമറുപടി കേൾക്കാതെ തന്നെ അറിയാം... ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും നേരിയ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട് ചിലപ്പോഴൊക്കെ. 
പലരും പറഞ്ഞ കാര്യം ഒന്നു തന്നെ... അനുജത്തിയെ ഞങ്ങൾക്കു സമ്മതമാണു..... ഓരോ ചടങ്ങു കഴിയുമ്പോഴും അമ്മ ആവർത്തിയ്ക്കും...ന്റെ ഭഗവതീ അടുത്തതെങ്കിലും....പിന്നെ ഇന്ദുവിന്റെ ഉള്ളിലും അസ്വസ്തതയുടെ മുള്ളുകൾ വളരുന്നതു വേദനയോടെ അറിഞ്ഞു. ബന്ധുക്കളും കുറ്റപ്പെടുത്തിത്തുടങ്ങി. ഒടുവിൽ അഛനു സമ്മതിയ്ക്കേണ്ടി വന്നു.... അഛന്റെ കത്തുകൾ തുറന്നു നോക്കാതെ തന്നെ അറിയാം അതുകൊണ്ടു തന്നെ ആ കത്തും ഉൽക്കണ്ഠയേതുമില്ലാതെ തുറന്നു..... ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചതു അറിയിച്ചു കൊണ്ടുള്ള കത്ത്... അഛന്റെ കണ്ണീർ വീണ് അക്ഷരങ്ങൾ പടർന്നിരുന്നു... അവിടവിടെ മാഞ്ഞു പോയിരുന്നു,മോളേ നിന്നെക്കാണാൻ വന്ന സുധാകരനാണു ഇന്ദുവിന്റെ വരൻഎന്നെഴുതുമ്പോൾ അക്ഷരങ്ങളുടെ വടിവ് നഷ്ടപെട്ടുവോ?
. കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കിടയിൽ എത്ര തവണ നാട്ടിലെത്തി? ...
വണ്ടി വരും മുൻപേ ഇന്ദുവും കുട്ടിയും യാത്ര പറഞ്ഞു നടന്നകലുന്നതും നോക്കി താനിരിക്കുമ്പോൾ അഛനടുത്തെത്തി..... അവധിയ്ക്കു വരില്ലേ നീ..! വാക്കുകൾ തൊണ്ടയിൽ കുടുങ്ങി... അഛന്റെ മുഖത്തേയ്ക്കു നോക്കാനാവുന്നില്ല. കണ്ണടയ്ക്കുളളിലെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞിട്ടുണ്ടു്....
അഛന്റെ കുഴമ്പിന്റെ ഗന്ധം സ്റ്റേഷനാകെ പടരുന്ന പോലെ, എന്നും തന്നെ പൊതിഞ്ഞു പിടിച്ചിട്ടുള്ള സ്നേഹത്തിന്റെ ആൾ രൂപമാണഛൻ... ഒരു പരാജിതന്റെ മുഖവുമായി നിൽക്കുന്നത് താങ്ങാനാവുന്നില്ല.
പ്രതീക്ഷ ഇനിയും പുലർത്തുന്ന അമ്മ... 
അനുജത്തിയുടെ ഭാവം എന്തായിരുന്നു?... വിജയിയുടെ 
ഭാവ o? അതോ കുറ്റബോധമോ.'' സഹതാപമോ?... വേർതിരിയ്ക്കാനാവുന്നില്ല...... 
വണ്ടി എത്തിക്കഴിഞ്ഞു. എങ്ങും തിക്കും തിരക്കും. ഇത്രയധികം ആളുകളെപ്പോഴെത്തി. അറിയില്ല.. തിരക്കു കൂട്ടാൻ തോന്നിയില്ല. മനസ്സിൽ എവിടയോ കാരമുള്ളുകൾ തറഞ്ഞു കയറുന്നു. പടിയിറങ്ങുമ്പോൾ കേട്ട അമ്മയുടെ നേർത്ത തേങ്ങൽ പിന്നാലെ തന്നെയുണ്ട്.
        ഉള്ളിൽ കയറി സീറ്റിലിരിക്കുമ്പോൾ ജനാല കമ്പിയിൽ പിടിച്ചുകൊണ്ട് അകത്തേയ്ക്കു നോക്കിനിൽക്കുന്ന അഛന്റെ പരിക്ഷീണമായ മുഖത്തേയ്ക്കു നോക്കാനായില്ല. അഛൻ എന്തോ പറയാൻ ആഞ്ഞു, വാക്കുകൾ തൊണ്ടയിൽ തടയുന്നു. 
നീണ്ട ഹോൺ മുഴക്കത്തോടെ വണ്ടി നീങ്ങി... ജനലഴിയിൽ പിടിച്ചു കൊണ്ട് വണ്ടിയ്ക്കൊപ്പം ഏതാനും ചുവടുകൾ അഛൻ നടന്നു....... വണ്ടി വേഗതയാർജ്ജിക്കുകയാണു.
ഇരുമ്പിന്റെ പടഹ സംഗീതവുമായി വണ്ടി പധ്രാന പാതയിലേയ്ക്കു തെന്നിമാറുമ്പോൾ പൊടുന്നനെ അച്ഛന്റെ രൂപം അപ്രത്യക്ഷമായി....
ദ്രുത താളത്തിലുള്ള വണ്ടിയുടെ തുടികൊട്ട്... വെളിയിൽ കറുത്തു വരുന്ന ആകാശം...
താഴെ അതിവേഗത്തിൽ ചുരുളഴിഞ്ഞു വരുന്ന ഭൂമിക്കു നിറം നഷ്ടപ്പെടുന്നു.
ഒന്നുരണ്ടു മഴത്തുള്ളികൾ മുഖത്തു പതിച്ചു... ഷട്ടർ താഴ്ത്തി...മഴ പെയ്തു തുടങ്ങി ലോഹക്കൂടിനു മുകളിൽ ചരൽ വാരി എറിയുന്ന പോലെ... കണ്ണുകളടച്ചു. സീറ്റിലേയ്ക്കു ചാരി.... അന്യമായി ക്കൊണ്ടിരിക്കുന്ന ഗ്രാമത്തേയും തെങ്ങിൻ തലപ്പുകളിൽ ഊർന്നിറങ്ങുന്ന സന്ധ്യകളേയും വിട്ട് അകലേയ്ക്ക്...
.. ഷട്ടറടച്ചിട്ടും പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ ഗന്ധം ഉള്ളിലേയ്ക്കു തള്ളിക്കയറുന്നു... പുറത്തു മഴയുടെ കെട്ടഴിഞ്ഞ സുരതാ വേശം....
മരുഭൂമിയുടെ ദാഹമാർന്ന മണ്ണ് അതത്രയും ഏറ്റുവാങ്ങുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷമുള്ള ഭ്രാന്തമായ ആവേശത്തോടെ...നാളെ പ്രഭാതത്തിൽ പുതുനാമ്പുകളണിഞ്ഞു നവോഢയേപ്പോലെ നിൽക്കുന്ന ഭൂമിയെ മനസ്സിൽ സങ്കല്പിച്ച നോക്കി...
: അടുത്ത സ്റ്റേഷനെത്തിയതറിഞ്ഞില്ല.

ഒരു കുലുക്കത്തോടെ വണ്ടി നിന്നു. മഴയുടെ ശക്തി കൂടി ക്കൂടി വരുന്നു... ആകാശം മുടിയഴിച്ചുറഞ്ഞു തുള്ളുകയാണു. നനഞ്ഞു കുതിർന്നു യാത്രക്കാർ കയറി വരുന്നു. ഒപ്പം മഴയിലേയ്ക്കു ഇറങ്ങുന്നവരും... അവർക്കൊപ്പം... സിരകളിൽ പടരുന്ന അനിയന്ത്രിതവും അജ്ഞാതവുമായൊരാവേശത്തോടെ മഴയിലേയ്ക്കിറങ്ങി... മഴയുടെ മൃദുസ്പർശമേറ്റ് നിദ്രയിലാണ്ടു കിടന്ന മുളകൾ നാളെ ഉണർന്നു ഭൂമിയെ നോക്കി പുഞ്ചിരിക്കും...
ഓരോ പുൽക്കൊടിയും പൂക്കളും നൂറ്റാണ്ടുകൾക്കു മുമ്പേ പിറവിയെടുത്തിരുന്നുവെന്ന് പാടിയ കവി ആരായിരുന്നു...ഓർത്തെടുക്കാൻ കഴിയുന്നില്ല.. ഓർമ്മകളുടെ ഭാരമില്ലാത്ത..ശൂന്യമായ ഒരവസ്ഥയിലേയ്ക്കു ചിറകു കുടഞ്ഞുണരുന്ന മനസ്സ്.. ഉടലാകെ മഴക്കെ കൾ പരതി നടക്കുന്നു. മഴയുടെ . ഇരമ്പലിനൊപ്പം ട്രെയിനിന്റെ ബോഗികൾ ഒന്നൊന്നായ്ക്കടന്നുപോയി. കൺപീലികളിലൂടെ ഊർന്നിറങ്ങുന്ന ജലകണങ്ങൾക്കിടയിലൂടെ അവസാന ബോഗിയുടെ ചുവന്ന വെളിച്ചവും അകന്നു പോവുമ്പോൾ മഴയുടെ സുഖദമായ ആലിംഗനത്തിലമർന്ന ഭൂമിയും മനസ്സും ശരീരവും കാത്തു കിടന്നു....
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക