തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്ന് അഞ്ചുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്.)ത്തില്‍ തുടരുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും.
സുനിതയ്ക്കും വില്‍മോറിനും ഭക്ഷണം അവിടെ ആവശ്യത്തിനുണ്ടെങ്കിലും 'ഫ്രഷ് ഫുഡി'ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പിസ, റോസ്റ്റ് ചിക്കന്‍, ഷ്രിംപ് കോക്ടെയില്‍ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും കഴിക്കുന്നത്. പക്ഷേ, വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഉള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങള്‍, സുനിതാ വില്യംസിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നവയായിരുന്നു.
ആവശ്യത്തിന് കലോറി ഇരുവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് സ്റ്റാര്‍ലൈനര്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍ ഒരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ചിരുന്നു. എന്നാലും, ഇവരുടെ ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും പരിമിതമാണ്. കാരണം, ഐ.എസ്.എസിലേക്ക് ഭക്ഷണം പുതുതായി വിതരണം ചെയ്യണമെങ്കില്‍ മൂന്നുമാസം വേണ്ടിവരും. ബഹിരാകാശ നിലയത്തില്‍ പ്രതിദിനം 1.7 കിലോ ഗ്രാം ഭക്ഷണമാണ് ഓരോ ബഹിരാകാശ സഞ്ചാരിക്കും ലഭിക്കുക എന്നാണ് നാസ പറയുന്നത്.