Image

പോംവഴി (കവിത: വേണുനമ്പ്യാർ)

Published on 18 November, 2024
പോംവഴി (കവിത: വേണുനമ്പ്യാർ)

അറിയുന്നവർ അറിയും
അറിയാത്തവർ അറിയില്ല
അറിയാത്തവർ ഭൂമിയിൽ
വാഴ്ത്തപ്പെടും
മുന്തിയ വീഞ്ഞും
രതിമൂർഛകളും ഭൂമിയിലെന്നപോലെ
സ്വർഗ്ഗത്തിലും അവർക്കു വേണ്ടി
സംവരണം ചെയ്യപ്പെടും


അറിയുന്നവർ
ഒരുവന്റെയും കഴുത്ത് അരിയില്ല
അറിയാത്തവർ നിരപരാധിയെപ്പോലും
അരിയും
അരിഞ്ഞരിഞ്ഞ് തുണ്ടു തുണ്ടാക്കും
തുണ്ടാണ് അറിയാത്തവരുടെ
പറുദീസ

അറിയാത്തവർ
അറിയുന്നവരെ ചൊറിയും
കുരിശും വിഷവും വെടിയുണ്ടകളും
അസഹ്യമായ ചൊറിച്ചിലിന്റെ
പ്രതീകങ്ങളായി
ചരിത്രത്തെ അലങ്കരിക്കും

അറിയാത്തവർ
പ്രതിഫലം പ്രതീക്ഷിച്ച്
നേരത്തെ മന:പ്പാഠമാക്കി വെച്ച
നന്ദിവാചകങ്ങൾ
റോബോട്ടുകളെ പോലെ
ലോഹസ്വരത്തിൽ ഉരുവിടും
താക്കോലിട്ടു പൂട്ടിയ
അവരുടെ ഹൃദയവും
ലോഹം കൊണ്ടല്ലയൊ

അറിയുന്നവരാകട്ടെ
നന്ദിയുടെ ജീവിക്കുന്ന പ്രതീകമായി
ശരണാഗതിയുടെ പടികളിൽ
കുമ്പിടും
നെറ്റിയിൽ പൊടിയുന്ന
ചോരത്തുള്ളികളാൽ അവർ 
ഭൂമിക്ക്
മംഗളവാചകങ്ങളെഴുതും


പരബുദ്ധി കണ്ടുപിടിച്ച
ഉത്തരം അറിക എളുപ്പമത്രെ
അതിലേക്കു നയിച്ച വഴികൾ
കണ്ടെത്തുക കഠിനവും

ജീവനിലേക്കുള്ള പോംവഴി
എളുപ്പവുമല്ല കഠിനവുമല്ല
അന്വേഷിക്കുന്നവർക്കത്
ഒരു തുറന്ന വിശുദ്ധപുസ്തകമാകുന്നു

സാക്ഷരന്റെ രാക്ഷസീയതയും
നിരക്ഷരന്റെ തുറസ്സില്ലായ്മയും
നരകത്തിലേക്കു തുറക്കുന്ന
വാതിലുകളാണത്രെ

വാതിൽപ്പടി ചവിട്ടാതെ
കടന്നു തുള്ളുന്നവർ കൂടണയും

പിന്നീടങ്ങോട്ട് 
ആ പറവകൾക്ക് അഭയമരുളാൻ
ആകാശത്താകട്ടെ
ഭൂമിയിലാകട്ടെ 
ഒരു വീടും അവശേഷിക്കയില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക