മൂന്നാമതൊരിക്കൽ കൂടി യുഎസ് പ്രസിഡന്റായാൽ കൊള്ളാമെന്ന ആഗ്രഹം 78 വയസിൽ വീണ്ടും അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രകടിപ്പിക്കുന്നു. ശക്തമായ ജനപിന്തുണ നൽകുന്ന ആവേശം അദ്ദേഹത്തിനു മുതൽക്കൂട്ടാണെങ്കിലും പക്ഷെ ഭരണഘടനയിൽ അതിനു വ്യവസ്ഥയിൽ എന്നതാണ് പ്രശ്നം.
ഇപ്പോഴത്തെ കാലാവധി കഴിയുമ്പോൾ ട്രംപ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റാവും: 82. വിജയത്തിനു ശേഷം ആദ്യമായി റിപ്പബ്ലിക്കൻ ഹൗസ് അംഗങ്ങളോട് സംസാരിക്കുമ്പോൾ അവർക്കു തന്റെ കാലാവധി നീട്ടാൻ കഴിയുമെന്നു അൽപം തമാശ മട്ടിലാണെങ്കിലും ട്രംപ് പറഞ്ഞു. ജൂലൈയിൽ ക്രിസ്ത്യൻ വോട്ടർമാരോട് അദ്ദേഹം പറഞ്ഞത് ഇക്കുറി തന്നെ വിജയിപ്പിച്ചാൽ പിന്നെ വോട്ട് ചെയ്യേണ്ട ആവശ്യം തന്നെ ഉണ്ടാവില്ല എന്നാണ്. താൻ നാലു വര്ഷം കഴിഞ്ഞും തുടരുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
മേയിൽ നാഷനൽ റൈഫിൾ അസോയിയേഷൻ യോഗത്തിൽ അദ്ദേഹം ചോദിച്ചത് നാലു വർഷത്തേക്കു തന്നെയാണോ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എന്നാണ്. "ഒരു പക്ഷെ നാലു വർഷം കൂടിയാവാം, അല്ലെ?"
അതേ സമയം തിരഞ്ഞെടുപ്പ് ദിനത്തിൽ ന്യൂ യോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത് ഇത് തന്റെ അവസാനത്തെ പ്രചാരണമാണ് എന്നായിരുന്നു.
1951ൽ അംഗീകരിച്ച ഭരണഘടനയുടെ 22ആം ഭേദഗതിയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത് പ്രസിഡന്റ് സ്ഥാനം രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ഒരാൾ വഹിക്കാൻ പാടില്ല എന്നു തന്നെയാണ്. ഭരണഘടനയെ പക്ഷെ സ്വന്തം ആവശ്യത്തിനു വളച്ചെടുക്കാനും ട്രംപിന് അറിയാം. സുപ്രീം കോടതിയിൽ വലതു പക്ഷ ഭൂരിപക്ഷം സൃഷ്ടിച്ച അദ്ദേഹം അവിടന്ന് അടുത്തിടെ നേടിയ സുപ്രധാന വിധി പ്രസിഡന്റ് എന്ന നിലയ്ക്ക് ചെയ്യുന്ന കാര്യങ്ങൾക്കു ഇമ്മ്യൂണിറ്റി ഉണ്ടെന്നതാണ്.
മൂന്നാം തവണ പ്രസിഡന്റാവാൻ ഭരണഘടന വളച്ചൊടിക്കണമെങ്കിൽ പക്ഷെ ഹൗസിലും സെനറ്റിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഹൗസിൽ തലനാരിഴയുടെ ഭൂരിപക്ഷം മാത്രമേയുള്ളൂ റിപ്പബ്ലിക്കൻ പാർട്ടിക്ക്. സെനറ്റിലും മൂന്നിൽ രണ്ടു തികയില്ല.
മാത്രമല്ല, എല്ലാ സംസ്ഥാന നിയമസഭകളും നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ അംഗീകരിക്കണം എന്ന വ്യവസ്ഥയുമുണ്ട്.
ട്രംപിന്റെ ആഗ്രഹം ഫലിതമായി എടുക്കേണ്ട എന്നു വാദിച്ച ഡെമോക്രാറ്റിക് റെപ്. ഡാൻ ഗോൾഡ്മാൻ അദ്ദേഹത്തിനു തടയിടാൻ ഹൗസിൽ പ്രമേയം കൊണ്ടുവരുമെന്ന് ഉറപ്പു നൽകി. "നാലു വർഷം കഴിഞ്ഞാലും അനന്തമായി തുടരുമെന്നു പറയാൻ അദ്ദേഹത്തിനു കഴിഞ്ഞു," ഗോൾഡ്മാൻ ചൂണ്ടിക്കാട്ടി.
Trump floats third term idea