ന്യൂ യോർക്ക്: അതിർദേശീയ സേവന സംഘടനയായ വൈസ്‌മെൻ ഇൻറ്റർ നഷണലിന്റെ പുതിയ ക്ലബ്ബായ വൈ സർവീസ് ക്ലബ്ബ് ഓഫ് ന്യൂ യോർക്ക് - ഗ്ലെൻ ഓക്സ് ചാർട്ടറിംഗ് ചടങ്ങ് ക്ലബ്ബിന്റെ അന്തർദേശീയ പ്രെസിഡെന്റ് എ. ഷാനവാസ്ഖാൻറ്റെയും അന്തർദേശീയ സെക്രട്ടറി ജനറൽ ജോസ് വർഗീസിന്റെയും നേതൃത്വത്തിൽ ന്യൂ യോർക്കിലെ ഫ്ലോറൽപാർക്കിൽ നടത്തപ്പെട്ടു.
യു. എസ് ഏരിയയുടെ നോർത്ത് അറ്റ്ലാന്റിക് റീജിണൽ ഡയറക്ടർ കോരസൺ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട ചാർട്ടർ ചടങ്ങിൽ വിവിധ ക്ലബ്ബ്കളിൽ നിന്നുമായി നിരവധിപേർ പങ്കെടുത്തു. കൃത്യം 102 വർഷങ്ങൾക്കു മുൻപ് ഒരു നവംബർ 17 നു ഒഹായിയോയിലെ ടോളിഡോയിൽ ജഡ്‌ജ് പോൾ വില്യം അലക്സാണ്ടറിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ നോൺ ഗവേണ്മെന്റൽ
ഓർഗനൈസേഷനായ YMCA യുടെ സേവന ഘടകമായ വൈസ്‌മെൻ ക്ലബ്ബ്, ഇന്ന് 80 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു, മറ്റൊരു ചരിത്രനിമിഷത്തിനു സാക്ഷിയാവുകയാണ് എന്ന് അന്തർദേശീയ പ്രസിഡന്റ് എ. ഷാനവാസ് ഖാൻ പറഞ്ഞു.
ലോകത്തെല്ലായിടത്തും ഈ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ നിരവധി പഴയകാല പ്രവർത്തകർ സജ്ജീവമായി പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ ഈ പ്രസ്ഥാനത്തിൽ മുഴുകി. പുതിയ തലമുറ ഈ സേവന ശൃംഗലയുടെ ഭാഗമാകണം. അവർക്ക് ഈ പ്രസ്ഥാനത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അന്തർദേശീയ സെക്രട്ടറി ജനറൽ ജോസ് വർഗീസ് പറഞ്ഞു.
നോർത്ത് അറ്റ്ലാൻ്റിക് റീജിയൻ, മസാച്ചുസാറ്റിലെ 103 വര്ഷം പഴക്കമുള്ള വേക്ക്ഫിൽഡ്ക്ലബ്ബ് മുതൽ ഇന്ന് പിറന്നുവീണ ഗ്ലെൻ ഓക്ക്സ് ക്ലബ്ബ് വരെ നീളുന്ന 10 വ്യത്യസ്ത ക്ലബ്ബുകൾ ഉൾപ്പെടുന്നു. ഈ മേഖലയിലെ എല്ലാ ക്ലബ്ബുകളും അവരുടെ അയൽപക്കത്തിലും അന്താരാഷ്ട്ര ശ്രമങ്ങളിലും തങ്ങളുടെ കഴിവിൻ്റെ പരമാവധി നന്മകൾ ചെയ്യുന്നു. ഇന്ത്യയിലെ മണിപ്പൂരിൽ കുടിയിറക്കപ്പെട്ട ആളുകൾക്ക് കമ്പിളിയും മറ്റു സഹായങ്ങളും നേരിട്ട് നൽകി, പ്രകൃതി ദുരന്തങ്ങൾ ബാധിച്ച ഹവായ്, നോർത്ത് കരോലിന എന്നിവിടങ്ങളിലെ സഹജീവികൾക്ക് പ്രാദേശിക പിന്തുണ നൽകി. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റിയുടെ പ്രവർത്തങ്ങളിൽ സജ്ജീവ സാന്നിധ്യമായി, റീജിനൽ ഡയറക്ടർ കോരസൺ വർഗീസ് പറഞ്ഞു. മേഖലയിലും അന്തർദേശീയ ഇവൻ്റുകളിലും ഈ റീജിയൺ നല്ലനിലയിൽ പങ്കെടുക്കുന്നു എന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സ്വിറ്റസർലണ്ടിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ആഗോള സേവന സംഘടനക്ക് ഇന്ത്യയിലും യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും ആയിരക്കണക്കിന് ക്ലബ്ബുകൾ നിലവിലുണ്ട്. മലേറിയ നിർമാർജ്ജനം, ലോകത്തിലെ യുവജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി സേവനത്തിന്റെ പൊതു നന്മയെക്കുറിച്ചു ബോധല്കരിച്ചു സജ്‌ജമാകുക, ഒറ്റപെടലുകളും ഏകാന്തതയും ഒഴിവാക്കി ലോകമെമ്പാടുമുള്ള പൊതു താൽപ്പര്യമുള്ള ആളുകൾ കൂട്ടായ പ്രവർത്തനത്തിലൂടെ നന്മയുടെ ഭാഗമാവുക എന്ന വിശാല ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്.
മുൻ റീജിണൽ ഡയറക്ടർ ഡോ. അലക്സ് മാത്യുവിന്റെ നേതൃത്വത്തിൽ പതാക ഘോഷയാത്രയും തുടർന്നു പ്രാർത്ഥനയും നടന്നു. സ്പോൺസർ ക്ലബ്ബായ ഫ്ലോറൽ പാർക്ക് പ്രസിഡൻ്റ് ചാർളി ജോണിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗ്ലെൻ ഒക്ക്സ് സെക്രട്ടറി പുതിയ അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു, അവരുടെ ചാർട്ടർ രേഖകൾ കൈമാറി, റീജിണൽ ഡയറക്ടർ കോരസൺ അംഗങ്ങളെ ഇൻസ്റ്റാൾ ചെയ്തു. തുടർന്ന് , ഗ്ലെൻ ഓക്സ് ക്ലബ്ബ് പ്രസിഡൻ്റ് ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷ്വ, ട്രഷറർ അലക്‌സ് എസ്തപ്പൻ എന്നിവരെ അന്താരാഷ്ട്ര പ്രസിഡൻ്റ് എ. ഷാനവാസ് ഖാൻ പ്രതിജ്ഞ എടുപ്പിച്ചു സ്ഥാന മുദ്രകൾ അണിയിച്ചു. രാജ്യാന്തര സെക്രട്ടറി ജനറൽ ജോസ് വർഗീസ് ചാർട്ടർ രേഖ കൈമാറി.
ഗ്ലെൻ ഓക്സ് ക്ലബ്ബ് പ്രസിഡൻ്റ് ഫിലിപ്പ് മഠത്തിൽ സ്വീകരണ പ്രസംഗം നടത്തി. മുൻ ഏരിയ പ്രസിഡണ്ട് ഷാജു സാം, ഏരിയ പ്രസിഡണ്ട് ഇലക്‌ട് ജോസഫ് കാഞ്ഞമല, റീജിയണൽ ഡയറക്ടർ ഇലക്‌ട് ജോർജ്ജ് കെ ജോൺ, റീജിനൽ ട്രഷറർ ഷാജി സക്കറിയ, ക്ലബ്ബ് പ്രസിഡൻ്റുമാരായ ചാർളി ജോൺ, തോമസ് സാമുവൽ, വർഗീസ് പോത്താനിക്കാട്, ജോസ് മലയിൽ,കോർണോലിയസ് റൊസാരിയോ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. റീജിനൽ സെക്രട്ടറി ജിം ജോർജും യൂത്ത് ഡയറക്ടർ അലൻ അജിത്തും പരിപാടികൾ നിയന്ത്രിച്ചു. ഗ്ലെൻ ഓക്സ് ട്രഷറർ അലക്സ് എസ്തപ്പാൻ നന്ദി പറഞ്ഞു. തുടർന്നു ജേക്കബ് വർഗീസ് ഏകോപിപ്പിച്ച വെരിറ്റി എൻ്റർടെയ്‌മെൻ്റ്‌സ് അരങ്ങേറി.