ഓസ്‌കർ-ഗ്രാമി ജേതാവായ സംഗീത ചക്രവർത്തി എ ആർ റഹ്മാന്റെ വിവാഹമോചനം ദശലക്ഷക്കണക്കിന് ആരാധകർക്കു ഞെട്ടലായെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിറഞ്ഞ ദുഖത്തിന്റെ ഇരുട്ട് പുത്രി റഹീമയുടെ വാക്കുകളിൽ നിഴലിച്ചു. "കഠിനമീ ജീവിതം," റഹീമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "കവിതയിൽ ജീവിതം" എന്ന ടാഗും നൽകി.
പുറത്തു പൂത്തുലയുന്ന പ്രകൃതിയുടെ മനോഹാരിത ജാലകത്തിലൂടെ ഒപ്പിയെടുത്ത ചിത്രവും റഹീമ പോസ്റ്റ് ചെയ്തു. "എല്ലാ കാഠിന്യത്തിലും ആശ്വാസമുണ്ട്," റഹീമ കുറിച്ചു. "ദൈവം അത് തരുന്നു. നമുക്ക് ആശ്വസിക്കാം."
നേരത്തെ റഹീമ എഴുതിയിരുന്നു: "ദയവായി ഇതൊരു പരമാവധി സ്വകാര്യത ആവശ്യപ്പെടുന്ന വിഷയമായി കണക്കാക്കിയാൽ ഏറെ ആശ്വാസമാകും."
റഹ്മാന്റെയും സൈറ ബാനുവിന്റെയും മറ്റു മക്കളായ ഖദീജയും അമീനും റഹീമയോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു: "ഈ സമയത്തു ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അത് മനസിലാക്കാൻ കഴിയുന്ന എല്ലാവർക്കും നന്ദി."
വിവാഹത്തിന്റെ മുപ്പതാം വാർഷികം അടുത്ത മാർച്ചിൽ ആഘോഷിക്കാനിരിക്കെയാണ് റഹ്മാനും സൈറയും വേർപിരിയുന്നതായി ചൊവാഴ്ച്ച പ്രഖ്യാപിച്ചത്. കാരണമൊന്നും ആരും വിശദീകരിച്ചില്ല. എന്നാൽ ഒന്നിച്ചു ജീവിക്കുമ്പോഴുള്ള മാനസിക സംഘർഷം താങ്ങാൻ കഴിയുന്നതിലും അധികമായതു കൊണ്ടാണ് പിരിയുന്നതെന്നു സൈറ പറഞ്ഞു.
ഇരുവരും പരസ്പരം സ്നേഹിക്കുന്നുവെന്നു സൈറയുടെ അഭിഭാഷകൻ നൽകിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ സംഘർഷങ്ങളും ക്ലേശങ്ങളും ഒന്നിച്ചുള്ള ജീവിതം അസഹ്യമാക്കി. അത് പരിഹരിക്കാൻ കഴിയുമെന്ന് ഇരുവരും കരുതുന്നില്ല.
"കടുത്ത വേദനയിലും മനോവ്യഥയിലുമാണ് ഈ തീരുമാനം എടുക്കുന്നതെന്നു സൈറ അറിയിക്കുന്നു. സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുണ്ട്. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമാണിത്."
ഒരു ദിവസം കഴിഞ്ഞു എഴുതിയ ദീർഘമായ കുറിപ്പിൽ റഹ്മാൻ പറഞ്ഞു: "തകർത്തു കളയുന്ന തീരുമാനമാണിത്."
ആഘോഷമാവേണ്ട 30ൽ എത്താമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. "എന്നാൽ എല്ലാ കാര്യങ്ങളും വഴിമുട്ടുന്ന അവസ്ഥയുണ്ട്. ഹൃദയങ്ങൾ തകരുമ്പോൾ ദൈവത്തിന്റെ സിംഹാസനം പോലും വിറ കൊള്ളും.
"ചിന്നഭിന്നമാവുമ്പോഴും ഞങ്ങൾ അർഥം തേടുന്നു. എന്നാൽ പൊട്ടിപ്പോയ കഷണങ്ങൾ ഒന്നിച്ചു ചേർക്കാൻ കഴിയില്ല.
"എല്ലാ സുഹൃത്തുക്കളോടും അവരുടെ കാരുണ്യത്തിനു നന്ദി പറയുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും."
ഗുജറാത്തിലെ കച്ചിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച സൈറ ബാനുവിനെ റഹ്മാന്റെ അമ്മയും സഹോദരിയും കൂടിയാണ് കണ്ടെത്തിയത്. സമീപത്തായിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്. തന്റെ 28ആം ജന്മദിനത്തിലാണ് സുന്ദരിയും മൃദുഭാവിയുമായ സൈറയെ ആദ്യം കണ്ടതെന്ന് റഹ്മാൻ കുറിച്ചിട്ടുണ്ട്.
സൈറയുടെ സഹോദരി മെഹ്റുന്നിസയെ വിവാഹം കഴിച്ചത് ബഹുഭാഷാ നടനായ മലയാളി റഹ്മാൻ ആണ്.
AR Rahman's daughter writes about parental split