'എത്രയെത്ര പ്രേരണകൾ' എഴുതി മികച്ച സാഹിത്യവിമർശന ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ ഡോ. എസ്. ശാരദക്കുട്ടി പറയുന്നു, കലാരംഗത്തായാലും എഴുത്തുമേഖലയിലായാലും പൊതുരംഗത്തായാലും നൂറ്റാണ്ടുകളായി സ്ത്രീകൾ ഓടിയ ഓട്ടങ്ങളും, ചാടിക്കടന്ന ഹർഡിൽസും ഇവിടെ ഒരു പുരുഷനും ചെയ്തിട്ടില്ലെന്ന്! സമൂഹ സംബന്ധമായ സാഹിത്യ വിഷയങ്ങളിലുള്ള പ്രതികരണങ്ങളിൽ എന്നും മുൻനിരയിൽ നിന്നിട്ടുള്ള ശാരദക്കുട്ടിയോടു സംസാരിക്കുകയെന്നാൽ, സമകാലിക സംഭവങ്ങളിലേക്കുള്ളൊരു ഹ്രസ്വ സഞ്ചാരമായിരിക്കും...
മൗലികമായ പ്രമേയം
എഴുത്തുകാർ ഒരൊറ്റ സംവർഗമല്ല. പേനയെടുത്ത് എഴുതിയവരെല്ലാം എഴുത്തുകാരുമല്ല. സഹജമായ ആർജവം, സത്യസന്ധത, ആത്മനിർവൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള വ്യക്തിയുടെ പോരാട്ടങ്ങൾക്ക് പ്രതിബന്ധമായുള്ള പരിമിതസാഹചര്യങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമാണ് യഥാർഥ എഴുത്തുകാരുടെ കലയുടെ അടിസ്ഥാനവിഷയം. അംഗീകാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി അനാദർശപരവും അരാഷ്ട്രീയവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന എഴുത്തുകാരും ഉണ്ടാകാം. പക്ഷേ അടിസ്ഥാനപരമായൊരു ഉജ്ജ്വല മാർഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം -- അതാണ് മികച്ച എഴുത്തുകാരുടെ മൗലികമായ പ്രമേയം. അധികാരികളുമായി സംഘർഷത്തിലേർപ്പെട്ട എത്രയോ എഴുത്തുകാരുണ്ട്. അന്നാ അഖ്മതോവ എഴുത്തുകാരിയെന്ന നിലയിലനുഭവിച്ച സംഘർഷങ്ങൾ ഭരണകൂടവുമായി നേരിട്ട് ഏറ്റുമുട്ടിയതിൻ്റെ ഫലമാണ്. അവരുടെ പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും ഭരണകൂടം നേരിട്ടിടപെട്ടാണ് നിരോധിച്ചത്. അംഗീകാരങ്ങൾക്കു വേണ്ടി ഭരണകൂടഭീകരതകളോട് സമരസപ്പെടുന്ന എഴുത്തുകാരെ ആയിരിക്കില്ല കാലം ഓർമ്മിച്ചു വെക്കുക. തത്കാലം കിട്ടുന്ന പുരസ്കാര പ്രഭയുടെ തിളക്കമൊന്നും ശാശ്വതമല്ല. നമ്മൾ ചരിത്രത്തിലേക്ക് തിരിഞ്ഞൊന്നു നോക്കൂ, സമരസപ്പെടാൻ തയ്യാറാകാത്തവരുടെ പേരു മാത്രമേ രേഖപ്പെടുത്തപ്പെട്ടതായി നമുക്കു കാണാൻ കഴിയൂ. അവരെ മാത്രമേ ഞാൻ എഴുത്തുകാരായി പരിഗണിച്ചിട്ടുള്ളു.
സ്ഥാനങ്ങൾ തടയാകരുത്
സർക്കാർ നൽകുന്ന സ്ഥാനങ്ങൾ എഴുത്തുകാരെന്ന നിലയിൽ തങ്ങൾ പുലർത്തുന്ന സത്യസന്ധതക്കും ആർജ്ജവത്തിനും വിട്ടുവീഴ്ചയില്ലായ്മക്കും ഉള്ള അംഗീകാരമാണെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ എഴുത്തുകാർക്ക് അനീതികളെ വിമർശിക്കാൻ ഭയപ്പെടേണ്ടതില്ല. അതല്ല, തങ്ങളുടെ അടിമജീവിതത്തിന് കിട്ടിയ അംഗീകാരമാണെന്ന് കരുതുന്നവർക്ക് വിമർശനം അസാധ്യമായി വരും. അധികാര സ്ഥാനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്ന ഘട്ടം മണത്തറിയാനുള്ള ബുദ്ധിയും അതിനെ ചെറുക്കാനുള്ള ആത്മശേഷിയുമുള്ളവരെയാണു എഴുത്തുകാരെന്ന നിലയിൽ കാലം ഓർത്തു വെക്കുകയും ആദരിക്കുകയും ചെയ്യുക.
മികച്ച തന്നെ സൃഷ്ടിക്കാൻ
സ്ത്രീ/പുരുഷൻ എന്നു വേർതിരിച്ചു സർഗാത്മകതയുടെ തോതളക്കുന്ന ആ പഴയ ഉപകരണം ഇനി ഇവിടെ വിലപ്പോവില്ല. പറയാനുള്ളത് ധൈര്യപൂർവ്വം പറയുകയും, തനിക്കെതിരെ നീളുന്ന വിരലുകളുടെ മുന ഒടിച്ചു കളയുകയും ചെയ്യുന്ന സ്ത്രീകൾ പുരുഷനൊപ്പമെത്താനല്ല, മറിച്ച് പഴയ തന്നേക്കാൾ മികച്ച ഒരു തന്നെ സൃഷ്ടിച്ചെടുക്കാനുള്ള യത്നത്തിലാണ്. അംഗീകാരങ്ങളും അവാർഡുകളും സ്ഥാനമാനങ്ങളുമാണ് എഴുത്തുകാരുടെ വില നിശ്ചയിക്കുന്നതെന്ന മുൻവിധിയിൽ നിന്നാണ് എപ്പോഴും അവാർഡിലെ സ്ത്രീകളുടെ എണ്ണം താരതമ്യം ചെയ്തു കൊണ്ടുള്ള ചോദ്യങ്ങൾ സമൂഹം ഉന്നയിക്കുന്നത്. അവാർഡുകൾ തീർച്ചയായും ഒരു പ്രോത്സാഹനമാണ്. അതിനപ്പുറം എഴുത്തു ശേഷിയെ നിർണ്ണയിക്കാനോ നിർവ്വചിക്കാനോ ഉള്ള ഉരകല്ലൊന്നുമല്ല. നൂറ്റാണ്ടുകളായി സ്ത്രീകൾ ഓടിയ ഓട്ടങ്ങളും ചാടിക്കടന്ന ഹർഡിൽസും ഒന്നു തിരിഞ്ഞു നോക്കൂ. കലാരംഗത്തായാലും എഴുത്തു മേഖലയിലായാലും ഏതു പൊതുരംഗത്തായാലും സ്ത്രീകൾ ഓടിയേടത്തോളമൊന്നും, ചാടിക്കടന്നിടത്തോളമൊന്നും ഇവിടെ ഒരു പുരുഷനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് വലിയ വിഭാഗം പുരുഷന്മാരുടെയും ചിന്താഗതികളും കാഴ്ചപ്പാടുകളും ഇന്നും നൂറ്റാണ്ടുകൾക്കു പിന്നിൽ നിൽക്കുന്നത്. ധീരതയുടെ വിഷയത്തിലും പാരമ്പര്യ ധാരണകളെ ചവിട്ടിത്തെറിപ്പിക്കുന്ന വിഷയത്തിലും സ്ത്രീകൾ നേടിയ വളർച്ച അത്ഭുതകരമാണ്. പൊതുരംഗത്തുള്ള സ്വാധീനവും അധികാരികളുമായുള്ള നല്ല ബന്ധങ്ങളും സൂക്ഷിക്കുന്ന എഴുത്തുകാർ ആണോ പെണ്ണോ ആകട്ടെ, അവർ ചിലപ്പോൾ പുരസ്കാരങ്ങളിലേക്ക് വളരെ വേഗം എത്തിപ്പെട്ടേക്കാം. അതത്രയേ ഉള്ളു; അത്ര മാത്രമേ ഉള്ളു. ഇന്നത്തെ സ്ത്രീ നേടിയ ആധുനികമായ ഒരുൾബലമുണ്ട്. അതിനെ സമൂഹവും അധികാരകേന്ദ്രങ്ങളും ഭയപ്പെടുന്നുണ്ട് എന്നതാണ് അവൾ നേടിയ ജ്ഞാനപീഠം. അത് ഒരധികൃതരും ചെയ്തു തന്ന ഔദാര്യമല്ല. മറിച്ച് പാട്രിയാർക്കൽ വ്യവസ്ഥകളോട് മല്ലടിച്ച തലമുറകളിലൂടെ അവൾ നേടിയെടുത്ത പീഠമാണ്.
അധ്വാനം മുഖ്യം
എന്നെ സംബന്ധിച്ചു പറയട്ടെ: പുരുഷ മേധാവിത്വം കൊടികുത്തിവാഴുന്ന ഒരു മേഖലയിൽ പണിയെടുക്കാനിറങ്ങുമ്പോൾ ആവശ്യമായ എല്ലാ മുൻകരുതലുകളും ഞാനെടുക്കാറുണ്ട്. മികച്ച അധ്വാനമാണ് അതിൽ ഏറ്റവും പ്രധാനം. അലസമായും പിന്നിൽ കൈ കെട്ടി നിന്നും ഒരു വാക്കു പോലും എഴുതില്ല എന്ന നിശ്ചയമാണത്. തഴയപ്പെടാനുള്ള ഒരു പഴുതും ഞാനായിട്ട് ഇട്ടു കൊടുക്കില്ല എന്ന വാശി എനിക്കുണ്ട്. ബൗദ്ധികമായി എന്നിൽ അടിച്ചേൽപ്പിക്കപ്പെടാനിടയുള്ള അടിമത്തത്തെ കുറിച്ച് ഞാനാദ്യം മുതൽ ബോധവതിയാണ്. പുരുഷനിലെ, അയാളെ മാത്രം കേൾക്കുന്ന അധികാരിയായ വക്താവിനെ പുറത്താക്കി അകറ്റി നിർത്തിക്കൊണ്ടല്ലാതെ ഞാനെൻ്റെ എഴുത്തിനെയും ജീവിതത്തെയും സമീപിച്ചിട്ടില്ല. എൻ്റെ ആവശ്യകത ഉറപ്പുള്ളയിടങ്ങളിലല്ലാതെ ഇടിച്ചു കയറി ഒരിടത്തും ചെല്ലാറുമില്ല. എന്നെ ഏറ്റവുമധികം ബഹുമാനിക്കുന്ന ആൾ ഞാൻ തന്നെ ആയതു കൊണ്ട് ആണായതിൻ്റെ മാത്രം പ്രിവിലേജ് എൻ്റെ മേൽ അടിച്ചേൽപിക്കാൻ ഞാൻ നിന്നു കൊടുക്കാറില്ല. സ്നേഹത്തിനും സൗഹൃദത്തിനും മാനുഷികതക്കും വില കൊടുക്കുന്ന ഒരാളെന്ന നിലയിൽ ബന്ധങ്ങളിൽ ഞാൻ എന്തു വിട്ടുവീഴ്ചക്കും തയ്യാറാകും. പക്ഷേ, അതെൻ്റെ മൂക്കിൽ തൊടുന്ന ഘട്ടം എനിക്ക് തിരിച്ചറിയാൻ കഴിയും. അതവിടെ അവസാനിപ്പിക്കാനും കഴിയും. ഈ പാട്രിയാർക്കൽ ഘടനയിൽ സ്ത്രീകൾക്ക് അസാമാന്യവും ആസൂത്രിതവുമായ വാശി, ഉൽകൽഷേച്ഛ, അനുസരണക്കേട് ഇവയുണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ എന്നാണ് ഞാൻ പഠിച്ചത്.
ലിംഗനീതി ഉറപ്പാക്കണം
നമ്മുടെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വളരെ പ്രശസ്തരായ ചില സംവിധായികമാർ അവരുടെ സിനിമകൾ ബോധപൂർവ്വം തഴയപ്പെടുന്നതിനെ കുറിച്ച് ഈയടുത്ത കാലത്ത് ശക്തമായ പ്രതികരണമുയർത്തിയിരുന്നു. അക്കാദമികളും സർക്കാർ സംവിധാനങ്ങളും സിനിമാ മേഖലയിലെ അവരുടെ പ്രവർത്തനങ്ങളോട് കാണിക്കുന്ന അവഗണന അവർ എണ്ണിയെണ്ണി പറഞ്ഞു. എഴുത്തായാലും സിനിമയായാലും മറ്റേതു മേഖലയായാലും ലിംഗനീതി ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതിനു വേണ്ട കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അതൊരു പുരോഗമന സർക്കാർ ആകുന്നത്. എല്ലാ മേഖലയിലും നിന്നുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സമിതികളുണ്ടാകണം. ഗൗരവമുള്ള ആലോചനകളുണ്ടാകണം.
പെൺപക്ഷ നിലപാടുകൾ
പെണ്ണെഴുത്ത്, ആണെഴുത്ത് എന്നിങ്ങനെ ഭാഷാസൃഷ്ടികളെ തീർച്ചയായും തരം തിരിക്കാൻ കഴിയും. പെണ്ണെഴുതുന്നതു കൊണ്ട് പെണ്ണെഴുത്താവില്ല. പെൺപക്ഷ നിലപാടുകളുടെ ശക്തിയാണ് പെണ്ണെഴുത്തിൻ്റെ കാതൽ. അങ്ങനെ ആണെഴുതിയാലും അത് പെണ്ണെഴുത്താകും. 'ചിന്താവിഷ്ടയായ സീത' മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കാവ്യമായതുകൊണ്ടാണ് നൂറാം വർഷത്തിലും അത് പുതുവായനകളുമായി പുനർജനിച്ചു കൊണ്ടിരിക്കുന്നത്. കെ. സരസ്വതിയമ്മ തൻ്റെ ജീവിത കാലത്തിനിത്രയും വർഷങ്ങൾക്കിപ്പുറവും പഠിക്കപ്പെടുന്നതും അതുകൊണ്ടു തന്നെ.
സംസ്കാരം റദ്ദാക്കുന്നത്
സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്നു പറഞ്ഞ എഴുത്തുകാരൻ ആരുമായിക്കൊള്ളട്ടെ, അയാളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല. കാരണം, അങ്ങേയറ്റം മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് അയാൾ നേടിയതാണല്ലോ ഇപ്പറഞ്ഞ പദവികളെല്ലാം. അശ്ലീലമെന്ന് അദ്ദേഹം ദ്ദേശിക്കുന്നതെന്താണ്? അത് അത്രക്ക് ഉള്ളിൽ ഉള്ളതു കൊണ്ടാണല്ലോ ഇങ്ങനെ അശ്ലീലം തന്നെ തുപ്പുന്നത്. ഇതു പോലെയുള്ള എഴുത്തുകാർ നമുക്കിടയിൽ ധാരാളമുണ്ട്. അവർ തങ്ങളുടെ എഴുത്തിനെ കുറിച്ച് നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന പുതുനിര എഴുത്തുകാരെപ്പോലെയാണ്. ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണ്.
പെൺവസന്തം
എഴുത്തിലെ പെൺവസന്തം തുടങ്ങിയിട്ടേറെയായി. ആണധികാരത്തിൻ്റെയും ജാത്യധികാരത്തിൻ്റെയും വലിയ കോട്ടകളെ അനായാസം തച്ചുടക്കുന്നതിന് സ്ത്രീക്ക് ശാസ്ത്രം നല്കിയ ഏറ്റവും മികച്ച ടൂൾ ആണ് സോഷ്യൽ മീഡിയ. ഒരു കുരുക്കിനും പിടി കൊടുക്കാതെ, അവർ സ്വയം രക്ഷിച്ചെടുത്തുകൊണ്ട് തന്നെത്തന്നെയും ലോകത്തെയും കൂടുതൽ സ്നേഹിച്ചു തുടങ്ങുകയും തൻ്റെയൊപ്പം നടക്കുവാൻ കുറെയേറെ സാധാരണമനുഷ്യർ ഉണ്ടെന്നു മനസ്സിലാക്കുകയുമാണ്. എഴുത്തിലെ പെൺവസന്തകാല നിർമ്മിതിയിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. നവസ്ത്രീപക്ഷ വിമർശനത്തിൻ്റെ പുതിയ മാതൃകകളാണ് സോഷ്യൽ മീഡിയ നമുക്കു മുന്നിൽ തുറന്നു വെക്കുന്നത്. അത് പുരുഷനെ ഫോക്കസ് ചെയ്യുന്നതു പോലെ തന്നെ സ്ത്രീയേയും ട്രാൻസ്ജെൻഡറിനേയും ഫോക്കസ് ചെയ്യുന്നു. പുതിയ സ്ത്രീ അവരവരെത്തന്നെ അഭിമുഖീകരിക്കുവാൻ കഴിയുന്ന തരത്തിൽ സ്വയം വിമർശകയാകുന്നു. സ്വന്തം അടിമത്തങ്ങളെയും അസംതൃപ്തികളെയും അഡ്രസ് ചെയ്തുകൊണ്ടുതന്നെ സംതൃപ്തമായ ഒരു സ്വയം നിർമിതി സാദ്ധ്യമാക്കുന്നു. തന്നെ ആക്രമിക്കുവാനെത്തുന്ന ആണത്തത്തെ, സവർണതയെ, മേൽക്കോയ്മ ഭാവങ്ങളെ നിഷ്ക്രിയമാക്കുന്ന തരത്തിൽ ഒരു സ്ത്രീബോധം ഇവിടെ ഉണർന്നുപ്രവർത്തിക്കുന്നു. കുതറുന്ന, കലഹിക്കുന്ന, പ്രതിരോധിക്കുന്ന തൻ്റേടിയായ സ്ത്രീയെയാണ് സോഷ്യൽ മീഡിയ നിർമിച്ചു കൊണ്ടിരിക്കുന്നത്. ശക്തമായ ജീവിതവിമർശനവും സ്ത്രീപക്ഷ വിമർശനവും സാദ്ധ്യമാകുന്ന പ്രധാന ഇടവും നവസാമൂഹ്യമാധ്യമങ്ങൾ തന്നെയാണ്. കവിതയായും കഥയായും നോവലായും അവർ ഉയർന്നു പറക്കുകയാണ്. പെൺവിമർശന സമ്പ്രദായങ്ങളെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി സംഭവിക്കുന്നത് സോഷ്യൽമീഡിയയിലാണ്. അവിടെ വിചിത്രക്കാഴ്ചകൾ ഒരുക്കുന്നതിലേറെയും പെണ്ണുങ്ങളാണ്. സാമ്പ്രദായികവും സവർണവും പുരുഷാധിപത്യപരവുമായ വൻകോട്ടകളെയാണ് പെണ്ണുങ്ങൾ തകർത്തു കളയുന്നത്. അവരുടെ രതികാമനകൾ, ഭക്തി, പ്രണയം, പക, പ്രതികാരം, ഫാഷൻ ഭ്രമങ്ങൾ എന്തിന്, അമ്മ ലെവലിലുള്ള നെടുവീർപുകൾ പോലും ഇവിടെ വലിയ കുതിച്ചുചാട്ടമാവുകയാണ്. പെണ്ണുങ്ങൾ തങ്ങളെ കുറിച്ചുള്ള മുൻവിധികൾ, മറികടക്കുകയാണ്. ആ ക്രൂരഭരണങ്ങളെയും ദാസ്യങ്ങളെയും മറികടക്കൽ എന്നാൽ പാട്രിയാർക്കൽ, ഫാഷിസ്റ്റ് രേഖയെ മറികടക്കുക എന്നു തന്നെയാണ്. അധികാരമില്ലായ്മയുടെ പലതരം അവസ്ഥകളോടുള്ള പ്രതിഷേധമാണത്. ആണിൻ്റെ കെട്ടുകാഴ്ചയായിരുന്ന പഴയ പെണ്ണിനെയല്ല, ആണിൻ്റെ കെട്ട കാഴ്ചകൾ ഉറക്കെ വിളിച്ചു പറയുന്ന പുതിയ പെണ്ണിനെയാണ് ഇന്ന് കാണാനാവുക!
ലിവിങ് ടുഗതർ പ്രവണത
നിയമപരമായി ഭാര്യയും ഭർത്താവുമല്ലാത്തവർ ഒരുമിച്ചു ജീവിക്കുന്നതൊക്കെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിൻ്റെയും കാര്യമാണ്. സ്വന്തം അവകാശങ്ങളെ കുറിച്ചു ബോധമുണ്ടാവുക, സാമ്പത്തിക സ്വാശ്രയത്വമുണ്ടാവുക, എന്തിനെയും നേരിടാനുള്ള ധൈര്യമുണ്ടാവുക, ഒരു ശക്തിക്കും കീഴടക്കാൻ കഴിയാത്ത ആത്മധൈര്യമുണ്ടാവുക, ഇതൊക്കെയുണ്ടെങ്കിൽ സ്വാതന്ത്ര്യം പണയം വെക്കാതെ ആർക്കൊപ്പവുമോ ഒറ്റക്കോ ജീവിക്കാം. ഒറ്റക്കായിരിക്കാനുള്ള ധൈര്യമുണ്ടാവുക എന്നതാണ് പ്രധാനം.
എൻ്റെ വിദ്യാർത്ഥി ജീവിതം
പ്രീഡിഗ്രിയും, ഡിഗ്രിയും പഠിച്ചതു കോട്ടയം ബി.സി.എം വനിതാ കോളേജിലായിരുന്നു. അക്കാലത്ത് മികച്ച മലയാളം ക്ലാസുകൾ എനിയ്ക്ക് കിട്ടിയിട്ടില്ല. കേരളത്തിലെ പ്രഗൽഭരായ മലയാളം അധ്യാപകരൊന്നും എന്നെ പഠിപ്പിച്ചിട്ടുമില്ല. അച്ഛൻ്റെ വലിയ പുസ്തക ശേഖരവും വീട്ടിലെ വിലക്കുകളുമില്ലാതിരുന്ന വായനാന്തരീക്ഷവും അക്ഷരശ്ലോകപഠനവും കഥകളി അരങ്ങുകളും സിനിമാ കാഴ്ചകളുമാണ് എന്നെ മലയാള സാഹിത്യത്തിലേക്ക് അടുപ്പിച്ചത്. സാഹിത്യത്തിൽ പി.ജി എടുക്കണമെന്ന മോഹമുദിപ്പിച്ചത് ആ സാംസ്കാരിക ബോധമാണ്. അത് തികച്ചും സ്വാഭാവികമായി വന്ന ഒരിഷ്ടവും ഭ്രമവുമായിരുന്നു. പി.ജി-യ്ക്ക് കോട്ടയം സി.എം.എസ് കോളേജിൽ. ഡിഗ്രിയ്ക്കും പി.ജി-യ്ക്കും മാതമാറ്റിക്സായിരുന്നു വിഷയം. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളുടെ പുരാതനഗന്ധം, ചൂള മരങ്ങളിൽ വീശിയടിക്കുന്ന കാറ്റ്, കർശന നിയന്ത്രണങ്ങളില്ലാത്ത അധ്യയന രീതികൾ ഇങ്ങനെ വന്യതയാഗ്രഹിക്കുന്ന ഒരു പെൺ മനസ്സിനെ ഉന്മാദിനിയാക്കുന്ന പലതും സി.എം.എസ് കോളേജിൽ ഉണ്ടായിരുന്നു. ഗണിതശാസ്ത്ര പഠനം ഒരു ചടങ്ങിനു മാത്രം നടക്കുമ്പോൾ എൻ്റെ സങ്കൽപലോകം വളർന്ന് ആകാശത്തോളം വികസിച്ചു. മാത്സ് പി.ജി-യ്ക്കു ശേഷമാണ് എം.എ മലയാളം പഠിച്ചത്. പിന്നീട് മലയാളത്തിൽ തന്നെ പി.എച്ച്.ഡി-യും ചെയ്തു. ശാസ്ത്രപഠനത്തിൻ്റെ ചിട്ടയായ രീതികൾ സാഹിത്യ പഠനത്തെ വളരെ ഗൗരവകരമായ ഒരു പ്രക്രിയയാക്കി മാറ്റി എന്നതിൽ സംശയമില്ല. യുക്തിബോധത്തോടെയല്ലാതെ ഒരു കാൽപനിക പ്രസ്താവത്തെയും കുറിച്ച് ചിന്തിക്കാനാവില്ല. ഡോക്ടറൽ ഗവേഷണത്തിൻ്റെ വിഷയം 'മലയാള കാൽപനിക കവിതയിലും ആധുനിക കവിതയിലും ബുദ്ധദർശനങ്ങളുടെ സ്വാധീനം' എന്നതായിരുന്നു. കവിതയോടും സാഹിത്യത്തോടുമുള്ള താൽപര്യത്തെ കെടുത്തിക്കളയും വിധമുള്ള അധ്വാനമായിരുന്നു ഗവേഷണ കാലം. എങ്കിലും പരിമിതമായ സമയത്തിനുള്ളിൽ തീസിസ് വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. വായന ഒരു ആസക്തിയും ഭ്രമവുമായിരുന്നു. മുട്ടത്തുവർക്കി മുതൽ ഓ.വി. വിജയനും, മുകുന്ദനും, സക്കറിയയും, വിലാസിനിയും, കെ. സുരേന്ദ്രനും, മലയാറ്റൂർ രാമകൃഷ്ണനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാർ ആയിരുന്നു. അമ്മക്ക് സ്ത്രീയനുഭവങ്ങൾ വായിച്ചു കേൾക്കാനിഷ്ടമായിരുന്നു. 'ഇനി ഞാൻ ഉറങ്ങട്ടെ'യും 'രാച്ചിയമ്മ'യും 'ഉമ്മാച്ചു'വും 'ഒറോത'യും അമ്മയ്ക്കു വേണ്ടി വീണ്ടും വീണ്ടും വായിച്ചു. എസ്.കെ. പൊറ്റക്കാടിനെ വായിച്ചു കേൾപ്പിക്കുമ്പോൾ, കണ്ണിനു കാഴ്ചയില്ലാത്ത അമ്മക്കൊപ്പം ഞാൻ ബാലി ദ്വീപിലും ഈജിപ്തിലും ദക്ഷിണാഫ്രിക്കയിലും കറങ്ങി നടന്നു. സ്ത്രീയനുഭവങ്ങളിലേക്ക് ശക്തമായി പ്രവേശിച്ചു തുടങ്ങിയ ജീവിത ഘട്ടത്തിൽ ബാലാമണിയമ്മയും, സാറാ ജോസഫും, കെ. സരസ്വതിയമ്മയും, മാധവിക്കുട്ടിയും, ചന്ദ്രമതിയും എന്നെ ആവേശിച്ചു. കിട്ടാവുന്നത്ര സ്ത്രീയെഴുത്തുകാരുടെ പുസ്തകങ്ങൾ വിദേശ ഭാഷകളിൽ നിന്ന് ശേഖരിച്ചു തുടങ്ങി. സ്ത്രീകളെഴുതിയ ഡയറിക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, ആത്മകഥകൾ ഒക്കെ വായിച്ചതോടെ ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകൾ എന്നെ പൊള്ളിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. വിർജിനിയ വൂൾഫും, കോലെത്തും, കേറ്റ് മില്ലറ്റും, കേറ്റ് ചോപ്പിനും, മായ് ആഞ്ചലുവും, ഈസക് ദിനസനും, സോഫിയ ടോൾസ്റ്റോയിയും, സീ ഷൊണാ ഗണും തുടങ്ങി ലോകമെമ്പാടും നിന്നുമുള്ള എഴുത്തുകാരികൾ അടങ്ങിയ ഒരു വൻ കാട്ടിനകത്തെ ഒരു ചെറിയ ഇലയാകാൻ ഞാനും ആഗ്രഹിച്ചു. എഴുതിത്തുടങ്ങി.
സ്ത്രീപക്ഷം
സ്ത്രീപക്ഷമാകാൻ ഇനിയും തയ്യാറാകാത്ത ഒരു സമൂഹത്തിൽ സ്ത്രീക്കു വേണ്ടി ഒരു നൂറ്റാണ്ടു കൂടിയെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു. സ്ത്രീവിരുദ്ധതയുടെ അഴിഞ്ഞാട്ടമാണ് സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും അധികാര മേഖലയിലും എന്നു വേണ്ട എല്ലാ പൊതുവിടങ്ങളിലും. കുടുംബങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതയുടെ എക്സ്സ്റ്റൻഷാണ് മറ്റെല്ലായിടത്തും കാണുന്നത്. ദിവസവും അത് വർധിച്ചു വരുന്നു.
------------------------