ശൈശവം പിച്ച -
നടന്നൊരു മുറ്റത്തെ
മൺതരികൾക്കെന്റെ
നന്ദി ഞാൻ ചൊല്ലുന്നു ....
ബാല്യം വളർന്നൊരു
വിദ്യാലയത്തിലെ
ഗുരുജനങ്ങൾക്കെന്റെ
തൊഴുകൈ പ്രണാമങ്ങൾ ..
കൗമാര സ്വപ്നത്തിൻ
പ്രണയം വഴിയുന്ന
നാട്ടുവഴികൾക്കും
നന്ദി ചൊല്ലീടുന്നു ....
യൗവന പച്ചതൻ
ജീവിത യാത്രയിൽ
അത്താണിയായവർ-
ക്കെന്റെ കൃതജ്ഞത ...
വാർധക്യ നോവിന്റെ
ഏകാന്ത ചില്ലയിൽ
കൂട്ടിരിക്കുന്നൊരു
രാക്കിളിക്കും നന്ദി ...
വാക്കിലൊതുങ്ങാത്ത
കരുതലിൻ കാതലാം
ദൈവകാരുണ്യത്തി-
നായിരം പ്രണാമങ്ങൾ ...