ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ പൊള്ളലേറ്റ മൂന്ന് നവജാതശിശുക്കള്‍ കൂടി മരിച്ചു. രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ചികിത്സയ്ക്കിടെ പനി ബാധിച്ചാണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ കുഞ്ഞുങ്ങളിലൊരാള്‍ 36 മണിക്കൂറിന് ശേഷം അമ്മയോടൊപ്പം കഴിയവേയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍.ഐ.സി.യു) തീപിടിത്തമുണ്ടായത്. അപകടത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിരുന്നു. അപകട സമയത്ത് എന്‍ഐസിയുവില്‍ ഉണ്ടായിരുന്ന 50ലേറെ കുഞ്ഞുങ്ങളില്‍ 36 പേരെ രക്ഷപ്പെടുത്തിയിരുന്നു.
തീപിടിത്തം യാദൃശ്ചികമാണെന്നാണ് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സമിതിയെ അറിയിച്ചു.
അപകട സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റു. പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച് ബോര്‍ഡില്‍ നിന്നും തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് കാരണമായത്.