ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കാനഡയിൽ കൊലപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന കനേഡിയൻ മാധ്യമ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു.
ഇന്ത്യയെ കരിതേക്കാനുള്ള ഇത്തരം പ്രചാരണങ്ങൾ ഇപ്പോൾ തന്നെ വഷളായിട്ടുള്ള ഇന്ത്യ-കാനഡ ബന്ധങ്ങൾ കൂടുതൽ വഷളാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. "അത്തരം റിപ്പോർട്ടുകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്യേണ്ടത്. ഞങ്ങൾ സാധാരണ അതിനൊന്നും പ്രതികരിക്കാറില്ല.
"എന്നാൽ ഈ അപഹാസ്യമായ റിപ്പോർട്ടുകൾ കനേഡിയൻ ഗവൺമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതാണ്."
കാനഡയുടെ പ്രമുഖമായ 'ഗ്ലോബ് ആൻഡ് മെയിൽ' പത്രമാണ് പ്രധാനമന്ത്രി മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നാഷനൽ സെക്യൂരിറ്റി അഡ്വൈസർ അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും നിജ്ജാർ വധ ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞിരുന്നു എന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ജൂൺ 18നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്കു സമീപം നിജ്ജാർ വധിക്കപ്പെട്ടതിനു പിന്നിൽ ഇന്ത്യയാണ് ഉള്ളതെന്നു സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധങ്ങൾ തകർച്ചയിലേക്കു നീങ്ങിയത്. കഴിഞ്ഞ മാസം കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയേയും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരെയും ഈ വധവുമായി ബന്ധപ്പെടുത്തി. അതോടെ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും പിൻവലിച്ചും ഫലത്തിൽ എല്ലാ ബന്ധങ്ങളും മുറിച്ചു.
India rejects Canadian media report on Nijjar killing