Image

കുർബാന വിഷയത്തിൽ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് നിർണായക വിധി ; അല്മായ മുന്നേറ്റം

Published on 17 November, 2024
കുർബാന വിഷയത്തിൽ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് നിർണായക വിധി ; അല്മായ മുന്നേറ്റം

 കുർബാന വിഷയത്തിൽ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് നിർണായക വിധിയെന്ന് അല്മായ മുന്നേറ്റം .

കിഴക്കമ്പലം ഫൊറോന വികാരി ഫാ.ഫ്രാൻസിസ് അരീക്കൽ OS48 / 2024 എന്ന കേസിൽ സമർപ്പിച്ച ഇടക്കാല അപേക്ഷ പരിഗണിച്ചാണ്  ഉത്തരവ്. സീറോ മലബാർ സഭയുടെയും, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെയും, പരാതിക്കാരുടെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തര വെന്ന് അല്മായ മുന്നേറ്റം അവകാശപ്പെട്ടു.

 വത്തിക്കാനിൽ നിന്ന് അംഗീകരിച്ചു വന്ന പുതുക്കിയ കുർബാന തക്സയിൽ പൊതു നിർദേശങ്ങൾ (ജനറൽ ഇൻസ്ട്രക്ഷൻ) നമ്പർ 7 ഉണ്ടായിരുന്നില്ലെന്നും, അത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുള്ള ഫാ.ഫ്രാൻസിസ് അരീക്കലിന്റെ വാദം കോടതി അംഗീകരിച്ചു കൊണ്ടാണ് ഉത്തരവ് ഇഷ്യൂ ചെയ്തത്. കുർബാനയിലെ അർപ്പണരീതി സംബന്ധിച്ച് സിനഡോ, സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റിയോ ചർച്ച ചെയ്തിരുന്നതായി രേഖകളില്ല. അതിനാൽ കുർബാന തക്സയിൽ അനധികൃത കൂട്ടിച്ചേർക്കൽ മൂലം താറുമാറാക്കപ്പെട്ടതാണെന്ന (tampered) ഫാ.ഫ്രാൻസിസ് അരീക്കലിന്റെ വാദം അംഗീകരിച്ച് കോടതി ഉത്തരവാകുകയായിരുന്നു. 

 ഉത്തരവ് പ്രകാരം, സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി പാസാക്കി അംഗീകാരത്തിനായി വത്തിക്കാനിലേക്ക് അയച്ച കുർബാന തക്സയും, വത്തിക്കാനിൽ  നിന്ന് പാസാക്കി തിരിച്ചു വന്ന  കുർബാന തക്സയും കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റ് പരിശോധിക്കാൻ ഈ രേഖകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.  കുർബാന സംബന്ധിച്ച സിനഡിന്റെ തീരുമാനം തർക്കവിഷയമാണെന്നും, മാർപാപ്പ അംഗീകരിച്ച കുർബാന പുസ്തകത്തിൽ വെട്ടിത്തിരുത്തലുകൾ വരുത്തി എന്ന വാദത്തിൽ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. 

പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഈ ഉത്തരവ് ദൂരവ്യാപക പ്രത്യാഘതങ്ങളുണ്ടാക്കുന്നതാണെന്ന് അല്മായ മുന്നേറ്റം പ്രസ്ഥാവിച്ചു. പുതുക്കിയ കുർബാനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും, 2021 ആഗസ്റ്റ് മാസത്തെ സിനഡ് തീരുമാനം തന്നെയും അസാധുവാക്കപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്ന് അല്മായ മുന്നേറ്റം അവകാശപ്പെട്ടു.

 റിജു കാഞ്ഞൂക്കാരൻ  
വക്താവ് 
അല്മായ മുന്നേറ്റം 
എറണാകുളം അതിരൂപത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക