Image

വഴിമൊഴി (കവിത: വേണുനമ്പ്യാർ)

Published on 14 November, 2024
വഴിമൊഴി (കവിത: വേണുനമ്പ്യാർ)

ചെത്തുവഴി പോണൊ
പെരുവഴി പോണൊ

ചെത്തുവഴി പോയി
ചെത്തി നടന്നാൽ
സദാചാരചെത്തുകാരൻ
എന്നെ ചെത്തും
പെരുവഴി പോയാൽ
പെരുച്ചാഴിയുടെ മുന്നിലെത്തും

കുറുക്കുവഴി പോണൊ
ഊടുവഴി പോണൊ

കുറുക്കുവഴിയിൽ 
പിരാന്തൻ കുറുക്കനുണ്ട്
ഊടുവഴിയിലുണ്ട്
കാട്ടുമറുത

2

വഴിയിൽ തൂക്കിയ
ചെണ്ട പോലെ 
ഒറ്റപ്പെട്ടു പോയ
പിഴച്ചു പോയ പ്രണയം

പരാജയത്തിന്
ആരുമില്ല അവകാശി
ഹതാശനെങ്കിലും
നിരാശനാകരുത്
കുറുക്കുവഴി മാരകം
മുൾവഴി ആത്മാവിനു സ്മാരകം

സനാതനമായ
അനാഥത്വം പോലെ
പ്രണയനിരാസവും
മണ്ണിന്റെ ഭാഗധേയം
ഭാഗധേയത്തിനും
ഭാഗ്യവിപര്യയത്തിനുമിടയിലുള്ള
അദൃശ്യമായ പൊൻരേഖ പോലെ
വളവുകളും തിരിവുകളുമായി
വഴി ഒറ്റപ്പെട്ട് നീളുന്നു

3

പൊന്നു വഴിദല്ലാളെ,
കള്ളക്കുഴികളില്ലാത്ത
പ്രണയത്തിന്റെ ഒരു നേർവഴി
കാണില്ലേ ഈ മരുഭൂമിയിൽ

നമുക്ക് വഴിയും മൊഴിയും തിരിക്കാം,
സുഹൃത്തെ. കള്ളക്കുഴിയില്ലാത്ത
ഒരു വഴിയും സൂര്യനു കീഴെയില്ല.

4

വഴിയാധാരമാകാ-
തിരിക്കാനാണെനിക്കുമിഷ്ടം
വഴി കാട്ടിയില്ലാത്ത
വഴിയാണെനിക്ക് പ്രിയം

സൂര്യനുള്ളിടത്തോളം
ഒരു നിഴൽ കൂട്ടിനുണ്ടാകും
ശ്മശാനത്തിലെ കറുത്ത
പൂന്തോപ്പ് കണ്ടാലൊന്നും
ആ ചങ്ങാതി പേടിക്കില്ല

അവൻ എന്നോടൊപ്പം
സഞ്ചരിക്കട്ടെ
വെട്ടാത്ത വഴികളിലൂടെ
വാഴ്ത്തപ്പെടാത്ത പഥങ്ങളിലൂടെ
വെളിച്ചത്തിൽ നിന്നും
ഇരുട്ടിലേക്ക്
രൂപങ്ങൾക്കും പ്രതിബിംബങ്ങൾക്കുമിടയിലെ 
നികത്താനാകാത്ത വിടവ്
നികത്തിക്കൊണ്ട്
കറുപ്പിന്റെ സമത്വഗാനം
താളത്തിൽ പാടിക്കൊണ്ട്
രാത്രിയെ സ്വർണ്ണ-
സിംഹാസനമാക്കിക്കൊണ്ട്

6

വഴികാട്ടിയില്ലാത്ത വഴിക്ക്
വഴിപ്പെട്ട് ഞാൻ സ്വയം
വഴി തെളിച്ചോളാം

വിശപ്പാണെന്റെ
ബലിച്ചോറ്

കവിതയാണെന്റെ
വഴിച്ചോറ്

ആകസ്മികതയാണെന്റെ
വഴിത്തിരിവ്

വഴിയിലെ വളവ്
എന്റെ അവസാനമല്ല
ഭൂമിയുടെ അന്ത്യമല്ല

7

ഒരു ശ്രീകൃഷ്ണൻ
എന്റെ വഴിയിൽ
പുല്ലാങ്കുഴലിന്റെ പിൻവിളി ഉയർത്തുമൊ

ഒരു തഥാഗതൻ
എന്റെ വഴിയിൽ
നിർവ്വാണത്തിന്റെ നെയ്ത്തിരി കൊളുത്തി വെക്കുമൊ

ഒരു ക്രിസ്തു
എന്റെ പാപക്കറ മായ്ക്കുവാൻ 
പീഡനവഴിയിലെ
കുരിശിൽ രക്തം ചീന്തുമൊ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക