ന്യൂഡല്‍ഹി: എആര്‍ റഹ്‌മാന്റെ വിവാഹ മോചന വാര്‍ത്തയിലെ വിവാദത്തെക്കുറിച്ച് പ്രതികരിച്ച് സൈറ. 29 വര്‍ഷത്തെ ദാമ്പത്യജീവിതം പരസ്പര ധാരണയോടെ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും അറിയിച്ചത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ പ്രതിസന്ധി മനസിലാക്കേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
അതേ ദിവസം തന്നെയാണ് വര്‍ഷങ്ങളോളം റഹ്‌മാനൊപ്പം പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് മോഹിനി ഡേയും തന്റെ വിവാഹബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് മുതല്‍ രണ്ട് വിവാഹമോചനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനുവിന്റെ വക്കീല്‍ അഡ്വ. വന്ദന ഷാ. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന ഷാ വ്യക്തമാക്കി.
സൈറയുടേതും റഹ്‌മാന്റേതും സ്വന്തം നിലയിലുള്ള തീരുമാനമായിരുന്നു. പലസ്പര ധാരണയോടെ മാന്യമായാണ് അവര്‍ ബന്ധം അവസാനിപ്പിച്ചത്. റഹ്‌മാനും സൈറയും പരസ്പരം പിന്തുണക്കുന്നത് തുടരും. സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ പൊലും യാതൊരു ചര്‍ച്ചയും ഈ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും ഇരുവരും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യംചെയ്തതെന്നും വന്ദന ഷാ അഭിപ്രായപ്പെട്ടു. 1995ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.