തിരുവല്ല: മനുഷ്യൻ മനുഷ്യസ്നേഹത്തിനു വേണ്ടി യാചിക്കുന്ന സന്ദർഭങ്ങളിലെല്ലാം സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു വിശ്വമാനവികതയുടെ സന്ദേശമാണ്ക ർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉയർത്തുന്നതെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു.
പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാഫ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനവ സേവാ പുരസ്കാരം ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു വാസവൻ. ആ സന്ദേശമാണ് നാം യേശുക്രിസ്തുവിലൂടെ കണ്ടത്. ക്രിസ്തുവിൻ്റെ തികഞ്ഞ അനുയായിയായി എല്ലാ പ്രവർത്തനങ്ങളിലും ആ മനസോടെ ആത്മാർത്ഥതയോടെ ഇടപെടുവാൻ അദ്ദേഹത്തിനു കഴിയുന്നു. നാളെകളിൽ മാർപ്പാപ്പയായി വാഴ്ത്തപ്പെട്ടാലും അതിൽ അതിശയോക്തിയില്ല. അതിന് അദ്ദേഹത്തിന് തികഞ്ഞ അർഹതയുണ്ട്.ഇടപെടുന്നവർക്ക് വിട്ടുപിരിയാനാകാത്ത സൗഹൃദം തീർക്കും. ആത്മീയ ചൈതന്യത്തിൻ്റെ അത്യുന്നതിയേക്ക് വിശ്വാസികളെ നയിക്കുന്നതു പോലെ തന്നെ ഭൗതിക ജീവിതത്തിൻ്റെ നാനാ മേഖലകളിലും ഈ സമൂഹം അദ്ദേഹത്തെ ആസ്വദിച്ചറിഞ്ഞവരാണ്.
ഓഖി, പ്രളയം, കോവിഡ് തുടങ്ങി പ്രതിസന്ധിഘട്ടങ്ങളിൽ താഴെ തലത്തിൽ വരെ ആശ്വാസ പ്രവർത്തനങ്ങൾ നടത്തി.
സമൂഹത്തിലുണ്ടാകുന്ന തർക്ക പ്രശ്നങ്ങളിൽ ശരിയുടെ ഭാഗത്തു നിന്ന് സമാധാനത്തിൻ്റെ ശാന്തിയുടെ ദൂദുമായി എത്തി ഏറെ സമചിത്തതയോടെയും സഹിഷ്ണതയോടെയും പരിഹരിക്കാൻ പിതാവെടുക്കുന്ന സമീപനം അങ്ങേയറ്റം അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ഒരേ സമയത്ത് ഇടപ്പെടാൻ കഴിയുന്ന ഏറ്റവും ഉന്നതമായ അജപാലന ദൗത്യമാണ് ക്ലീമീസ് കാതോലിക്കാ ബാവ നിർവ്വഹിക്കു കൊണ്ടിരിക്കുന്നതെന്നും വാസവൻ പറഞ്ഞു.
പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാഫ് വെൽഫെയർ ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനവ സേവാ പുരസ്കാരം കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായ്ക്ക് സഹകരണമന്ത്രി വി എൻ വാസവൻ സമ്മാനിക്കുന്നു
ബുധനാഴ്ച രാവിലെ പുഷ്പഗിരി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാഫ് വെൽഫെയർ ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ഫാ: ജോസ് കല്ലുമാലിക്കൽ അധ്യക്ഷനായി. ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീശക്തി വാഹനവായ്പയിലൂടെ 17 വനിതാ ജീവനക്കാർക്ക് നൽകുന്ന ആക്ടീവാ സ്കൂട്ടറിൻ്റെ വിതരണം വികാരി ജനറാൾ ഐസക് പറപ്പള്ളിൽ നിർവ്വഹിച്ചു. ജീവനക്കാരുടെ മക്കളിൽ അർഹരായ സ്കോളർഷിപ്പുകൾകർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. സഹകരണ എംപ്ലോയിസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ, സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ പി കെ സുജാതകുമാരി, സൊസൈറ്റി സെക്രട്ടറി മുരളീധരകൈമൾ, വൈസ് പ്രസിഡൻ്റ് ഡോ.സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു.