Image

സ്വപ്‌നങ്ങൾ (കവിത: ജയൻ വർഗീസ്)

Published on 18 November, 2024
സ്വപ്‌നങ്ങൾ (കവിത: ജയൻ വർഗീസ്)

ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളേ ,

അത്യഗാധങ്ങളാ മാഴിക്കുടങ്ങളേ ,

സുപ്രഭാതങ്ങൾ രചിക്കും നഭസ്സിന്റെ -

യത്യത്ഭുഭുതങ്ങളേ ചന്ദ്ര താരങ്ങളേ ,

 

ഇത്തിരിപ്പൂവായിവിടെയീ ഭൂമി തൻ

മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ -

വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ,

ഹൃദ് മിഴി നീരാൽ കഴുകട്ടെ കാലുകൾ !

 

നിത്യവും സൂര്യനുദിക്കാതിരുന്നില്ല,

കൃത്യമായെത്താതീരുന്നില്ല രാവുകൾ.

തെച്ചിയും മുല്ലയും പൂക്കുന്ന കാവുകൾ -

ക്കിക്കിളി യേകാതിരുന്നില്ല  കാറ്റുകൾ !

 

എന്റെ വർഗ്ഗത്തിനാ യെന്തെന്തു ചാരുത

മന്ദസ്മിതങ്ങൾക്ക് ചാർത്തി നീ വിശ്വമേ ,

തിന്നും കുടിച്ചുമിണ ചേർന്നും നാളെയെ

പൊന്നിൻ കിനാവിന്റെ തൊട്ടിലിലാട്ടിയും

 

ജന്മാന്തരങ്ങൾ തഴച്ചൊരീ ഭൂമിയിൽ

വല്യ സംസ്‌ക്കാരത്തിൻ കോട്ടകൾ കെട്ടിയും ,

രണ്ടായിരത്തിൻ പടി കടന്നെത്തിയീ

മില്ലേനിയത്തിന്റെ പൂമുഖ വാതിലിൽ

 

നിൽക്കവേ നമ്മൾ നടുങ്ങിയോ ഞെട്ടിയോ ,

വട്ടനായ് തീർന്നുവോ മാനവൻ ഭൂമിയിൽ ?

യുദ്ധങ്ങൾ എങ്ങും മനുഷ്യന്റെ ചോരയിൽ

നൃത്തം ചവിട്ടി രസിക്കുന്നു നാടുകൾ !

 

എന്തിനായ് സോദരർ തമ്മിൽ തല കീറി

കൊന്നു മുന്നേറാൻ കുതിക്കുന്നു നെഞ്ചിലെ

കഞ്ഞു കിളിക്കൊഞ്ചൽ സംഗീതമാവണ -

മെന്നു പറഞ്ഞൂ പ്രകൃതിയും ദൈവവും !

 

തോക്കുകൾ നാളെ യുരുക്കി വാർത്താമോദ

പാർപ്പിടം തീർക്കും മനുഷ്യ സ്വപ്നങ്ങളിൽ

കാലം രചിക്കും കവിതയായ് സ്നേഹമാം

കാനനച്ചോലകൾ ചാലേയൊഴുകിടും !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക