Image

മികച്ച വനിതാ ട്രാക്ക് അത്‌ലിറ്റ്; സിഡ്‌നി മക് ലോഗ്ലിന് സാധ്യത (സനില്‍ പി. തോമസ്)

Published on 18 November, 2024
മികച്ച വനിതാ ട്രാക്ക് അത്‌ലിറ്റ്; സിഡ്‌നി മക് ലോഗ്ലിന് സാധ്യത (സനില്‍ പി. തോമസ്)

2024-ലെ മികച്ച വനിതാ ട്രാക്ക്  അത്‌ലിറ്റ് ആരായിരിക്കും? ഡിസംബര്‍ ഒന്നിന് പ്രഖ്യാപനം വന്നേക്കും. അമേരിക്കയുടെ ഹര്‍ഡില്‍സ് താരം സിഡ്‌നി മക് ലോഗ്ലിനും സെയ്ന്റ് ലൂസിയയുടെ സ്പ്രിന്റര്‍ ജൂലിയന്‍ ആല്‍ഫ്രഡുമാണ് അവസാന ഘട്ടത്തിൽ. പാരിസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ സിഡ്‌നി 4X400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ യു.എസ്. ടീമിലും അംഗമായിരുന്നു. സിഡ്‌നി മക് ലോഗ്ലിനെ സംബന്ധിച്ചിടത്തോളം പാരീസ് ഒളിംപിക്‌സിലെ പ്രകടനം ടോക്കിയോ ഒളിംപിക്സിൻ്റെ ആവര്‍ത്തനമായിരുന്നു. ടോക്കിയോയിലും ഇതേ ഇനങ്ങളിലാണ് സിഡ്‌നി സ്വര്‍ണ്ണം നേടിയത്.

2016 ല്‍ പതിനേഴാം വയസ്സില്‍ യു.എസ്. ഒളിംപിക്‌ ടീമിലെത്തിയ സിഡ്‌നി മക് ലോഗ്ലില്‍ പാരിസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം ലോക റെക്കോര്‍ഡ് (50.58) മെച്ചപ്പെടുത്തി ( 50.37 സെ.) .200 മീറ്ററിലും 400 മീറ്ററിലുമൊക്കെ മികവുകാട്ടുന്ന സിഡ്‌നി മക് ലോഗ് ലിന്‍ 2023 ല്‍ ഹര്‍ഡില്‍സ് വിട്ട് 400 മീറ്റര്‍ ഫ്‌ളാ റ്റിലേക്ക് മാറിയെങ്കിലും 2024ല്‍ മടങ്ങി വരികയായിരുന്നു. ഇനി 400 മീറ്ററില്‍ മത്സരിച്ചിരുന്നെങ്കിലും സിഡ്‌നി സ്വര്‍ണ്ണം നേടിയേനെ. യു.എസ്. റിലേ ടീമില്‍' രണ്ടാം ലാപ്പ് ഓടിയ സിഡ്‌നി കുറിച്ച സമയം പാരിസിലെ 400 മീറ്റര്‍ വിജയിയേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു.
ഇരുപത്തിയഞ്ചുകാരിയായ സിഡ്‌നി മക് ലോഗ് ലിന്‍ 2028ല്‍ ലോസാഞ്ചലസില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഏതിനത്തിലാകും മത്സരിക്കുകയെന്നു വ്യക്തമല്ല. മാനസികാരോഗ്യം, കായിക ക്ഷമത, പുതുതാരങ്ങള്‍ക്ക് പ്രചോദനം, തുടങ്ങിയവയിലൊക്കെയാണ് സിഡ്‌നി ശ്രദ്ധിക്കുന്നത്. ഫുട്‌ബോള്‍ താരം, ആൻഡ്രേ ലെവ്റോന്‍ ആണ് ഭര്‍ത്താവ്.

ഇടയ്ക്ക് 999.8 മില്യന്‍ ഡോളറിന്റെ (ഏതാണ്ട് ഒരു ബില്യണ്‍ ഡോളറിന്റെ ) കരാര്‍ ഒരു ബഹുരാഷ്ട്ര കമ്പനി വാഗദാനം ചെയ്തത് സിഡ്‌നി നിരസിച്ചെന്നു കേട്ടിരുന്നു. പരസ്യക്കാരുടെ സമ്മര്‍ദ്ദം കൂടാതെ പരിശീലനത്തില്‍ ശ്രദ്ധിക്കണം എന്നതായിരുന്നു വിശദീകരണം. പക്ഷേ, ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം കിട്ടിയില്ല. അതേ സമയം 2018 മുതല്‍ ന്യൂബാലന്‍സ് കമ്പനിയുടെ അംബാസഡറാണ് സിഡ്‌നി. കേവലം 1.5 ദശലക്ഷം ഡോളര്‍ മാത്രമാണ് കരാര്‍ തുക.
സിഡ്‌നി മക് ലോഗ്ലിലിന് വെല്ലുവിളി ഉയര്‍ത്തുന്ന ജൂലിയന്‍ ആല്‍ഫ്രഡ് പാരിസ് ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണവും 200 മീറ്ററില്‍ വെള്ളിയുമാണ് നേടിയത്. ഡയമണ്ട് ലീഗ് ഫൈനലില്‍ വിജയിച്ചിരുന്നു. കരീബിയന്‍ ദ്വീപായ സെയ്ൻ്റ് ലൂസിയയുടെ ആദ്യ ഒളിംപിക് മെഡലാണ് ജൂലിയന്‍ നേടിയത്.

ഗാബി തോമസ്, ഷാ കാരി റിച്ചാര്‍ഡ്‌സന്‍ തുടങ്ങി ഏറെ മാധ്യമ ശ്രദ്ധ നേടിയ യു.എസ്. വനിതാ താരങ്ങളെ പിന്‍തള്ളിയാണ് സിഡ്‌നി മക് ലോഗ്ലിന്‍ കുതിച്ചത്. ഈ വര്‍ഷത്തെ മികച്ച വനിതാ അത്‌ലിറ്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കുന്ന അമേരിക്കയ്ക്ക് വലിയ നേട്ടമാകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക