Image

മണിപ്പൂർ കത്തിയെരിയുമ്പോൾ മലയാളിയുടെ സാന്ത്വന സ്പർശം (കുര്യൻ പാമ്പാടി)

Published on 20 November, 2024
 മണിപ്പൂർ കത്തിയെരിയുമ്പോൾ മലയാളിയുടെ സാന്ത്വന സ്പർശം (കുര്യൻ പാമ്പാടി)

ദശാബ്ദങ്ങൾ മുമ്പ് ജീവിതത്തിലാദ്യമായി നോർത്ത് ഈസ്റ്റിലെത്തിയ  എനിക്ക് ആസാമിലെ ഗുവാഹത്തിയിൽ ആർച്  ബിഷപ് പാലാക്കാരൻ തോമസ്മേനാംപറമ്പിലിനെയും ഇൻഫാലിൽ  ആർച്  ബിഷപ്പ് കുറവിലങ്ങാട് കാളികാവിലെ ജോസഫ് മിറ്റത്താനിയെയും കാണാൻ കഴഞ്ഞു.

പല ദിവസം എടുക്കുന്ന ട്രെയിൻ യാത്രക്ക് പകരം അടുത്ത കാലത്ത് കൊച്ചിയിൽ നിന്ന്  ഫ്ളൈറ്റിൽ മൂന്നു മണിക്കൂർ കൊണ്ട് ഗുവാഹത്തിയിൽ ഇറങ്ങിയ എനിക്ക് ബംഗ്ളദേശിനോട് തൊട്ടുരുമ്മി കിടക്കുന്ന മേഘാലയത്തിലെ ടുറ പട്ടണത്തിൽ   ബിഷപ് എമിരിറ്റസ് ജോർജ് മാമലശ്ശേരിയെ കാണാനും ഓക്സിലറി ബിഷപ് ജോസ് ചിറക്കലിന്റെ അതിഥിയായി താമസിക്കാനും കഴിഞ്ഞു. കോട്ടയം കളത്തൂർ സ്വദേശിയായ മാമലശ്ശരി പിതാവ് ഇക്കഴിഞ്ഞ ജൂലൈ 5നു  92 ആം വയസിൽ അന്തരിച്ചു.

കടക്കൂ പുറത്ത്- കലാപ മേഖലയിൽ മുഖ്യമന്ത്രി ബീരേൻ  സിങ്ങിനെതിരെ മുദ്രാവാക്യം

 

മണിപ്പൂർ തലസ്ഥാനമായ ഇൻഫാലിൽ  സ്‌കൂൾ നടത്തിക്കൊണ്ടിരുന്ന ഫാ. മാത്യു മണിയഞ്ചിറയാണ് ഞാൻ  ഏറ്റവും ഒടുവിലായി കണ്ട മലയാളി. സ്‌കൂൾ നടത്തുന്നയാൾ. വിപ്ലവത്തിന്റെ ദൈവശസ്ത്രം പറയുന്ന  അദ്ദേഹത്തെ വിപ്ലവകാരികൾ വെടിവച്ചു കൊന്നതായി കേട്ടപ്പോൾ ഞെട്ടലുണ്ടായി. പക്ഷെ മണിപ്പൂരിൽ അടുത്തകാലത്തുണ്ടായ രക്തതരൂഷിത സമരങ്ങൾ  ലൈവ് ആയി ചാനലുകളിൽ കാണുമ്പോൾ  ഞെട്ടാതിരിക്കുന്നതു നോർത്ത് ഈസ്റ്റിന്റെ കഴിഞ്ഞകാല ചരിത്രം അറിയാവുന്നതുകൊണ്ടാണ്.

നാഗാലാൻഡിലെ തീവ്രവാദം ശമിപ്പിക്കുന്നതിന് നടത്തിയ പരിശ്രമങ്ങളുടെ പേരിൽ നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട മേനാംപറമ്പിലും (88)  ഏറ്റം നീണ്ടകാലം ബിഷപ്പും ആർച്ച് ബിഷപ്പുമായിരുന്ന  മിറ്റത്താനിയും (91) റിട്ടയർ ചെയ്തു വിശ്രമത്തിലാണ്. അവിടെ നാട്ടുകാരായ വൈദികർ മുഖ്യസ്ഥാനത്തേക്കു വർന്നിട്ടുണ്ടെങ്കിലും മലയാളി സാന്നിധ്യം ഇന്നും ജ്വലിച്ചു നിൽക്കുന്നു.

 വെടിവയ്പ്പിൽ പത്തു കുക്കികൾ മരിച്ച ജിരിബാമിലെ ക്ഷുഭിത ജനം  


ഉദാഹരണത്തിന് ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. ഡോ. വർഗീസ് വേലിക്കകം ഇൻഫാൽ അതി തിരൂപതയുടെ വികാരി ജനറൽ ആണ്. മിറ്റത്താനിയുടെ കീഴിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് എക്കോണമറും പ്രൊക്യൂറേറ്ററും ആയിരുന്നു.   പ്രകൃതിസ്‌നേഹി, കാർഷിക തല്പരൻ, സാമൂഹ്യ പ്രവർത്തകൻ. ആസാമിലെ ഡോൺ ബോസ്‌കോ സർവകലാശാലയിൽ നിന്ന്  'വിമൻ എംപവർമെന്റ്  ആൻഡ് മൈക്രോഫിനാൻസ്' വിഷയത്തിൽ ഡോക്ട്രേറ്റ്. 45  വർഷമായി നോർത്തീസ്റ്റിൽ വന്നിട്ട്. വൈദികനായിട്ടു 33  വർഷവും.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വീട്ടുപേരും വേലിക്കകം എന്നാണെന്ന് ഓർമ്മിപ്പിച്ചപ്പോൾ ' ഉവ്വോ,  അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പിതാവിനോ ബന്ധുക്കൾക്കോ  ഞങ്ങളാരും  ഭൂമി വിറ്റതായി  കേട്ടിട്ടില്ല' എന്ന് പറഞ്ഞു അദ്ദേഹം ചിരിച്ചു.

ആർച്ച്ബിഷപ് ലിയോൺ നെലിയും വികാരി  ജനറൽ വർഗീസ് വേലിക്കകത്തും സ്പെയിനിൽ

 

ആർച് ബിഷപ്പ് ഡോ. ലീനസ് നെലിയുടെ  വിശ്വസ്ത സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഉലകം ചുറ്റുന്നആളാണ് ഡോ. വർഗീസ്. റോമിൽ പഠിച്ച ആർച്ച് ബിഷപ് ആകട്ടെ കാരിത്താസ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്ററും ബാംഗ്ളൂർ മെഡിക്കൽ കോളജിന്റെ അസ്സോസിയേറ്റ് ഡയറക്ടറും പ്രിൻസിപ്പലും ആയിരുന്നു.

'കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ മുന്നൂറോളം  പേർ  മരിച്ച സംഘട്ടനങ്ങളിൽ സഭ അതീവ ദുഃഖത്തിലാണ്‌. മണിപ്പൂരിൽ മുഖ്യധാരയിലുള്ള പ്രസ്ബിറ്റേറിയൻ സഭയും കത്തോലിക്കാ സഭയും സ്ഥാപിച്ച പള്ളികളിൽ ആരാധന നടത്തുകയറും അവരുടെ സ്‌കൂളുകളിലും കോളജുകളിലും കുട്ടികളെ പഠിപ്പിക്കുകയൂം ചെയ്യുന്ന ലക്ഷക്കണക്കിന് ജനം ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല,' ഫാ. വർഗീസ് എന്നോട് പറഞ്ഞു.

 ഇൻഫാലിലെ സെന്റ് ജോസഫ് കത്തിഡ്രൽ, ആർച്ബിഷപ്മാർ ലിയോൺ നെലി, ജോസഫ് മിറ്റത്താനി

 

‘ക്രൈസ്തവ സഭകളാണ് നോർത്തീസ്റ്റിലെ ഏറ്ററ്വും വലിയ ധാർമ്മിക, സമാധാന ശക്തി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീമുകളും ഗോത്രവർഗക്കാരും സമാധാനത്തോടെ കഴിഞ്ഞു വന്നിരുന്നവരാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അവർക്കിടയിൽ ചേരിതിരിവുണ്ടാക്കി രക്ത ചൊരിച്ചിൽ സൃഷ്ട്ടിക്കുന്നവരെ ജനങ്ങൾ  തിരിച്ചറിയണം.’

ഇൻഫാൽ അതിരൂപതക്ക് 61പള്ളികളുണ്ട്, 1,10,000   വിശ്വാസികളും. ഒട്ടേറേ സ്‌കൂളുകളും നാലു കോളജുകളും നടത്തുന്നു. നല്ലൊരു ആശുപത്രിയുണ്ട്. മികച്ച ഒരു  സോഷ്യൽ സർവീസ് സെന്ററും.

ആശ്വാസം പകരാൻ ഫാ. ജോൺസൺ എംബിഎഫ്  മണിപ്പൂരിൽ
 

മലയോരങ്ങളിൽ കുക്കികളും നാഗന്മാരും ഇൻഫാൽ ഉൾപ്പെടെയുള്ള താഴ്വാരങ്ങളിൽ മെയ്തികളും അടക്കി വാഴുന്നു എന്ന ധാരണ തെറ്റാണ്. മണിപ്പൂരിൽ ബംഗാളികളും മലയാളികളും ഹിന്ദുക്കളും ഗോത്രവർഗ്ഗക്കാരും ഇടകലർന്നു കഴിയുന്നു. ചില പോക്കറ്റുകളിൽ ചില വിഭാഗങ്ങൾക്കു  മേൽക്കൈ  ഉണ്ടെന്നു മാത്രം.

മ്യാന്മറും ബംഗ്ളാദേശും ചൈനയും അതിർത്തി പങ്കിടുന്ന നോർത്തീസ്റ്റിൽ അവിടങ്ങളിലെ അസ്വസ്ഥയുടെ ഫലമായി ആയിരക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി വരുന്നുണ്ട്. തന്മൂലം നോർത്തീസ്റ്റിനു മറ്റൊരിടത്തുമില്ലാത്ത  അന്താരാഷ്ട്ര പ്രധാന്യമുണ്ട്.

ജിരിബാമിൽ  സെന്റ് ജോസഫ്‌സ് സ്‌കൂൾ  ഉദ്‌ഘാടനം, പ്രിൻസിപ്പൽ ഫാ. ജയ്‌സണും കുട്ടികളും

 

മണിപ്പൂരിന്റെ അതിർത്തി പട്ടണമായ മോറെയിൽ പോയി അതിർത്തി കടന്നു മ്യാന്മറിനുള്ളിലെ ഷോപ്പുകളിൽ നിന്ന് വിദേശ  സിഗരറ്റും സിഡികളും ഇലക്രോണിക് ഉപകരണങ്ങളും കാമറകളും വാങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ഇതെല്ലാം  ഇന്ത്യയിൽ കിട്ടുമല്ലോ. ഇപ്പോൾ അതിത്തിക്കപ്പുറത്തു നിന്ന് എകെ 47  തോക്കും റോക്കറ്റും  ഗ്രനേഡും ഒക്കെ വരുന്നതായി തെളിവുണ്ട്.

തീവ്രവാദികളിൽ ഇന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഇവയൊക്കെ കിട്ടിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത  ഓട്ടോമാറ്റിക് തോക്കുകളും അവയിൽ പെടുന്നു. മണിപ്പൂർ പോലീസ് സ്റ്റേഷനുകളിൽ നിന്ന്  തീവ്രവവാദികൾ അപഹരിച്ചവയാണ്  അവയൊക്കെയെന്നും കേൾക്കുന്നുണ്ട്.

ഇൻഫാലിലെ  മഠം; പിതാവും ഫാ.വർഗീസും  സിസ്റ്റർ പുഷ്പ മാടശ്ശേരി (വലത്ത്) യോടൊപ്പം ജർമ്മനിയിലെ ഫ്രീബർഗിൽ

 

ഇൻഫാലിൽ നിന്ന്  225  കിമീ വടക്കു ആസാമിനോട് ചേർന്നുകിടക്കുന്ന ജില്ലയാണ് ജിരിബാം. അവിടെ സിആർ പിഎഫ് സേന  നടത്തിയ വെടിവയ്‌പ്പിൽ ഈയിടെ പത്തു കുക്കിതീവ്ര വാദികൾ കൊല്ലപ്പെട്ടിട്ടു ദിവസങ്ങളെ ആയിട്ടുള്ളു.   ഏതാനും  മെയ്തി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേശങ്ങൾ അവിടത്തെ ബരാക് നദിയിൽ നിന്നു ണ്ടെടുത്തു.

ജിരിബാമിൽ ഒന്നര വർഷം   മുമ്പ്  സ്‌കൂൾ തുറന്ന നെടുങ്കണ്ടം സ്വദേശി ഫാ. ജെയ്‌സൺ കോശാക്കലിന്റെ നമ്പർ വികാരി ജനറലച്ചൻ പറഞ്ഞു തന്നു. പലതവണ വിളിച്ചു. കിട്ടുന്നില്ല.  അവിടെ ഇന്റർനെറ്റ് വളരെ മോശമാണ്. നിശാനിയമവും നെറ്റ്  നിരോധനവുമാണ്. ഒരുതവണ കണക്ട് ചെയ്ത പ്പോൾ ഏതാനും മിനിറ്റ് സംസാരിക്കാൻ കഴിഞ്ഞു.

ഫാ. വർഗീസ് ആശിർവദിച്ച മണിപ്പൂരി വിവാഹം

 

'സ്ഥിതി വളരെ മോശം. 53  കുട്ടികളും 6   അധ്യാപകരും മാത്രമുള്ള പ്രൈമറി സ്‌കൂളിന് അവധി നല്കിയിരിക്കയാണ്. ഞാനാണ് പ്രിൻസിപ്പൽ. മലയാളികൾ മറ്റാരുമില്ല. ഭാവിയിൽ സിബിഎസ്ഇ അംഗീകാരമുള്ള സ്‌കൂൾ ആയി വളർത്താനാണ് ആഗ്രഹം.', ഫാ. ജയ്‌സൺ പറഞ്ഞു.

പിന്നീടൊരിക്കലും കണക്ഷൻ കിട്ടിയില്ല. പൊടുന്നനവെ പാലക്കാട് വോട്ടെടുപ്പ് നടന്ന 20നു രാവിലെ   കുറെ പടങ്ങളും വോയിസ് മേസേജ്ഉം  കിട്ടി. അതിർത്തി കടന്നു ആസ്സാമിൽ കയറി അയച്ചതാണെന്നും  ഫോണും നെറ്റും ആയിട്ടില്ലെന്നും സന്ദേശത്തിൽ പറയുന്നു.  പഠനങ്ങളിൽ ചിലതു കൊളാഷ് ആക്കി ഇക്കൂടെ ചേർക്കുന്നു.

പള്ളിപ്പുറത്തെ മാതൃദേവാലയം സെന്റ്   മേരീസ് ബസിലിക്ക,  നടുവിൽ ഫാ. വർഗീസ്,  സഹോദരൻ  തോമസ്  വേലിക്കകം


മണിപ്പൂരിൽ ചുറ്റിസഞ്ചരിച്ചു സമാധാന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച മലബാർ ബൈബിൾ ഫെലോഷിപ്പിലെ ഫാ. ഡോ, ജോൺസൺ തേക്കടയിലിന്റെ   ടിവി പ്രഭാഷണങ്ങൾ കേക്കാറുണ്ട് ഞാൻ. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം നയിച്ച ടിവി ചർച്ചയും ആദ്യന്തം കേട്ടിരുന്നു. 'പ്രധാമന്ത്രി മോഡി ഇതുവരെ അവിടെ പോയിട്ടില്ല. അദ്ദേഹം പോയി ചർച്ച നടത്തിയാൽ ഒരുമണിക്കൂർ കൊണ്ട് തീരാവുന്ന പ്രശനമേയുള്ളു. പക്ഷെ പോകണം.' പറയുന്നു ഡോ. ജോൺസൺ.

 നൊബേൽ സമ്മാന നോമിനി ആർച്ച്ബിഷപ് തോമസ് മേനാംപറമ്പിലിന്റെ പുസ്തകം

മണിപ്പൂരിന് പുറത്തുള്ളവരെ 'മായങ്' എന്നാണ് മെയ്‌തികൾ  വിളിക്കുന്നത്. ഒരുപക്ഷേ അവരുടെ ഭൂമിയും വസ്തു വകകളും കയ്യേറുന്നവരായി കരുതുന്ന ബംഗാളികളെ ഉദ്ദേശിച്ചായിരിക്കണം അവരങ്ങനെ പറഞ്ഞു തുടങ്ങിയത്. ഏതായാലൂം അവിടെ നിഷ്കാമ കർമ്മം ചെയ്യുന്ന മലയാളി വൈദികരെയും അവർ ഉയർത്തിയ പള്ളികളെയും ആശുപത്രികളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും പറ്റി അവർ  ഒരിക്കലും അങ്ങിനെ പറയില്ല. അവയില്ലാതെ അവർക്കു ജീവിതമില്ല,' ജോർജ് കള്ളിവയലിൽ എഴുതുന്നു.

 

ജോർജ് കള്ളിവയലിലിന്റെ പഠനം; ഫാ.വർഗീസുമൊത്ത് സുഗ് നുവിലെ തകർന്ന പള്ളിമേടയിൽ

 

ഡൽഹിയിലെ സീനിയർ ജേര്ണലിസ്റ് കള്ളിവയലിൽ മണിപ്പൂരിലെ  സംഘർഷ മേഖലയിൽ പര്യടനം നടത്തി എഴുതിയ പുസ്തകം 'മണിപ്പൂർ  എഫ്‌ഐആർ' ആ മേഖലയെക്കുറിച്ചുള്ള ആധികാരിക രേഖകളിൽ ഏറ്റവും പുതിയതാണ്. മണിപ്പൂരിലെ സുഗ്‌നുവിൽ ഏറ്റവും പഴക്കമേറിയ പള്ളിയുടെ മേട കത്തിച്ചാമ്പലായി കിടക്കുന്നതു  കാണാൻ ഫാ. വർഗീസുമൊത്താണ്  പോയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക