ന്യൂയോര്‍ക്ക്: ഹോളിഡേ സീസന് തുടക്കംകുറിച്ചുകൊണ്ട് മന്‍ഹട്ടനിലെ റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ക്രിസ്മത് ട്രീ പ്രകാശിപ്പിച്ചു. പ്രശസ്തരായ കലാപ്രതിഭകളുടെ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കലാവിരുന്നിനെ തുടര്‍ന്ന് രാത്രി പതിനൊന്നിനാണ് ക്രിസ്മസ് ട്രീയിലെ ബള്‍ബുകള്‍ പ്രകാശിപ്പിച്ചത്. നേരിയ തോതില്‍ മഞ്ഞ് പെയ്‌തെങ്കിലും പങ്കെടുത്ത ആയിരങ്ങളുടെ ആവേശത്തിനെ കുറയ്ക്കാനായില്ല.
റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ഇത് 92-ാം തവണയാണ് ക്രിസ്മസ് ട്രീ തെളിയുന്നത്. അമേരിക്കയുടെ തന്നെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ചടങ്ങ് 1931-ലാണ് ആരംഭിച്ചത്.
മാസാച്യുസെറ്റ്‌സ് വെസ്റ്റ് റോക്ക് ബ്രിഡ്ജില്‍ നിന്നാണ് ഇത്തവണത്തെ ട്രീ കൊണ്ടുവന്നത്. ഏള്‍ ആല്‍ബര്‍ട്ട് എന്ന വ്യക്തിയാണ് ട്രീ സംഭാവന ചെയ്തത്.
എഴുപത് വര്‍ഷം പ്രായമുള്ള നോര്‍വെ സ്പ്രൂസ് ഇനത്തിലുള്ള ട്രീക്ക് എഴുപത്തിനാല് അടി ഉയരവും പതിനൊന്ന് ടണ്‍ ഭാരവും ഉണ്ട്.
50,000 എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ട്. 900 പൗണ്ട് ഭാരമുള്ള മൂന്ന് മില്യന്‍ ക്രിസ്റ്റലുകള്‍കൊണ്ട് നിര്‍മ്മിച്ച ഏറ്റവും മുകളിലുള്ള നക്ഷത്രം ട്രീക്ക് ഏറെ മാറ്റുകൂട്ടുന്നു.
പുതുവര്‍ഷം ജനുവരി പകുതി വരെ രാവിലെ 5 മണി മുതല്‍ രാത്രി 12 വരെയും ക്രിസ്മസ് ദിനത്തില്‍ 24 മണിക്കൂറും, പുതിവര്‍ഷത്തിന്റെ തലേന്ന് രാത്രി 9 വരെയും ട്രീ പ്രകാശിച്ചുകൊണ്ടിരിക്കും. ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. പ്രതിദിനം എണ്‍പതിനായിരത്തോളം പേര്‍ ക്രിസ്മസ് ട്രീ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രശസ്തയായ കെല്ലി ക്ലാര്‍ക്ക്‌സണ്‍ ആയിരുന്നു പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കെല്ലി ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജന്നിഫര്‍ ഹഡസണ്, മെഗന്‍ ഹില്‍ത്തി, കോക്കോ ജോണ്‍സ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ കാണികളെ കാണികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
199-ല്‍ കില്ലിംഗ് വര്‍ത്തില്‍ നിന്നും കൊണ്ടുവന്ന 100 അടി ഉയരമുള്ള ട്രീയായിരുന്നു റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ.
മന്‍ഹട്ടനിലെ 49,50 എന്നീ സ്ട്രീറ്റുകള്‍ക്കും, 5,6 എന്നീ അവന്യൂകള്‍ക്കും ഇടയിലാണ് റോക്ക് ഫെല്ലര്‍ പ്ലാസ സ്ഥിതിചെയ്യുന്നത്.
മിഡ്ടൗണ്‍ പ്ലാസയിലും പരിസരത്തും ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍്‌പ്പെടുത്തിയിരുന്നു.