വയസ്സ് ഒരു സംഖ്യ മാത്രമാണ് എന്ന് പലരും പറയുന്നുണ്ട്. ജീവിച്ച വർഷങ്ങളുടെ സംഖ്യ. എന്നാൽ പ്രായം നമുക്ക് ഒരാളെ കണ്ടാൽ മനസ്സിലാക്കാൻ കഴിയുന്നതാണു. പ്രായം ഒരാൾക്ക് പക്വത വരുത്തുന്നു. സമയവും നേരവുമെന്നു പറയുന്നപോലെയാണ് വയസ്സും പ്രായവും. സമയം നമ്മൾ കുറിക്കുന്ന അളവും, നേരം ആ സമയം ഉണ്ടാക്കുന്ന അളവുമാണ്. ഏഴുമണി സമയം, നേരം രാവിലെ. ഇങ്ങനെ ചിന്തിക്കാൻ ഒരു കാരണമുണ്ട്.
പ്രായഭേദമെന്യേ അസുഖങ്ങൾ വരുമെങ്കിലും മധ്യവയസ്സിൽ പ്രത്യക്ഷപ്പെടുന്ന രോഗങ്ങൾ മനുഷ്യരെ നിരാശരാക്കുന്നു അവരെ തളർത്തുന്നു. എന്റെ വീടിന്റെ ബാക്ക്യാർഡിലെ കാഴ്ചകളെപ്പറ്റി ഒരു സുഹൃത്തിനോട്, (അദ്ദേഹം ചില സാഹിത്യരചനാളൊക്കെ നടത്തിയിരുന്ന ആളാണ്,) പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു പൊന്നു സുധീറേ ഞാൻ രാവിലെ പത്ത് പതിനഞ്ച് ഗുളികകൾ വിഴുങ്ങി ഇരിക്കയാണ്. എനിക്ക് ഇതൊന്നും ആസ്വദിക്കാനുള്ള മനസ്സില്ല. അദ്ദേഹത്തെ സംബന്ധിച്ച് ശരിയായിരിക്കാം. നമ്മൾ പലപ്പോഴും നമ്മുടെ വേദനകൾക്ക് അടിമകളായി ജീവിക്കുന്നു. ആർക്കും പരിപൂർണ്ണ ആരോഗ്യമുണ്ടാകണമെന്നില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് ചുറ്റുമൊരുക്കുന്ന സൗന്ദര്യം എന്തിനു കാണാതിരിക്കുന്നു. കാണാതിരിക്കണമെന്നുമില്ല. ഒരു പക്ഷെ പ്രകൃതി അണിഞ്ഞൊരുങ്ങുന്നത് നമ്മുടെ മനസ്സിന് ആനന്ദം നൽകാനായിരിക്കും.
വീക്കെന്റുകളിൽ വീടിന്റെ ബാക്യാർഡിലേക്ക് (back yard) ബെഡ് റൂമിൽ ഇരുന്നു നോക്കുമ്പോൾ കാണുന്ന കാഴ്ച വളരെ സുന്ദരമാണ്. അതാസ്വദിക്കുന്നത് ഒരു അനുഭൂതിയാണ്. വെട്ടിവെടിപ്പാക്കിയ പുത്തകിടികൾക്ക് മേലെ ഓടി നടക്കുന്ന ശ്രീരാമൻ മുതുക് തടവാത്ത അണ്ണാറക്കണ്ണൻ, അത്തിപ്പഴം കൊത്തിത്തിന്നാൻ എത്തുന്ന കിളികളെ ഓടിക്കാനുള്ള അവന്റെ ശ്രമങ്ങൾ, പൂക്കളെ മൃദുലമായി സ്പർശിച്ച് പ്രണയാതുരരായി മൂളുന്ന വണ്ടുകൾ. പൂക്കളുടെ നൃത്ത-നൃത്യങ്ങൾ , വണ്ടുകളുടെ സംഗീതം, പറക്കുന്ന കിളികളുടെ ചിറകടിയൊച്ചയിൽ കേൾക്കുന്ന വാദ്യം എന്നിവയുടെ സമഞജ്‌സ സമ്മേളനം കണ്മുന്നിൽ അരങ്ങേറുന്ന പ്രതീതി. അത് നോക്കികൊണ്ടിരിക്കുമ്പോൾ അഷ്ടപദിയിലെ വരികൾ ഓർമ്മവരുന്നു.
"വിടർന്ന പൂക്കളും ചുറ്റും വരിവരിയായി പറക്കുന്ന വണ്ടുകളും ചേർന്ന് കാമദേവന്റെ അമ്പും വില്ലുമായി കാണപ്പെടുന്നു. കാമദേവൻ ഗോപികമാരോട് പഞ്ചശരങ്ങളാൽ യുദ്ധം ചെയ്യുകയാണോ എന്ന സംശയം നമ്മളിൽ ഉത്ഭവിപ്പിക്കുന്നു. ഇങ്ങനെ മനോഹാരിതയിലേക്ക് നോക്കിയിരിക്കുമ്പോൾ കാമവും, കാമനകളും രതിയും ചേർത്ത് ജയദേവ് കവി ചമച്ച അഷ്ടപദി ഓർമ്മകളിലേക്ക് ഓടിയെത്തി എനിക്ക് നവോന്മേഷം പകരുന്നു. വയസ്സ് എന്ന സത്യത്തെ മറന്നു യുവഹൃദയം സൂക്ഷിക്കുന്നവർക്ക് കാമദേവന്റെ ശരമാരിയിൽ നിന്നും മോചനമില്ല.
ലളിത ലവംഗ ലതാപരിശീലന കോമള മലയസമീരേ
മധുകരനികര കരംബിത കോകില കൂജിത കുഞ്ജകുടീരേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ (അഷ്ടപദി -ജയദേവ കവി)
മലയ പർവ്വതത്തിൽ നിന്നും വരുന്ന ആവേശമുള്ള മന്ദമാരുതൻ തളിരണിഞ്ഞ വല്ലിപ്പടർപ്പുകളെ പുല്കികൊണ്ടിരിക്കുന്നു. ചുറ്റിലും ചെടികൾ പുഷ്പനിബിഡങ്ങളാകയാൽ തേനീച്ചകൾ മത്തരായി പാറിപ്പറക്കുന്നു തളിരിലകൾ ഉണ്ട് ഉന്മേഷഭരിതരായി ഗാനാലാപനം നടത്തുന്ന കുയിലുകളും ചാരുതയാർന്ന ദൃശ്യഭംഗി ഉണ്ടാക്കുന്നു. എന്നാൽ ഈ മനോഹര കാഴ്ചകൾ വിരഹിണികൾക്ക് മനഃപ്രയാസമുണ്ടാക്കുന്നു. അവർക്കത് നരകതുല്യമായി അനുഭവപ്പെടുന്നു. ഈ വസന്തകാലഋതുവിൽ കൃഷ്ണൻ ഗോപികമാർക്കിടയിൽ രാസലീലയാടുന്നു. രാധ വിരഹിണിയാകുന്നു.(സ്വതന്ത്ര പരിഭാഷ ലേഖകൻ)
വിലക്കപ്പെട്ട കനി തിന്നു പറുദീസാ നഷ്ടപെട്ട മനുഷ്യന് ഏദൻ തോട്ടത്തെ കുറിച്ച് ഓർമ്മിക്കാനായിട്ടത്രേ പൂക്കളെ സൃഷ്ടിച്ചത്. ഡാന്റെയുടെ ഡിവൈൻ കോമഡിയിൽ മനുഷ്യർക്ക് ലഭിക്കുന്ന പറുദീസയെപ്പറ്റി പറയുന്നുണ്ട്.അതിൽ യേശുദേവന്റെ ചൈതന്യം കൊണ്ട് പൂത്തുലയുന്ന പൂന്തോട്ടത്തെപ്പറ്റി വിവരിക്കുന്നു. സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും പ്രതീകമാണ് പൂക്കൾ. നമ്മൾ പൂച്ചെണ്ടുകൾ പ്രിയമുള്ളവർക്ക് നൽകുമ്പോൾ അവർക്കത് ആശ്വാസവും, സുഖവും പ്രദാനം ചെയ്യുന്നു. വസന്തം വരുമ്പോൾ, പൂക്കൾ വിടരുമ്പോൾ പ്രിയമുള്ളവരെ ഓർക്കാൻ വെമ്പുന്ന മനസ്സും ദൈവത്തിന്റെ വരദാനമാണ്.
വയസ്സും പ്രായവും പറയുമ്പോഴാണ് ഇയ്യിടെ ഒരു ചേച്ചി പറഞ്ഞത് ഓർക്കുന്നത്. അവർ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോൾ കാണാൻ പോയി. അവർ യൗവ്വനകാലത്ത് അതീവ സുന്ദരിയായിരുന്നു. സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു നല്ല കാലത്ത് കുറെ പേര് ഈ ഹൃദയത്തിൽ കൂടി കടന്നുപോയി അവർ അവശേഷിപ്പിച്ച പരിക്കുകൾ ഡോക്ടർമാർ ഫിക്സ് ചെയ്യുകയായിരുന്നു. എല്ലാം നർമ്മത്തിലൂടെ കാണാൻ കഴിയുന്ന മനുഷ്യർക്ക് സമാധാനം. ഒരു പക്ഷെ അവർ പറഞ്ഞത് സത്യമായിരിക്കാം അല്ലെങ്കിൽ ഭാവനയായിരിക്കാം. എന്നോട് പരിചയമുള്ളവർ പലരും ചോദിക്കാറുണ്ട് "പഞ്ചസാരയുടെ" അസ്കത ഉണ്ടോ? . യൗവ്വനാരംഭം മുതൽ ഇപ്പോഴും ധാരാളം പഞ്ചാര അടിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നു ഇത് വരെ ഇല്ലെന്നു പറയുമ്പോൾ അവരിൽ ചിലരൊക്കെ നിരാശപ്പെടുന്നത് കാണാം. അന്ന് പഞ്ചാരയടിക്കാൻ പറ്റാത്തതിലോ പഞ്ചാരയുടെ അസുഖം വന്നതിലോ അറിഞ്ഞുകൂടാ. വയസ്സും പ്രായവും എന്ന് പറയാതെ സന്തോഷമായി കഴിയുകയാണ് പ്രധാനം.
മറ്റുള്ളവരുടെ കാഴ്ചയിൽ നമുക്കുള്ള രൂപത്തെപ്പറ്റി നമ്മൾ വിചാരപ്പെടരുത്. ബൈബിളിൽ സാമുവേൽ1 16:7 യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
വില്യം ബട്ലർ യേറ്റ്സ് എന്ന ഐറിഷ് കവിയുടെ കവിത കാലം മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളെയും മാറ്റമില്ലാതെ നിൽക്കുന്ന പ്രകൃതിയെയുംപ്പറ്റിയാണ്. ഈ കവിത മലയാളത്തിലെ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിലേക്ക് ആരണ്യഹംസങ്ങൾ എന്ന പേരിൽ പരിഭാഷ ചെയ്തിട്ടുണ്ട്.
Under the October Twilight the water
Mirrors a still sky
Upon the brimming water among the stones
Are nine and fifty swans"
ഈ വരികൾ,
"കണ്ണാടിപോലെ തെളിഞ്ഞ തടാകത്തിൽ
നന്നായി ബിംബിച്ചു ശാന്തസന്ധ്യാംബരം.
കണ്ടേൻ ശിലകൾക്കിടയിൽ ജലോപരി
അൻപത്തിയൊൻപതു രാജഹംസങ്ങളെ"
അമ്പതാമത്തെ വയസ്സിലാണ് കവി ആ തടാകത്തിനരികിൽ എത്തുന്നത്. അവിടെ നീന്തികളിക്കയും പറന്നുയുയരുകയും ചെയ്യുന്ന ഹംസങ്ങളെ നോക്കി നിൽക്കുമ്പോൾ കവിയിൽ കാലം ഏൽപ്പിച്ച ക്ഷീണവും ബുദ്ധിമുട്ടുകളും അദ്ദേഹം ഓർക്കുന്നതായിട്ടാണ് കവിത. ശരിയാണ്, വയസ്സുമൂലം വരുന്ന പ്രായം ഒരു പരിധിവരെ മനുഷ്യനെ തോൽപ്പിക്കതന്നെ ചെയ്യും. എന്നാലും അതിനെ ഗൗനിക്കാതെ നമുക്ക് ചുറ്റും പ്രകൃതി നൽകുന്ന മനോഹാരിതയിലേക്ക് മനസ്സിനെ നയിക്കുക. അങ്ങനെ ഒരു കവി ചെയ്തിരുന്നതുകൊണ്ടല്ലേ " ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി" എന്ന കവിത പിറന്നത്.
അമേരിക്കയിൽ ഈ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച നന്ദിദിനമായി കൊണ്ടാടുന്നു. എല്ലാവരും അവരവർക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. പ്രകൃതിയെ സ്നേഹിക്കുക. പ്രഭാതത്തിൽ നമ്മെ നോക്കി പുഞ്ചിരിക്കുന്ന പുഷ്പങ്ങൾ, നമ്മൾക്കറിയാത്ത ഭാഷയിൽ പ്രേമഗീതങ്ങൾ പാടുന്ന വണ്ടുകൾ, ഭൂമിയെ പ്രകാശമാനമാക്കുന്ന പൊൻകിരണങ്ങൾ, പ്രഭാതകീർത്തനം പാടുന്ന പക്ഷിക്കൂട്ടങ്ങൾ. രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു കവിതയും മേഘങ്ങളെക്കുറിച്ച് ഇങ്ങനെ വർണ്ണിക്കുന്നു. "മാനത്തിന്റെയൊരൊഴിഞ്ഞകോണിലൊതുങ്ങിനിന്നതേയുള്ളു മേഘം; പ്രഭാതം വന്നു പൊൻകിരീടമണിയിച്ചതതിനെ".
പള്ളിയും രാഷ്ട്രീയവും അൽപ്പം വിദ്യാഭ്യാസക്കുറവുമുള്ള ഒരു ജനത ഒരിക്കലും സാഹിത്യം ആസ്വദിക്കയില്ല. പന്നിയുടെ മുന്നിലേക്ക് മുത്തുകൾ ഇട്ടുകൊടുക്കുന്നപോലെ എന്ന് ബൈബിൾ പറഞ്ഞത് ശരിയാണ്. പുറത്തുപറയാൻ ധൈര്യമില്ലെങ്കിലും ചിലരൊക്കെ മൗനമായി സാഹിത്യം ആസ്വദിക്കുന്നു. അനാദികാലം മുതൽ മനുഷ്യർ വിവിധ കലകളിൽ താൽപ്പര്യം കാണിച്ചിരുന്നു പ്രാവീണ്യം നേടിയിരുന്നു. അവരുടെ പിൻഗാമികൾ കുറച്ചുപേരെങ്കിലും ആ പാരമ്പര്യം സൂക്ഷിക്കാതിരിക്കയില്ല.
ജലാലുദീൻ റൂമിയുടെ രണ്ടു ഉദ്ധരണികൾ ചേർത്ത് ഈ ലേഖനം അവസാനിപ്പിക്കുന്നു.
1. കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.
2 . ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.
3 നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?
ശുഭം