വയറ്റിൽ ഒരുതുള്ളി വെള്ളമില്ല.ഓക്കാനത്തിൽ പുറത്തേക്കുവരാനായി കാത്തുകെട്ടി നിൽക്കുന്ന ഒന്നുമില്ല ആ വയറ്റിൽ.എല്ലാംതന്നെ മുന്നേ പോയിരുന്നു. ലീലാമ്മക്ക് കുടൽമാല കയറി വരുമ്പോലെ.തല പെരുത്തുപോകുന്നു. ശരീരത്തിന് ബലമില്ല.വീണുപോകും. അവർ ഡോക്ടറിനെ ഫോൺ ചെയ്തു. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു പിറ്റേദിവസംതന്നെ ആശുപത്രിയിൽ അഡ്മിറ്റായി. ലീലാമ്മക്ക് കാൻസർ ട്രീറ്റ്മെന്റ് ചെയ്യുകയാണ്.കീമോ മരുന്നുകൾക്ക് ഒരുപാട് പാർശ്വഫലങ്ങളുണ്ട്.അതുകൊണ്ട് എന്തു ബുദ്ധിമുട്ട് തോന്നിയാലും വിളിച്ചുപറയണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു വിളിച്ചതാണ്.
ലീലാമ്മയുടെ കൂട്ടുകാരികൾക്കും സ്വന്തക്കാരികൾക്കും ബന്ധുക്കാരികളും ക്ഷീണം,വയറുവേദന, ദേഹത്ത് പുതിയ പാടുകൾ,മലബന്ധം,വയറിളക്കം,വായു,എരിച്ചിൽ ഇത്യാദി ദീനങ്ങൾ വന്നാൽപ്പിന്നെ ആധിയും വ്യാധിയുമാണ്. എന്താ കാരണം? ലീലാമ്മേടസുഖമാണോ? അയ്യോ ലീലാമ്മേടസുഖം പിടിപെട്ടോ? പെണ്ണുങ്ങൾ അവരുടെ ആമ്പറന്നവന്മാർക്ക് സ്വൈര്യം കൊടുക്കുമോ? വീട്ടിൽ കഞ്ഞിവെക്കുമോ? വെന്താൽ സമാധാനത്തോടെ ഒരുതൊടം കഞ്ഞികുടിക്കാൻ സാധിക്കുമോ? നിന്നെയൊക്കെ മാനസികരോഗത്തിന് ചികിൽസിക്കാൻവിടണമെന്ന് ആമ്പറന്നവന്മാര് ഗതിക്കെട്ട് പറഞ്ഞുപോകും. അതൊക്കെ പെമ്പറന്നോത്തികൾ ലീലാമ്മയെ വിളിച്ചു പറയുകയും ചെയ്യും.ലീലാമ്മ അതൊക്കെക്കേട്ടു തലയ്ക്കു കൈകൊടുത്തിരിക്കും. ഇവളുമാരെ ചുട്ടുകൊന്നാലെന്തായെന്ന്ചിന്തിച്ച്. ലീലമ്മേടസുഖം കാരണം അനുഭവിക്കുന്ന ശരീരക്ലേശം സാമ്പത്തികനഷ്ട്ടം യാത്രാദുരിതം മാനസികവ്യഥ ഇവയൊന്നും പോരാഞ്ഞു ഇവളുമാര് മുഖാന്തരമുള്ള മാനനഷ്ടവും കൂടെ അനുഭവിക്കണമെല്ലോ! അങ്ങനെ കാൻസറിന് ചെറിയതോതിൽ ലീലാമ്മേടസുഖം എന്ന് പേരുമാറ്റം വന്നുതുടങ്ങി.
അങ്ങനെ മുകളിൽപ്പറഞ്ഞ ദുരിതങ്ങൾപ്പേറിയ ലീലാമ്മ ഓക്കാനം കാരണം അഡ്മിറ്റായി. പാദങ്ങളെ പിന്നിലാക്കി തല മുന്നേനടന്ന് വലിച്ചുവിട്ട് ലീലാമ്മ കീമോവാർഡിലെ കട്ടിലിൽ ചെന്നുകിടന്നപ്പോഴുണ്ടായ സുഖം പറഞ്ഞറിയിക്കണോ! തറവാട്ടിലെ സ്വന്തം കട്ടിലിൽ ചെന്നുകിടക്കുന്ന സമാധാനം.
ബ്ലഡ്‌ടെസ്റ്റും സിടി സ്കാനും എടുത്ത് രക്തക്കുറവുണ്ടെന്നും ലങ്സിൽ ഇൻഫെക്ഷനുണ്ടെന്നും മനസിലാക്കി ശരീരത്തിലേക്കു രക്തം കയറ്റാനും ഇൻഫെക്ഷൻ മാറാനുള്ള ആന്റിബയോട്ടിക്‌സും എടുത്തുതുടങ്ങാൻ നഴ്സിന് നിർദ്ദേശം കിട്ടി.ലീലാമ്മ ഒരു കുഞ്ഞിനെപ്പോലെ ഒന്നും ചിന്തിക്കാനില്ലാതെ സുഖമായി ആ കട്ടിലിൽ കിടന്ന് ഡ്രിപ്സ് ഇടാൻ തന്റെ കൈകൾ നീട്ടിവെച്ചു.
പതിവുപോലെ ലീലാമ്മയുടെ ചേട്ടത്തിയുടെ ഫോൺ വന്നു.തനിക്ക് സംഭവിച്ച പുതിയ വിശേഷം പറയാനുള്ള ആവേശത്തിൽ കൈയുടെ അരികിൽവെച്ചിരുന്ന ഫോൺ ചാടിയെടുത്തു ഹലോ പറഞ്ഞു.
എന്തോ ഒണ്ടടീ ലീലേ?അങ്ങേത്തലക്കൽ ശബ്ദം ജനിച്ചു.
ഓ എന്തുവാ.. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റാ.ലീലാമ്മ തന്റെ പുതിയ ധനനഷ്ട്ടശരീരക്ലേശ ദുരിതങ്ങൾ ദുഖത്തോടെ സങ്കടത്തോടെ ചേട്ടത്തിയെ അറിയിച്ചു നെടുവീർപ്പിട്ടു.
എന്റെ ഈ അസുഖം ആർക്കും വരുത്തല്ലേ യേശുവേ:ലീലാമ്മ ആത്മാർത്ഥമായി ദുഃഖം പങ്കുവെക്കുന്നതിനിടറിൽ അപേക്ഷിച്ചു.
ലീലാമ്മേടസുഖം പെട്ടെന്നു പോണേ കർത്താവേ. ലീലാമ്മേടസുഖം ശത്രുക്കൾക്കുപോലും വരുത്തല്ലേ കാരുണ്യവാനായ തമ്പുരാനേ..ആമേൻ:ചേട്ടത്തി ഫോണിൽക്കൂടി മുട്ടിപ്പായി പ്രാർത്ഥിച്ചു.ദൈവം തൂണിലും തുരുമ്പിലും ഫോണിലും ഒക്കെ വ്യാപിച്ചുകിടക്കുന്നുവെന്ന് ചേട്ടത്തി കാര്യമായി വിശ്വസിക്കുന്നു. അവർ ലീലാമ്മ കിടക്കുന്ന ഹോസ്പിറ്റലും റൂം നമ്പറും ചോദിച്ചു മനസിലാക്കി.
നാളെ വരാമടി നിന്നെക്കാണാൻ.
ങ്ഹാ.
ആങ്ങളമാരെയും നാത്തൂന്മാരെയും കൂട്ടിവരാം.
ങ്ഹാ.
നിനക്ക് എന്തേലും കഴിക്കാൻ കൊണ്ടുവരണോടി? ഓറഞ്ചോ മാതളനാരങ്ങയോ മുന്തിരിയോ സബർജെല്ലിയോ..അങ്ങനെ എന്തേലും.
വേണ്ട വേണ്ട.എനിക്ക് ഓക്കാനമാ. ഒന്നും കൊണ്ടുവരണ്ട.
ങ്ഹാ.
പിറ്റേന്ന് ചേട്ടത്തി ആങ്ങളമാരെയും നാത്തൂന്മാരെയും കൂട്ടി ലീലാമ്മക്ക് മുന്നിൽ വരിവരിയായിനിന്ന് ഹാജർവെച്ചു.
ലീലാമ്മ അവരുടെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കി.ശൂന്യമായ കുറേ കൈകൾ.
ഒരുവകയും കൊണ്ടുവരാതാ എല്ലാംകൂടെ എന്നെക്കാണാൻ വന്ന് നിരന്നു നിൽക്കുന്നത്:ലീലാമ്മ ചിന്തിച്ചു.
വന്നവർ കുറേനേരത്തേക്ക് പ്രതിമ കണക്കേ നിൽക്കുകയായിരുന്നു. എല്ലാവരുടെയും മുഖം വാഴക്കൂമ്പുപോലെ നിലത്തേക്ക് നോക്കി കൂമ്പി നിൽക്കുന്നു. നിലത്ത് വൈഡൂര്യക്കല്ല് വീണുകിടപ്പുണ്ടോയെന്ന് അവരുടെ നിൽപ്പുകണ്ട് ലീലാമ്മ സംശയിച്ചു.കുറച്ചു നിമിഷത്തെ മൗനത്തിന് ശേഷം മൂത്താങ്ങള ലീലാമ്മയുടെ തലയ്ക്കൽ കസേരയിട്ട് ഇരുപ്പായി.
നീ ഫോൺ മാറ്റിയോ ലീലേ? ആങ്ങളയുടെ ചോദ്യം.ആങ്ങള ദിവസവും ലീലാമ്മയുടെ ഫോണിലേക്ക് ഓരോ മിസ്സ്ഡ് കാൾ അടിപ്പിക്കുമായിരുന്നു. വെറും ഒരു ബെൽ മാത്രം അടിപ്പിക്കും. ലീലാമ്മക്ക് സൗകര്യമുണ്ടേൽ തിരിച്ചുവിളിക്ക് എന്നായിരിക്കുമോ ആ ഒരു ബെല്ലിന്റെ അർത്ഥം എന്നറിയില്ല. എന്തായാലും ലീലാമ്മയൊട്ട് വിളിക്കുകയുമില്ല. ആങ്ങള ഒരു മുഴുവൻ കാൾ കൊടുക്കുകയുമില്ല.
എന്റെ ഫോൺ പഴയതുതന്നെ:ലീലാമ്മ അൽപ്പം ഗൗരവത്തിലാണ്.
നിനക്ക് വിശേഷിച്ചു എന്തേലും ആഗ്രഹമുണ്ടോടീ? ലീലാമ്മയുടെ തല തലോടിക്കൊണ്ട് ആങ്ങള ആരാഞ്ഞു.
എന്നുവെച്ചാൽ? ലീലാമ്മയുടെ നെഞ്ചുകാളി.
മസാലദോശ കഴിക്കാനോ ഉള്ളിവട കഴിക്കാനോ അങ്ങനെ എന്തേലും ആഗ്രഹങ്ങൾ!
എനിക്കൊന്നും കഴിക്കാൻ വേണ്ട.ഓക്കാനമാ.
ങ്ഹാ.
വെല്യാങ്ങളയുടെ ഭാര്യ മാസ്ക് ധരിച്ചിരുന്നു.അവർ കൈകൾകൊണ്ട് തനിക്ക് ചുമയും തൊണ്ടവേദനയുമാണെന്ന് ആംഗ്യം കാണിച്ചു.
ഓ.. പിന്നെന്തിന് എന്നെ കാണാൻ ഓടിപ്പിടച്ചു വന്നു?അസുഖം മാറിയിട്ട് വന്നാൽപ്പോരായിരുന്നോ? ലീലാമ്മ ഓർത്തോർത്തു ശങ്കിച്ചു.അങ്ങനെയോർത്തു മുഖം കുത്തി വീർപ്പിച്ചു വെച്ചു. ചേട്ടത്തി ലീലാമ്മയുടെ കാലുകൾ തിരുമ്മിക്കൊണ്ട് കട്ടിലിലിരുന്നു.
അപ്പോഴാണ് മറ്റൊരു നാത്തൂൻ താനും എന്തെങ്കിലുമൊക്കെ ചെയ്യണമെല്ലോ എന്നോർത്ത് മുന്നോട്ട് കയറി വന്നത്.അവർ തികഞ്ഞയൊരു പ്രാർത്ഥനക്കാരിയായിരുന്നു.അവർ ലീലാമ്മയെത്തൊട്ടു പ്രാർത്ഥിക്കാൻ തുടങ്ങി.പാട്ടുകൾ,ബൈബിൾ വാക്യങ്ങൾ പിന്നെ ദൈവത്തോടുള്ള യാചനകൾ! വേദനയില്ലാതെ ലീലാമ്മയെ യാത്രയാക്കണേയെന്നവർ പ്രാർത്ഥിച്ചു നിർത്തി. ലീലാമ്മയും ഭർത്താവും മകനും അതുകേട്ട്നെടുനീളൻ ഉലക്ക വിഴുങ്ങിയതുപോലെ ശബ്ദം പുറത്തേക്ക് വരാതെ അനങ്ങാൻ കഴിയാതെ ശ്വസിക്കാൻ കഴിയാതെനിന്നു.എന്തുവാ ഇവരീപ്പറയുന്നത്! ലീലാമ്മയുടെ ചേട്ടത്തി തലയിൽ സാരിത്തുമ്പുമൂടി പിറകോട്ടു വലിഞ്ഞു.ഒരു ദിവസംക്കൂടി ജീവിക്കാൻ കഴിയണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷയോടെ ആശുപത്രിക്കിടക്കയിൽ ഓടിക്കയറിയ ലീലാമ്മ തന്നെ വേദനയില്ലാതെ പറഞ്ഞുവിടാൻ പ്രാർത്ഥിച്ചു തിടുക്കം കാട്ടുന്ന നാത്തൂനെപ്പറ്റിയോർത്ത് കലിപൂണ്ടു.എന്താ ഇവരെ ചെയ്യേണ്ടത്? എന്താ ഇവരെ പറയേണ്ടത്? ഔചിത്യബോധം എന്നുപറയുന്ന സാധനം ഉണ്ടോ ഇവർക്ക്?
എടീ നിന്റെയൊക്കെ ചാക്കാല കണ്ടിട്ടേ ഈ ലീലാമ്മ പോകത്തൊള്ളടീ: ലീലാമ്മ മനസ്സിൽ പറഞ്ഞുകൊണ്ട് പല്ലുഞ്ഞെരിച്ചു.
ഉടനെ നാത്തൂൻ ചോദിച്ചു :എന്താ മോളേ മുഖം ഇങ്ങനെ വീർത്തുകെട്ടി വെച്ചേക്കുന്നേ? സന്തോഷമായി ഇരിക്ക് മോളേ. ഞങ്ങളെ ചിരിച്ചുകൊണ്ട് യാത്രയാക്കിക്കേ. ചിരിച്ചേ ഒന്ന് ചിരിച്ചേ..അവർ ലീലാമ്മയുടെ താടിയിൽ പിടിച്ചു ചിരിപ്പിക്കാൻ നോക്കി.
ലീലാമ്മ മുഖം തിരിച്ചു പുറത്തേക്ക് നോക്കിക്കിടന്നു.
ലീലാമ്മ തിരിഞ്ഞുകിടക്കുന്നതുകൊണ്ടോ അസ്ഥാനത്തുള്ള പ്രാർത്ഥനകൊണ്ടോ സംഭവം പന്തിയല്ലെന്നുകണ്ട് എല്ലാവരും സ്ഥലംവിട്ടു.
ലീലാമ്മയുടെ പെരുവിരൽ മുതൽ ദേഷ്യംകൊണ്ട് ആടിത്തുടങ്ങി. മുറിക്കുള്ള് പൂർണ്ണമായും മൗനത്തിലായി.ലീലാമ്മയുടെ സ്വന്തം ചേട്ടത്തി, സ്വന്തം ആങ്ങളമാർ അവരുടെ കെട്ടിയവളുമാർ,ഇവരൊക്കെ വായിൽത്തോന്നുന്ന ഓരോന്ന് പറയുന്നതിൽ ഭർത്താവും മകനും നഴ്സുമ്മാരും ഡോക്ടറുമാരും മറ്റ് ആശുപത്രി ജീവനക്കാരും എന്തു പിഴച്ചു!
ലീലാമ്മയുടെ ഭർത്താവിന്റെ പെങ്ങൾ പ്രായാധിക്യം കൊണ്ട് വയ്യാതിരിക്കുന്ന വിവരം അദ്ദേഹം മകനെ അറിയിച്ചു. ലീലാമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ ഇതൊക്കെപ്പറയാമോയെന്ന് അദ്ദേഹത്തിനറിയില്ല. എന്ത് പറയണം, ഇത് പറയാമോ,എന്ത് പറഞ്ഞൂടാ എന്നൊന്നും അദ്ദേഹത്തിന്അറിയില്ല.ആളുകൾക്കിപ്പോൾ താൻ പറയുന്ന പലതും ഇഷ്ട്ടമാകുന്നില്ല എന്നദ്ദേഹം മനസിലാക്കിയിരുന്നു. താൻ പറയുന്ന തമാശകൾ പോലും നീരസം ഉണ്ടാക്കുന്നു. അവൾക്ക് ആന്റിബിയോട്ടിക്‌സ് കൊടുത്തിട്ടുവിട്ടാൽ മതി ഡോക്ടറെ എന്ന് പറഞ്ഞതിന് ഇവിടുത്തെക്കാര്യം ഞാൻ നോക്കിക്കൊള്ളാം അപ്പച്ചൻ ഇതിൽ ഇടപെടേണ്ടയെന്ന് കുറച്ചുമുന്നേ കേട്ടതേയുള്ളൂ അദ്ദേഹം.അത് തന്റെ ഒരുതരം രസികൻ വർത്തമാനമാണെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞില്ല. ആളുകൾക്ക് ഇതൊന്നും ഇഷ്ട്ടമല്ല എന്ന് അദ്ദേഹം പിന്നെയും പിന്നെയും മനസിലാക്കി. അദ്ദേഹത്തിന് എന്ത്, ആരോട്,എവിടെപ്പറയണമെന്ന് അറിയാൻവയ്യാതെയായിട്ട് കുറേക്കാലമായിരുന്നു.
ലീലാമ്മയുടെ മകൻ വെല്യമമ്മിയെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു.മുന്നേ നടന്ന നാത്തൂൻ വക അന്ത്യപ്രാർത്ഥനയിൽ ദുഖത്തിലായിരുന്ന ലീലാമ്മ മകന്റെയാഗ്രഹം നിഷിദ്ധം എതിർത്തു.ലീലാമ്മയുടെ ന്യായങ്ങൾ ഇവയൊക്കെയായിരുന്നു :കൊച്ചമ്മ ആശുപത്രിയിൽ പോകുന്നില്ല.അഞ്ചുപൈസ ചിലവാക്കുന്നില്ല. ഞാനെല്ലേ ആശുപത്രിയിൽ കിടക്കുന്നവൾ.അവർ വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ.നീ എന്നെക്കാണാൻ വന്നതാണോ കൊച്ചമ്മയെക്കാണാൻ വന്നതാണോ? നീ എന്റെയടുത്തുനിന്നും എങ്ങോട്ടും പോകുന്നില്ല.
ആഹാ നല്ല ഊക്കൻ ന്യായങ്ങൾ!
ങ്ഹാ നീ പോകേണ്ട, ഇവിടെ നിന്നാൽ മതി. ഭർത്താവ് ലീലാമ്മക്ക് പിന്തുണകൊടുത്തു. എന്നിട്ട് മകനെനോക്കി സംഭ്രമിച്ചു.
വീട്ടിലെത്തിയശേഷം ചേട്ടത്തി ലീലാമ്മയെ വിളിച്ചു:എടീ ആങ്ങളമാര് ഒരോറഞ്ചു കൊണ്ടുവന്നോടീ..പത്തു രൂപ തന്നോടീ! ഇന്നാ ലീലേ ആശുപത്രിച്ചിലവിനു എന്നുപറഞ്ഞു തന്നോടീ അവർ! കെട്ടിയവളുമാർക്ക് പറഞ്ഞുകൊടുക്കാൻ പാടില്ലേടീ?ഇങ്ങോട്ട് വരുന്ന വഴിക്ക് ഞാൻ അവളോട് പറഞ്ഞതാടീ പ്രാർത്ഥന വേണ്ടെന്ന്! ലീലാമ്മയെ പതിവുപോലെ ചേട്ടത്തി എരികേറ്റിത്തുടങ്ങി.ലീലാമ്മക്ക് ആങ്ങളമാരോടുള്ള കലികൂടി പ്രഷർകൂടി പൊട്ടിത്തെറിക്കുന്ന പരുവമെത്തി. മകൻ ഫോൺ പിടിച്ചുവാങ്ങി കട്ട് ചെയ്തു.
‘മമ്മിയെ എരികേറ്റുന്നതാ ചേട്ടത്തി. അതറിയാമോ മമ്മിക്ക്? അവരുടെ ജീവിതത്തിലെ ആകെയുള്ള സുഖം ഇപ്പോൾ ഇതാ! മമ്മിയെപ്പറ്റി ആങ്ങളമാരോട് പറയുക, ആങ്ങളമാരുടെ കുറ്റങ്ങൾ മമ്മിയോട് പറയുക.ഇതൊക്കെയൊന്നു മനസിലാക്കിയാൽ മതി.‘
ലീലാമ്മ ഒന്നും മിണ്ടാതെ, ആഹാ ഇതൊക്കെയായിരുന്നല്ലേ അവളുടെ വിനോദം എന്നോർത്ത് പല്ലിറുക്കി ഡ്രിപ്സ് നോക്കിക്കിടന്നു.ലീലാമ്മയുടെ കൃഷ്ണമണികൾ ഇതോർത്തോർത്തു വട്ടംചുറ്റിക്കറങ്ങി.
ങ്ഹാ ആ ചേട്ടത്തിന്ന് പറയുന്നവളുടെ മുട്ടുകാല് തല്ലിയൊടിക്കണം.പിണറായി വിജയൻ പറഞ്ഞ പരനാറികൾ ഇവരൊക്കെയാടീ: ലീലാമ്മയുടെ ഭർത്താവ് ആക്രോശിച്ചു.പിന്നെ ഇത് പറയാൻ പാടുണ്ടോ? പറയാൻ പാടില്ലായിരുന്നോ എന്നറിയാതെ വിളറിച്ചിരിച്ചു.
നഴ്സുമ്മാർ മുറതെറ്റാതെ നാലുനേരം മുറിയിൽക്കൂടി കയറിയിറങ്ങി വായിലും കൈയിലും മരുന്ന് കയറ്റിക്കൊണ്ടിരുന്നു.
ലീലാമ്മയുടെ കൃഷ്ണമണികൾ ചേട്ടത്തിയോടുള്ള പ്രതികാരത്തിനായി ദാഹിച്ചു ഓരോ പ്ലാനുകൾ തട്ടിക്കൂട്ടി കണ്ണിൽ വട്ടംചുററിയോടിക്കൊണ്ടിരുന്നു.ആശുപത്രികിടക്കയിലായിപ്പായി! അല്ലാരുന്നേൽ ലീലാമ്മ വീട്ടിൽ തെക്കോട്ടും വടക്കോട്ടും പ്ലാനുകളുണ്ടാക്കി നടന്നേനേ!
ലീലാമ്മയുടെ അസുഖവിവരമറിഞ്ഞു ബന്ധുക്കാരിയുടെ കാൾ അമേരിക്കയിൽനിന്നും വന്നു.
‘ലീലമ്മാമ്മേ, ലീലമ്മാമ്മയുടെ അസുഖം ഇപ്പോൾ എങ്ങനെയുണ്ട് ? ലീലമ്മാമ്മയുടെ അസുഖം ആർക്കും വരുത്തല്ലേ എന്റെ മാതാവേ.. ലീലമ്മാമ്മയുടെകൂടെ നിൽക്കാൻ ഞാൻ നാട്ടിൽ വരുന്നുണ്ട് മൂന്നാഴ്ച്ചത്തേക്ക്.നമുക്ക് അടിച്ചുപൊളിക്കാം അമ്മാമ്മേ..‘
ലീലാമ്മ ഫോൺ കൈയിൽവെച്ചുകൊണ്ടുതന്നെ മോനോട് ബന്ധുക്കാരികേൾക്കാതെ പതിയെ പറഞ്ഞു, ‘ഇവൾ ചുമ്മാ പുളുവടിക്കാൻ വിളിക്കുന്നതാ.ഇവൾ വരത്തൊന്നുമില്ല’.
അല്ല ലീലമ്മാമ്മേ ഇപ്രാവശ്യം ഞാൻ ഉറപ്പായും വരും. ഉറപ്പ്. അമ്മാമ്മക്ക് ഞാൻ വരുമ്പോൾ എന്തൊക്കെക്കൊണ്ടുവരണം?
ഓഹ് എനിക്കൊന്നും വേണ്ട...