Image

വീണ്ടും മിഷിമയുടെ കഥ:എസ് സുന്ദര്‍ദാസ്

Published on 19 November, 2024
വീണ്ടും മിഷിമയുടെ കഥ:എസ് സുന്ദര്‍ദാസ്

വിഖ്യാത ജാപ്പനീസ് എഴുത്തുകാരൻ യൂക്കിയോ മിഷിമയുടെ ഇതുവരെ പരിഭാഷപ്പെടുത്താത്ത ചെറുകഥ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 2025 -ൽ   അദ്ദേഹത്തിന്റെ ജന്മശതാബ്ധിയാണ്. 1966 -ൽ ജാപ്പനീസ്  ഭാഷയിൽ പ്രസിദ്ധപ്പെടുത്തിയ 'തരിശുഭൂമിയിൽനിന്ന്"(ഫ്രം ദി വൈൽഡർനസ്)  എന്ന ഈ കഥ   മിഷിമയുടെ സവിശേഷമായ രചനാകൗശലം വെളിപ്പെടുത്തുന്നു.

ന്യൂയോർക്കർ മാസികയുടെ പുതിയ ലക്കത്തിൽ പ്രമുഖ ജാപ്പനീസ് എഴുത്തുകാരൻ യൂക്കിയോ മിഷികയുടെ(ജനുവരി 14, 1925 – നവംബർ 25, 1970) കഥ കണ്ടതും വായിച്ചതും അതീവ വിസ്മയത്തോടെയാണ്. 1970 -ൽ  ഹരാകിരി (ആചാരപരമായ ആത്മഹത്യ )നടത്തിയ മിഷിമയുടെ ഇതുവരെ ജാപ്പനീസ് ഭാഷയിൽനിന്നും പരിഭാഷപ്പെടുത്തിയിട്ടില്ലാത്ത 'തരിശുഭൂമിയിൽനിന്ന്"(ഫ്രം ദി വൈൽഡർനസ്)  എന്ന കഥയാണ് അത്. മിഷിമ എഴുതിയ നൂറ്റിഎഴുപത്തിൽപരം ചെറുകഥകളിൽ ഏതാനും ചിലത് ഇനിയും വിവർത്തനം ചെയ്യപ്പെടേണ്ടതായുണ്ട്.  അതിൽ ഒന്നാണ് ഈ കഥ. 1925-ൽ ജനിച്ച മിഷിമയുടെ ജന്മശതാബ്ദിയാണ് 2025 . അതുകൊണ്ടുകൂടിയായിരിക്കണം ഈ കഥാവിവർത്തനം  ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടത്.1966-ൽ എഴുതിയ യുകിയോ മിഷിമയുടെ ഈ  ചെറുകഥ "2025 ജനുവരിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച "വോയ്‌സ് ഓഫ് ദി ഫാലൻ ഹീറോസ്: ആൻഡ് അദർ സ്റ്റോറീസ്" എന്ന പുതിയ ശേഖരത്തിൻറെ ഭാഗമാണെന്ന് മിഷിമയുടെ ജീവചരിത്രകാരനും വിവർത്തകനുമായ  ജോൺ നാഥൻ പറയുന്നു.  

വളരെ ചെറുപ്പത്തിൽത്തന്നെ ലോകം ശ്രദ്ധിക്കുന്ന എഴുത്തുകാരനായി മാറിയ മിഷിമ  മൂന്നു തവണ നോബൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ശരിക്കും ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. കഥാകൃത്ത്, നടൻ, മോഡൽ, ചിത്രകാരൻ, ബോക്‌സർ തുടങ്ങി പലരംഗത്തും അദ്ദേഹം പ്രവർത്തിച്ചു. മിഷിമയുടെ 1959-ൽ പുറത്തിറങ്ങിയ നോവൽ "ക്യോക്കോസ് ഹൗസ്" രചയിതാവിൻറെ വ്യക്തിത്വത്തിൻ്റെ ഈ വ്യത്യസ്ത മുഖങ്ങളെ പ്രതിനിധീകരിക്കുന്ന നാല് യുവാക്കളുടെ പരസ്പരബന്ധിതമായ കഥയാണ്  പറയുന്നത്.

മിഷിമയും കുടുംബവും ഉൾപ്പെടുന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ. ജാപ്പനീസ് സാഹിത്യത്തിലെ ഒരു അന്തർമുഖനും ഏകാകിയുമായ  മിഷിമയുടെ സങ്കീർണ്ണമായ ഐഡൻ്റിറ്റി പ്രതിഫലിപ്പിക്കുന്ന, വ്യക്തിപരമായ വെളിപ്പെടുത്തലിൻ്റെയും ഏകാന്തതയുടെയും തലങ്ങളിലാണ് ഈ കഥ വ്യാപാരിക്കുന്നത്.

മിഷിമക്കും കുടുംബത്തിനും ഏറെ പിരിമുറുക്കം നൽകിയ ഒരു പ്രഭാതത്തിന്റെ വിവരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. അപരിചിതനായ ഒരു നുഴഞ്ഞുകയറ്റക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി. ഒരു രാത്രി മുഴുവൻ നീണ്ട ജോലിക്കുശേഷം പ്രഭാതത്തോടെ ഉറങ്ങാൻ കിടക്കുന്ന ( അതാണ് പതിവ് രീതി) മിഷിമ, നുഴഞ്ഞുകയറ്റക്കാരനോടുള്ള പിതാവിൻ്റെ ആക്രോശം കേട്ട് ഞെട്ടി ഉണർന്നു, ആ യുവാവ് മിഷിമയെ നേരിട്ടു കാണാനായി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച്‌ കടക്കാൻ ശ്രമിക്കുകയാണ്.  മിഷിമയുടെ അച്ഛനും അമ്മയും ഭാര്യയും അയാളെ തടയാൻ ശ്രമിക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് അയാൾ ജനൽച്ചില്ല്  തകർത്ത് മിഷിമയുടെ മുറിയിലെത്തുന്നു. ഷെല്ഫിൽനിന്നും വിശ്വവിജ്ഞാനകോശത്തിന്റെ ഒമ്പതാം വാല്യം എടുത്ത് കൈയിൽ പിടിച്ചുകൊണ്ട് "സത്യം അറിയാൻ" ആണ് താൻ വന്നതെന്ന് അപരിചിതൻ മിശിമയോട് പറയുന്നു. ഇതിനുമുമ്പ് ഒന്നിലധികം തവണ അയാൾ വീട്ടിൽ തന്നെ അന്വേഷിച്ചെത്തിയിരുന്നെങ്കിലും മിഷിമ കാണാൻ കൂട്ടാക്കിയിരുന്നില്ല.  .

വിളറി മെലിഞ്ഞ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ചെറുപ്പക്കാരൻ മിഷിമയോട് "സത്യം" പറയാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.. ഇതിനിടയിൽ അമ്മ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തുമ്പോൾ, അവർ അവനെ കീഴ്പ്പെടുത്താൻ പാടുപെടുന്നു. ഏറെ പരിശ്രമിച്ചു  പോലീസ് ഒടുവിൽ അവനെ  സ്റേഷനിലേക്ക് കൊണ്ടുപോകുന്നു. അല്പം കഴിഞ്ഞ് മിഷിമയും പിതാവും സ്റ്റേഷനിൽ എത്തി ഔപചാരികമായി അതിക്രമിയെക്കുറിച്ച്  പരാതി നൽകുന്നു. സ്റ്റേഷനിൽ അവർ അക്രമിയെ കാണുന്നുണ്ടെങ്കിലും അയാൾ നിസ്സംഗതയോടെ അവരെ നോക്കി കടന്നുപോകുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അയാൾ അനാഥനും ഏകാകിയുമായ ഒരു ചെറുപ്പക്കാരന്റെ മാനസിക വിഭ്രമം ഉള്ള ആളുമാണെന്ന് മിഷിമ മനസ്സിലാക്കുന്നു. വീട്ടിൽ മടങ്ങിയെത്തിയ മിഷിമയുടെ മനസ്സിൽ ഏകാകിയായ ആ യുവാവ് മാത്രമായിരുന്നു. തന്റെ മുറിയിലെ ചാരനിറത്തിലുള്ള വെളിച്ചത്തിൽ അവന്റെ തന്റെ നേരെ തിരിഞ്ഞ മുഖം ഭയങ്കര വിളറിയതായിരുന്നു, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രേതമായ മുഖം. അവൻ തൻ്റെ കൈകളിൽ ഒരു വലിയ പച്ച പുസ്തകം, ഒരു വിജ്ഞാനകോശത്തിൻ്റെ വാല്യം തുറന്ന് പിടിച്ചിരുന്നു. മേശയുടെ പിന്നിലെ അലമാരയിലെ ഒരു സെറ്റിൽ നിന്നാണ് അയാൾ അത് എടുത്തത് എന്ന് വ്യക്തം. 

മിഷിമയ്ക്ക് എന്തോ വ്യത്യസ്തമായി തോന്നി. ആ മഴക്കാലത്തെ പ്രഭാതത്തിൽ, താനല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ലാത്ത തന്റെ മുറിയിലെ മങ്ങലിൽ വിറയ്ക്കുന്ന ആ ചെറുപ്പക്കാരന്റെ അകാലത്തിൽ വിളറിയ മുഖം കണ്ടപ്പോൾ, താൻ തൻ്റെതന്നെ നിഴലിലേക്ക് നോക്കുകയാണെന്ന് തോന്നി. മിഷിമ ചിന്തിക്കുന്നു: എവിടെനിന്നാണ് എന്റെ ഈ ചെറുപ്പക്കാരൻ വന്നത്? സ്വാഭാവികമായും അവന്റെ വിലാസം തനിക്ക് നൽകിയില്ല. പക്ഷെ, ക്രമേണ താൻ കാര്യങ്ങൾ മനസ്സിലാക്കി. അവൻ വന്നത് തന്റെ അകത്തുനിന്നാണ്, തന്റെ ആശയങ്ങളുടെ  ലോകത്തുനിന്നാണ്.

ഒരു പക്ഷെ അവനെ ഇങ്ങനെ ആക്കുന്നതിൽ തന്റെ എഴുത്തും പങ്കുവഹിച്ചിരിക്കാമെന്ന് മിഷിമ അപ്പോൾ ചിന്തിച്ചു. ഭാഷ എന്ന മാധ്യമത്തിലൂടെ താൻ പ്രസരിപ്പിക്കുന്നത് എന്താണ്? ഒരു കലാകാരന് മദ്യവില്പനക്കാരനോട് സാമ്യമുണ്ട്. അവൻ്റെ ഉൽപ്പന്നത്തിൽ മദ്യം അടങ്ങിയിരിക്കണം; അവൻ മദ്യം കൂടാതെ ഒരു പാനീയം വിൽക്കുന്നത് സ്വന്തം തൊഴിലിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ, അവൻ ലഹരി വിൽക്കുന്നു. താൻ മദ്യം വാങ്ങുകയാണെന്ന് ഒരു സാധാരണ വ്യക്തിക്ക് അറിയാം, ലഹരിയുടെ ഒരു രാത്രി ആസ്വദിക്കുന്നു, അവൻ ശാന്തനാകുമ്പോൾ ബോധം വീണ്ടെടുക്കുന്നു. എന്നാൽ മറ്റ് സാധ്യതകളുണ്ട്. താൻ മദ്യമാണ് വാങ്ങുന്നതെന്നറിയാതെ ഒരു മനുഷ്യൻ ആ പാനീയം കഴിക്കുന്നു.

ഒരു നോവൽ വായന ഏകാന്തമായ ഒരു സംരംഭമാണ്, അതുപോലെ തന്നെ എഴുതലും. എഴുത്തുകാരൻ തന്റെ എഴുത്തിലൂടെ സ്വന്തം ഏകാന്തത താൻ കണ്ടിട്ടില്ലാത്ത മറ്റുള്ളവരുടെ ഏകാന്തതയിലേക്ക് തുളച്ചുകയറ്റുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഈ ബന്ധമാണ് മിഷിമ സവിശേഷമായ രീതിയിൽ  വിശകലനം ചെയ്യുന്നത്.  ആ മനോനിലയിൽ വീട്ടിൽ അതിക്രമിച്ച്കയറിയ ചെറുപ്പക്കാരനെ "മൈ യങ് മാൻ" എന്നാണ് മിഷിമ പരാമർശിക്കുന്നത്. എഴുത്തുകാരൻ, എഴുത്ത്, വായനക്കാരൻ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ വിശകലനത്തിലൂടെ മിഷിമ നടത്തുന്ന ആത്മാന്വേഷണമാണ് ഈ കഥ. ആ ചെറുപ്പക്കാരൻ എന്നോട് സത്യം പറയാൻ ആവശ്യപ്പെട്ടു, ഞാൻ സത്യം പറയുകയും ചെയ്തിരിക്കുന്നു എന്ന മിഷിമയുടെ ചിന്തയിലാണ് കഥ അവസാനിക്കുന്നത്.  

ഒരു അപരിചിതൻ തങ്ങളുടെ  ഏകാന്തതയിലേക്ക് അതിക്രമിച്ച്  കടക്കാൻ ശ്രമിക്കുമ്പോൾ കലാകാരന്മാർ അതിനെതിരെ  പ്രതികരിക്കാറുണ്ട്. അതാണ് ഈ കഥയുടെ തുടക്കത്തിലും സംഭവിച്ചത്. മിഷിമയും ഭാര്യയും അമ്മയും അച്ഛനും പോലീസും എല്ലാം ചേർന്ന് ആ യുവാവിനെ ഉപരോധിക്കുന്നു. എന്നാൽ സത്യം അറിയാൻ തന്നെ തേടിവന്ന ആ അപരിചിത നെ 'മൈ യങ് മാൻ " ആയി ഒടുവിൽ മിഷിമ തിരിച്ചറിയുന്നു. ഏകാകിയായ ആ യുവാവിന്റെ വിഹ്വലതകൾക്ക് താനും കാരണക്കാരൻ എന്നും(എഴുത്തിലൂടെ താൻ അയാളിലേക്ക് താൻ കടത്തിവിട്ട് എകാകിത) ഒടുവിൽ അവനിൽ സ്വന്തം പ്രതിബിംബം തന്നെ താൻ കാണുന്നുവെന്നും ഉള്ള ചിന്തയിൽ എത്തുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക