Image

അവൾ (മിനിക്കഥ: സന്ധ്യ എം)

Published on 17 November, 2024
അവൾ (മിനിക്കഥ: സന്ധ്യ എം)

ആമ്പൽ പൊയ്കയുടെ ആദ്യ പടിയിൽ അവൾ നിന്നു . തലയ്ക്ക് മുകളിലെ കമ്പിയിൽ പിണഞ്ഞ മുല്ലവള്ളികൾ പൂത്തുലഞ്ഞിരിക്കുന്നു . ആ നനുത്ത മണം അവിടെയാകെ പരന്ന് നിറഞ്ഞുനിന്നു . മാനത്ത് പൂർണ്ണചന്ദ്ര ബിംബം തെളിഞ്ഞ് സ്വർണ്ണ വർണ്ണം തൂകി മുഖം വിടർത്തി നിൽക്കുന്നു . നെയ്യാമ്പലുകൾ പ്രണയത്തോടെ ചന്ദ്രനെ നോക്കി വിടർന്ന് തുടങ്ങി.ആത്മാവിൽ ഗന്ധവും നിലാവും ചേർത്ത് കഥമെനയും നേരം അവൾ നിശബ്ദയായി നിന്നു. ശ്വാസമല്ലാതൊന്നും അവൾ അറിഞ്ഞതേയില്ല. ഇളം കാറ്റ് തഴുകി ഉണർത്താൻ ശ്രമിച്ച അവളുടെ മുടിയിഴകൾ പിണങ്ങിയൊതുങ്ങാൻ തുടങ്ങി. എന്തേ നെയ്യാമ്പലിന്
ചന്ദ്രനോട് മാത്രമായി ഇത്രയേറെ പ്രണയം. താമരയ്ക്ക് സൂര്യനോട്  ആഴത്തിൽ പ്രണയം ജ്വലിക്കുന്നതെന്തെ? അവരുടെ ആത്മാവിൽ എഴുതപ്പെട്ട പ്രണയ കാവ്യത്തിൽ ചന്ദ്രനും സൂര്യനുമാകാം. ഒരു പാതിരാ പക്ഷിയുടെ കരച്ചിൽ എങ്ങുനിന്നോ അവളുടെ ചെവികളിൽ വന്നലച്ചു . അവൻ ഇരുളിന്റെ ആഴങ്ങളിൽ എങ്ങോ മനമറ്റ് വീണ്
നിലവിളിക്കുന്നതവൾ നിലാവ് പരന്ന നിശബ്ദ്ദതയിൽ ഉള്ളിൽ പാതിര പക്ഷിയുടെ നിലവിളിക്കൊപ്പം കേട്ടു. അവന് മുറിവേറ്റിരിക്കുന്നു . സൂര്യനോട് താമരയ്ക്കും ചന്ദ്രനോട് നെയ്യാമ്പലിനും പോലെ അവൾക്ക് അവനോടും അവന് അവളോടും പ്രണയം . 
നേർത്തയൊരു നൂലിഴയുടെ നഖം അവരുടെ പ്രണയത്തിൻ്റെ കണ്ഡത്തിൽ ക്ഷതമേൽപ്പിച്ചിരിക്കുന്നു.
അതിനാൽ ശ്വാസം നിലച്ചു പോയിരിക്കുന്നു .പൂർണ്ണ ചന്ദ്രന്റെ പൂനിലാവ് മുഖത്ത് പതിച്ചപ്പോഴും അവളുടെ മനസ്സിലും മുഖത്തും അമാവസി തെളിഞ്ഞു നിന്നു. അതേ അവളുടെ മുഖത്ത് നിലാവ് കെട്ട് അമാവാസി ഇരുണ്ട് നിന്നു. സിരകൾ വരണ്ട് മരുഭൂമി വ്യാപിക്കുന്നതവൾ ഉൾചൂടിൻ്റെ പിടിയിൽ അറിഞ്ഞു. 
                   

Join WhatsApp News
Philip kallada 2024-11-17 15:27:36
മനോഹരമായ ഭാവന. നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക