ലൊസാനിലെ ഒളിംപിക്‌സ് ആസ്ഥാനത്ത് നടക്കുന്ന ഐ.ഒ.സി. എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ 2026ല്‍ ഇറ്റലിയിലെ മിലാനോ കോര്‍ട്ടിനയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിനൊപ്പം 2028ല്‍ അമേരിക്കയിലെ ലൊസാഞ്ചലസില്‍ നടക്കുന്ന ശ്രീഷ്മകാല ഒളിംപിക്‌സിന്റെയും ഒരുക്കങ്ങള്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. 2028 ജൂലൈ 14 മുതല്‍ 30 വരെയാണ് അടുത്ത ഗ്രീഷ്മകാല ഒളിംപിക്‌സ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
1932 ലും 1984ലും ഒളിംപിക്‌സിന് വേദിയൊരുക്കിയ നഗരമാണ് ലൊസാഞ്ചലസ്. 2028ലെ ഒളിപിക്‌സ് കൂടി ലൊസാഞ്ചലസില്‍ നടക്കുമ്പോള്‍ മൂന്നു തവണ ഒളിംപിക് വേദിയായ ലോകത്തിലെ മൂന്നാമത്തെ നഗരമാകും ലൊസാഞ്ചലസ്. നേരത്തെ 2012 ല്‍ ലണ്ടനും 2024 ല്‍ പാരീസും മൂന്ന് ഒളിംപിക്‌സ് എന്ന നേട്ടം കൈവരിച്ചിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം നാലാം തവണയാണ് ഒളിംപിക്‌സിന് വേദിയാകുന്നത്. 1996 ല്‍ ശതാബ്ദി ഒളിംപിക്‌സ് നടന്നത് അറ്റ്‌ലാന്റയില്‍ ആണ്.
ബേസ്‌ബോള്‍/സോഫ്റ്റ് ബോള്‍, ലാക്രോസ്, ട്വന്റി 20 ക്രിക്കറ്റ് എന്നിവ ലൊസാഞ്ചലസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഇനങ്ങളായി ഫ്‌ളാഗ് ഫുട്‌ബോളും സ്ക്വാഷും ഉണ്ടാകും. പാരിസിനെ അപേക്ഷിച്ച് പുതിയ അഞ്ച് ഇനങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് മേല്‍പ്പറഞ്ഞവയാണ്. കരാട്ടെയും ബ്രേക്ക് ഡാന്‍സും ഒഴിവാക്കപ്പെട്ടു. 35 ഇനങ്ങളാണ് ഇപ്പോള്‍ 2028 ഒളിംപിക്‌സില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പാരീസില്‍ നിന്നും വ്യത്യസ്തമായുള്ള അഞ്ച് ഇനങ്ങളില്‍ നാലും ടീം ഇനങ്ങളാണ് എന്ന പ്രത്യേകതയും ഉണ്ട്. ബ്രേക്ക് ഡാന്‍സിങ് 2024ല്‍ പാരിസില്‍ ആണ് അരങ്ങേറിയത്. അത് ലൊസാഞ്ചലസിൽ ഇല്ല.
ലൊസാഞ്ചലസിന്റെ ഒരുക്കങ്ങളില്‍ ഐ.ഒ.സി. എക്‌സിക്യൂട്ടീവ് ബോര്‍ഡ് തൃപ്തരാണെന്നു മനസ്സിലാക്കുന്നു. 'പ്‌ളേ ലൊസാഞ്ചലസ്' എന്ന യൂത്ത് സ്‌പോര്‍ട്‌സ് പരിപാടിയില്‍ ഇതിനകം അഞ്ചു ലക്ഷം യുവാക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രെ. ഐ.ഒ.സി.യും ലൊസാഞ്ചലസ് 28 കമ്മിറ്റിയും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. 160 ദശലക്ഷം ഡോളര്‍ ആയിരുന്നു നേരത്തെ ഈ യൂത്ത് സ്‌പോര്‍ട്‌സ് പരിപാടിക്ക് വകയിരുത്തിയിരുന്നത്.
വിന്റര്‍ ഒളിമ്പിക്‌സിന്റെ കൗണ്ട് ഡൗണ്‍ ഉദ്ഘാടനത്തിന് ഒരു വര്‍ഷം മുമ്പ്, 2025 ഫെബ്രുവരി ആറിന് തുടങ്ങും. 2026 ഫെബ്രുവരി ആറു മുതല്‍ 22 വരെയാണ് ശൈത്യകാല വിനോദങ്ങള്‍. ടിക്കറ്റ് വില്‍പനയും 2025 ഫെബ്രുവരി ആറിന് തുടങ്ങും. tickects.milanocortina 2026.org എന്ന സൈറ്റില്‍ വിവരങ്ങള്‍ കിട്ടും.
ശീതകാല ഒളിംപിക്‌സിനൊപ്പം ഗ്രീഷ്മകാല ഒളിംപിക്‌സും സംബന്ധിച്ച ക്രമീകരണങ്ങള്‍ പുരോഗമിക്കണമെന്നാണ് ഐ.ഒ.സി.യുടെ നിലപാട് എന്നാണു സൂചന. അമേരിക്കയെ സംബന്ധിച്ചടത്തോളം 2024 ലെ പാരിസ് ഒളിംപിക്‌സിനൊപ്പം അനുവദിച്ചുകിട്ടിയതാണ് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ്. തയ്യാറെടുപ്പിന് ഏറെ സമയം കിട്ടി. ഇതിനിടെ 2026 ല്‍ ലോകകപ്പ് ഫുട്‌ബോളിനും അമേരിക്കന്‍ നഗരങ്ങള്‍ വേദിയാകുന്നുണ്ട്. പക്ഷേ, അമേരിക്കയുടെ അഭിമാന മേള ഒളിംപിക്സ് തന്നെ. കുറ്റമറ്റ രീതിയില്‍ ലൊസാഞ്ചലസ് ഒളിംപിക്‌സ് നടത്തുവാന്‍ യു.എസിനു സാധിക്കും.