കഴിഞ്ഞ 46 വർഷങ്ങളായി അമേരിക്കയിൽ തലയെടുപ്പോടെ നിൽക്കുന്ന മലയാളി സംഘടനയാണ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാഞ്ച്). ജാതി-മത ഭേദ മന്യേ ന്യൂജേഴ്സിയിലെ മലയാളികളെ ഏകോപിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് കാഞ്ചിന്റെ സവിശേഷതകളിലൊന്ന്. ഇലക്ഷൻ കൂടാതെ സംഘടനയിലെ അംഗങ്ങൾ പ്രവർത്തനമികവ് അടിസ്ഥാനപ്പെടുത്തി ഏകകണ്ഠമായി തിരഞ്ഞെടുക്കുന്ന സമിതിയാണ് കാഞ്ചിനെ നയിക്കുന്നത്. ഓരോ ടീമിനും ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കും. ഒരിക്കൽ പ്രസിഡന്റ് സ്ഥാനം വഹിച്ചയാൾ പിന്നീട് ആ സ്ഥാനത്തേക്ക് വരുന്നില്ല. അതുകൊണ്ടുതന്നെ, സ്ഥാനമോഹമില്ലാതെ ഏറ്റവും ഭംഗിയായി കാര്യങ്ങൾ നിർവ്വഹിക്കണം എന്ന ഉദ്ദേശശുദ്ധിയോടെ ഇതുവരെയും പ്രവർത്തിച്ച ഭരണസമിതികളാണ് കാഞ്ചിനെ ഇന്ന് അറിയപ്പെടുന്നത്ര ഔന്നത്യത്തിൽ കൊണ്ടെത്തിച്ചത്. 2023-24 കാലയളവിൽ പ്രസിഡന്റ് ബൈജു വർഗീസിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനംകൊണ്ട് മറ്റു സംഘടനകൾക്ക് മാതൃകയായി തീർന്നിരിക്കുന്ന കാഞ്ചിന്റെ ഭ്രമണപഥം അമ്പരിപ്പിക്കുന്നതാണ്. 52 ആഴ്ചകൾക്കുള്ളിൽ 35 പ്രോഗ്രാമുകൾ സംഘടിപ്പിക്കുക എന്നത് അനുപമമായ നേട്ടമാണ്. നോർത്ത് അമേരിക്കയിലെ മറ്റൊരു സംഘടനകൾക്കും സാധിക്കാത്ത ഒന്ന്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്)നോർത്ത് അമേരിക്കയിലെ 85 അസ്സോസിയേഷനുകളിൽ നിന്ന് കാഞ്ചിന് ഈ വർഷത്തെ ഏറ്റവും മികച്ച അസ്സോസിയേഷനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.
14 അംഗങ്ങൾ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൈമെയ് മറന്ന അധ്വാനമാണ് ഇവരുടെ വിജയമന്ത്രമെന്ന് സംഘടനയുടെ പ്രസിഡന്റ് ബൈജ്യ വർഗീസ്,സെക്രട്ടറി ടോം നെറ്റിക്കാടൻ,ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അഭിപ്രായപ്പെട്ടു.
"കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയിലൂടെയാണ് സംഘടനാരംഗത്തേക്ക് വരുന്നത്. കേവലം ഒരു കമ്മിറ്റി അംഗമായി തുടങ്ങി,പിന്നീട് ജോയിന്റ് ട്രഷറർ,ജനറൽ സെക്രട്ടറി,വൈസ്-പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് പ്രസിഡന്റായത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കഴിഞ്ഞ വർഷ കാഞ്ചിനെ മികച്ച അസോസിയേഷനായി തിരഞ്ഞെടുത്തിരുന്നു.വർഷത്തിൽ മുപ്പതിലധികം പ്രോഗ്രാം നടത്താൻ മറ്റൊരു സംഘടനയ്ക്കും സാധിച്ചിട്ടില്ല.ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത് .1200-2000 പേരാണ് ഓരോ പ്രോഗ്രാമിനും വരുന്നത്.യുവജനങ്ങളെ ചേർത്തുനിർത്താൻ പുതുമയാർന്ന പ്രോഗ്രാമുകൾ കൊണ്ടുവന്നു.5 സ്റ്റേറ്റുകളിൽ നിന്നുള്ള 600 കുട്ടികൾ പങ്കെടുത്ത യൂത്ത് ഫെസ്റ്റിവൽ വൻ വിജയമായിരുന്നു. ടീം കാഞ്ചിനും 120 പേരടങ്ങുന്ന ഫോക്കസ് ഗ്രൂപ്പിനും വോളന്റിയർമാർക്കും കാഞ്ച് എന്ന കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഈ വിജയത്തിൽ പങ്കുണ്ട്."പ്രസിഡന്റ് ബൈജു വർഗീസിന്റെ വാക്കുകളിൽ അഭിമാനത്തിളക്കം.
കാഞ്ച് ആഘോഷങ്ങൾ
ന്യൂ ഇയർ - റിപ്പബ്ലിക് ഡേ സെലിബ്രെഷൻ എന്നിവയാണ് ടീം 2024 സംഘടിപ്പിച്ച ആദ്യപരിപാടി. ആഘോഷങ്ങളോട് ചേർന്നുതന്നെ സഹായഹസ്തം നീട്ടുന്ന രീതിയാണ് 2024 ടീമിന്റെ വിജയഘടകങ്ങളിലൊന്ന്.പുതുവത്സരാഘോഷത്തോടൊപ്പം ഫുഡ് ആൻഡ് കോട്ട് കളക്ഷൻ ഡ്രൈവ് ഇത്തരത്തിൽ സംഘടിപ്പിച്ചിരുന്നു.മാർച്ച് മാസത്തിൽ ഫുഡ് പാക്കിങ് ഇവന്റ്(എൻഡ് ദി ഹംഗർ) നടത്തി.
തുടർന്ന് സ്ത്രീകൾക്ക് മാത്രമായി നടത്തിയ ദിവാ നൈറ്റും ശ്രദ്ധ നേടി.വിഷു-ഈസ്റ്റർ-റംസാൻ എന്നിവ ഒന്നിച്ച് കൊണ്ടാടി മതസൗഹാർദ്ദത്തിന്റെ സന്ദേശം പകരാൻ കാഞ്ചിന് സാധിച്ചു. റിമി ടോമിയുടെ ഷോ ആഘോഷത്തിന് മാറ്റുകൂട്ടി.2000 പേർ പങ്കെടുത്ത ഓണാഘോഷമാണ് മറ്റൊരു നാഴികക്കല്ല്.വേദിയിലേക്ക് മാവേലി എത്തിയത് കുതിരവണ്ടിയിലായിരുന്നു. അകമ്പടിക്ക് മുന്നിലും പിന്നിലും റോൾസ് റോയ്‌സ് കാറുകളുമായി പ്രൗഢഗംഭീരമായ അന്തരീക്ഷം സൃഷ്ടിച്ചു.പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ ഷോയും 120 പേർ പങ്കെടുത്ത മെഗാതിരുവാതിരയും വമ്പൻ പൂക്കളവും പായസമത്സരവും ഒറിജിനൽ വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുമായിരുന്നു ഹൈലൈറ്റുകൾ.
കാഞ്ച് നെക്സ്റ്റ് ജെൻ
മറ്റു സംഘടനകൾ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ ശ്രദ്ധയൂന്നുമ്പോൾ അടുത്ത തലമുറയെ എങ്ങനെ സംഘടനകളുമായി ചേർത്ത് നിർത്താം എന്ന് ചിന്തിക്കുന്നതാണ് കാഞ്ചിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്.ടീനേജ് കുട്ടികൾക്ക് വേണ്ടി അണിയിച്ചൊരുക്കിയ കാഞ്ച് നെക്സ്റ്റ് ജെനിന്റെ ടോസ്മാസ്റ്റേഴ്സ് ക്ലബ് ഫിനാലെയിലേക്ക് അടുക്കുകയാണ്.ചെസ് മത്സരവും കുരുന്നുഹൃദയങ്ങൾക്ക് ഹരംപകർന്നു.ട്രെയിൽ വോക്,പിക്നിക് പോലെ കുട്ടികൾ ഇഷ്ടപ്പെടുന്ന ഒട്ടേറെ പ്രോഗ്രാമുകൾ 2023 -24 കാലയളവിൽ നടത്തി.നെക്സ്റ്റ് ജെന്നിനായി നടത്തിയ കോളജ് സെമിനാറിനും കരിയർ ഗൈഡൻസിനും കുട്ടികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും അഭൂതപൂർവമായ സ്വീകാര്യതയാണ് ലഭിച്ചത്. ജിജേഷ് തോട്ടത്തിൽ കോർഡിനേറ്റ് ചെയ്തു. രശ്മി വിജയനാണ് നെക്സ്റ്റ് ജെനിന്റെ കോ-ഓർഡിനേറ്റർ. മാനേജിങ് കമ്മിറ്റിയിൽ നിന്നൊരാൾ ഉണ്ടെങ്കിലും കുട്ടികളുടെ തന്നെ ഒരു കമ്മിറ്റിയും ഉണ്ടെന്നത് വരുംകാലങ്ങളിൽ നേതൃപാടവത്തിന്റെ അടിസ്ഥാനസ്വഭാവം മനസ്സിലാക്കാൻ അവർക്ക് ഉപകാരപ്രദമാണ്.
ഡോ.നന്ദിനി മേനോന്റെ നേതൃത്വത്തിൽ 42 കുട്ടികൾ പങ്കെടുത്ത ഡിബേറ്റ് ടൂർണമെന്റും സംഘടിപ്പിക്കാൻ സാധിച്ചു.
ഏറ്റവും കൂടുതൽ യുവജനപങ്കാളിത്തത്തെ ഉറപ്പു വരുത്തിയ വർഷമാണിത്. അനൂപ് മാത്യുസ് ആയിരുന്നു യൂത്ത് കോർഡിനേറ്റർ.
ഇൻ-പേഴ്സൺ മലയാളം ക്ലാസുകൾ
120 കുട്ടികളാണ് കാഞ്ചിന്റെ ഇൻ-പേഴ്സൺ മലയാളം ക്ലാസിലൂടെ മാതൃഭാഷയുടെ മാധുര്യം നുകരുന്നത്. സെൻട്രൽ ന്യൂജേഴ്‌സി,പാർസിപ്പനി ഏരിയ എന്നിങ്ങനെ രണ്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട്.കേരളത്തിലെ മലയാളം മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം.മലയാള മിഷൻ പ്രവർത്തകരിൽ നിന്ന് പരിശീലനം ലഭിച്ച ശേഷമാണ് ടീച്ചർമാർ ക്ലാസെടുക്കുന്നത്.പുസ്തകങ്ങളും നാട്ടിൽ നിന്ന് എത്തിക്കും.ഈ വർഷമാണ് കാഞ്ച് മലയാളം അക്കാദമി ആരംഭം കുറിച്ചത്.നൂറു ശതമാനം വോളന്റിയർ സഹകരണത്തോടെ തികച്ചും സൗജന്യമായി നടന്നുപോകുന്ന ഒന്നാണ് കാഞ്ച് മലയാളം ക്ലാസുകൾ.
അഞ്ച് സ്പോർട്സ് ഇവന്റുകൾ
ടോം വർഗീസ്,അസ്‌ലം ഹമീദ് എന്നിവരാണ് കാഞ്ചിന്റെ സ്പോർട്സ് ഇവന്റുകൾ ഏകോപിപ്പിച്ചത്. ചെസ് ടൂർണമെന്റ്, 120 ടീമുകൾ പങ്കെടുത്ത ബാഡ്മിന്റൺ ടൂർണമെന്റ്, ഇന്റർനാഷണൽ സോക്കർ ടൂർണമെന്റ്,കാഞ്ച് 5-കെ വോക് ആൻഡ് റൺ എന്നിവ പ്രൊഫഷണൽ രീതിയിൽ നടപ്പാക്കാൻ സാധിച്ചത് എടുത്തുപറയേണ്ടതാണ്.വോക് ആൻഡ് റൺ ഒരു ചാരിറ്റി ഇവന്റായിരുന്നു.നോൺ-മലയാളികൾ ഉൾപ്പെടെ 400 ലധികം പേർ അതിൽ പങ്കെടുത്തിരുന്നു. ഇവന്റിലൂടെ സമാഹരിച്ച തുക ഭവനരഹിതരെ സഹായിക്കാനാണ് വിനിയോഗിക്കുക.അമേരിക്ക പോലൊരു രാജ്യത്ത് വർഷത്തിൽ നാലുമാസക്കാലം മാത്രം വേനൽ ലഭിക്കുന്നതിനിടയിൽ അഞ്ച് സ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കാൻ സാധിക്കുന്നത് കൃത്യമായ പ്ലാനിങ്ങും ഏകോപനവുംകൊണ്ടാണ്.
കാഞ്ച് ഗോട്ട് ടാലന്റ് എന്ന യൂത്ത് ഫെസ്റ്റിവൽ
2000 പേർ മാറ്റുരച്ച ഈ യുവജനോത്സവത്തിൽ ചലച്ചിത്രതാരം രചന നാരായണൻകുട്ടി അടക്കമുള്ളവരായിരുന്നു വിധികർത്താക്കൾ.അഞ്ച് വേദികളിലായി 800 മത്സരങ്ങൾ 120 വോളന്റിയർമാരുടെ സഹകരണത്തോടെ 12 മണിക്കൂറിൽ നടത്തി.കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് പ്രിന്റിങ് വരെ കമ്പ്യൂട്ടർ ഓട്ടോമേഷൻ ചെയ്തിരുന്നു. നാട്ടിലെ യുവജനോത്സവത്തിന്റെ ഈ മിനിപതിപ്പിൽ സബ്-ജൂനിയർ,ജൂനിയർ,സീനിയർ കാറ്റഗറിയിലായി നടന്ന മത്സരത്തിലെ വിജയികളിൽ നിന്ന് കാഞ്ച് സ്റ്റാറിനെ തിരഞ്ഞെടുത്ത് സമ്മാനം നൽകുകയും ചെയ്തു.ഖുർഷിദ് ബഷീർ,ദയ ശ്യാമും ആയിരുന്നു യുവജനോത്സവത്തിന്റെ കോ-ഓർഡിനേറ്റർമാർ.
കാഞ്ച് ഫാമിലി നൈറ്റും പിക്‌നിക്കും
വർഷത്തിൽ രണ്ട് തവണ ഫാമിലി നൈറ്റ് സംഘടിപ്പിച്ചുകൊണ്ട് കാഞ്ച് എന്ന സംഘടനയിലെ അംഗങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടി. സ്പ്രിങ് -സമ്മർ സീസണുകളിൽ നടന്ന ഫാമിലി നൈറ്റുകൾ ഏവരും ആസ്വദിച്ചു. 550 - 600 പേർ പങ്കെടുത്ത പിക്നിക്കും കൂട്ടായ്മയുടെ ഉത്സവമായിരുന്നു.100 -150 പേർ മാത്രമുണ്ടായിരുന്ന കാഞ്ച് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് 1027 അംഗങ്ങളുണ്ട്. കാഞ്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ 5000 പേരുണ്ട്. ഇതിലൂടെയാണ് സംഘടനയുടെ ആശയവിനിമയം പ്രധാനമായും നടക്കുന്നത്.
കാഞ്ച് ബിസിനസ് മീറ്റ്
ട്രൈസ്റ്റേറ്റിൽ നിന്നുള്ള ഇന്ത്യക്കാരായ ബിസിനസുകാർ പങ്കെടുത്ത ഈ പരിപാടി വൻവിജയമായിരുന്നു.
120 പേർ പങ്കെടുത്ത ബിസിനസുകാരുടെ ഈ സംഗമത്തിൽ മൂന്ന് വിഷയത്തിൽ ആധികാരികമായി സംസാരിക്കുന്ന സെഷനുകളും അനുബന്ധമായി നടന്നു.
ബിസിനസ് മീറ്റ് ഏറെ വിജ്ഞാനപ്രദമാകുകയും അതുപോലെ തന്നെ ഒരു ഹോളിഡേ പാർട്ടി ആയി മാറുകയും ചെയ്തു. ട്രൈസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരെയാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫ്‌ലോറിഡയിൽ നിന്നടക്കം ബിസിനസിലും വ്യവസായ രംഗത്തും പ്രവർത്തിക്കുന്നവർ എത്തി.
സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് കയ്യടി കിട്ടുമ്പോൾ അതിനു വഴിയൊരുക്കുന്നത് സ്പോണ്സര്മാരായ ബിസിനസുകാരാണെന്നു കാഞ്ച് പ്രസിഡന്റ് ബൈജു വർഗീസ് ചൂണ്ടിക്കാട്ടി. അതിനാൽ അവരെ മറക്കാനാവില്ല. വലിയ സേവനമാണ് താഴെത്തട്ടു മുതലുള്ള ബിസിനസുകാർ നമ്മുടെ സമൂഹത്തിനു ചെയ്യുന്നത് . അമേരിക്കയിൽ എത്തുന്നവർ ആദ്യം ജോലി ചെയ്യുന്നത് മലയാളികളുടെ ഷോപ്പുകളിലും സ്ഥാപനങ്ങളിലുമാണ്. അതിനാൽ ബിസിനസ് മാത്രമല്ല ഇത് സേവനവുമാകുന്നു-ബൈജു ചൂണ്ടികാട്ടി
ചാരിറ്റി പ്രവർത്തനങ്ങൾ
കാഞ്ചിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജോർജി സാമുവലാണ്.രണ്ട് ബ്ലഡ് ഡ്രൈവുകൾ സംഘടിപ്പിക്കാൻ ഈ ടീമിന് സാധിച്ചു.അമേരിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ മലയാളി കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകവും മറ്റും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.സൂപ്പ് കിച്ചൺ സംഘടിപ്പിച്ചതിനും മികച്ച സ്വീകാര്യത ലഭിച്ചു.അമേരിക്കയിൽ ജനിച്ചുവളർന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോളജ് വിദ്യാർത്ഥികൾക്ക് 12000 ഡോളറിന്റെ സ്‌കോളർഷിപ്പ് നൽകുന്നുണ്ട്.അവരുടെ പേരുകളും വിവരങ്ങളും വെളിപ്പെടുത്തില്ല. വയനാട് ദുരിതത്തിൽ വീട് നഷ്ടപ്പെട്ട ഒരാൾക്ക് വീട് നിർമ്മിക്കാനുള്ള പണം സമാഹരിച്ചിട്ടുമുണ്ട്.
ക്രിസ്മസ് ബെൽസ്
2024 ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാനത്തെ പരിപാടി.ഈ ഫിനാലെ ഇവന്റിൽ നാട്ടിൽ നിന്നെത്തുന്ന ചെമ്മീൻ ബാൻഡിന്റെ ഷോ ആണ് മുഖ്യാകർഷണം.
പുതിയ ഭരണസമിതിക്ക് അധികാരം കൈമാറി പടിയിറങ്ങുമ്പോൾ നിശ്ചയിച്ചുറപ്പിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് കാഞ്ച് ടീം 2024- നുള്ളത്.