മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. വിവിധ ഓഹരികൾ 10 മുതൽ 20 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി എന്റർപ്രൈസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യുഷൻസ് എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്.
അദാനി എന്റർപ്രൈസ് ലോവർ സർക്യൂട്ടിലേക്ക് വീണു. 10 ശതമാനം നഷ്ടത്തോടെ 2,539.35 രൂപയിലാണ് അദാനി എന്റർപ്രൈസിന്റെ വ്യാപാരം പുരോഗമിക്കുന്നത്. അദാനി ഗ്രീൻ എനർജി 17 ശതമാനം ഇടിഞ്ഞ് 1,172.5ലേക്ക് വീണു. അദാനി എനർജി സൊല്യൂഷൻസിനാണ് 20 ശതമാനം നഷ്ടമുണ്ടായത്. 697.25 രൂപയിലാണ് അദാനി എനർജി സൊല്യൂഷൻസിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
നേരത്തെ തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.
അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.