മുംബൈ: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ മുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോളുകളും. ശനിയാഴ്ചയാണ് രണ്ടിടത്തും ഫലപ്രഖ്യാപനം. മാട്രിസ്, പി-മാർക്യു, പീപ്പിൾസ് പൾസ്, ലോക്ശാഹി മറാത്തി-രുദ്ര എന്നീ എക്സിറ്റ് പോളുകളാണ് മഹാരാഷ്ട്രയിൽ എൻ.ഡി.എ വിജയിക്കുമെന്ന് പ്രവചിച്ചത്. മാട്രിസ്, പീപ്പിൾസ് പൾസ്, ടൈംസ് നൗ-ജെ.വി.സി പോളുകളാണ് ഝാർഖണ്ഡിൽ എൻ.ഡി.എ വിജയം പ്രവചിച്ചത്.
അതേസമയം, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഇൻഡ്യ സഖ്യം വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
അതിനിടെ ഝാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഭാരത് പ്ലസിന്റെ പ്രവചനം. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിനെ പരാജയപ്പെടുത്തി ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തില്‍ വരുമെന്നാണ് ഭാരത് പ്ലസിന്റെ പ്രവചനത്തില്‍ പറയുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം നവംബര്‍ 23ന് പ്രഖ്യാപിക്കും.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു.
പി മാര്‍ക്ക് സര്‍വേയിലും ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം. 137 മുതല്‍ 157 സീറ്റുകള്‍ വരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. പോള്‍ ഡയറിയും മഹാരാഷ്ട്ര മഹായുതി സഖ്യം മുന്നില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 122 മുതല്‍ 186 സീറ്റുകള്‍ വരെ മഹാരാഷ്ട്ര മഹായുതി സഖ്യത്തിന് ലഭിക്കുമെന്നാണ് പോള്‍ ഡയറിയുടെ പ്രവചനം.