Image

ദിലീപിനെതിരായ കേസില്‍ അന്തിമ വാദം: ഇനി എല്ലാം എല്ലവരുമറിയട്ടെയെന്ന് പീഡിതയായ നടി (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 12 December, 2024
 ദിലീപിനെതിരായ കേസില്‍ അന്തിമ വാദം: ഇനി എല്ലാം എല്ലവരുമറിയട്ടെയെന്ന് പീഡിതയായ നടി  (എ.എസ് ശ്രീകുമാര്‍)

വിവാദ വിസ്ഫോടനം സൃഷ്ടിച്ച, കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വാദം ആരംഭിച്ചിരിക്കെ ഇനിയുള്ള ദിവസങ്ങള്‍ നടന്‍ ദിലീപിന് നിര്‍ണായകമാണ്. യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമണത്തിന് ഇരയാക്കി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം തുടങ്ങിയത്. നാലര വര്‍ഷം നീണ്ട സാക്ഷിവിസ്താരം ഒരു മാസം മുമ്പാണ് പൂര്‍ത്തിയായത്. അന്തിമ വാദത്തില്‍ സാക്ഷിമൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യം നടക്കുക. തുടര്‍ന്നാണ് പ്രതിഭാഗം വാദം. ഇരുവാദവും പൂര്‍ത്തിയായ ശേഷം കോടതി വിധി പറയാനായി കേസ് മാറ്റും.

അതേസമയം, കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ത്തന്നെയാണ് അതിജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്. ജയില്‍ ഡി.ജി.പി ആയിരിക്കെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശ്രീലേഖ, ദിലീപിന്റെ അവസ്ഥയില്‍ ദുഖമുണ്ടെന്ന് അന്ന് പറഞ്ഞത് വിവാദമായിരുന്നു.

''സത്യത്തിന്റെ, ദിലീപിന്റെ പക്ഷത്താണ് ഞാന്‍. അയാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെനിക്ക്. ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും ആണ്. അതൊക്കെ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ, അതാണ് പറഞ്ഞത്...'' ശ്രീലേഖ ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗമാണിത്.

ആക്രമിക്കപ്പെട്ട ആള്‍ താന്‍ തന്നെയാണെന്ന് നേരത്തെ യുവനടി വെളിപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ വാദിഭാഗത്തിന് കോടതിയില്‍ കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. കേസില്‍ നിന്ന് രണ്ട് പ്രോസിക്യൂട്ടര്‍മാരാണ് ഒഴിവായത്. കോടതിയില്‍ സത്യസന്ധമായി കേസ് നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ലൈംലൈറ്റില്‍ നിന്നിരുന്ന നടിയുടെ നിരവധി വര്‍ഷമാണ് പീഡനവും തുടര്‍ന്നുള്ള നിയമനടപടികളും മൂലം നഷ്ടമായത്. അതുകൊണ്ട് ഒന്നും ഒളിക്കാനില്ല, ഇനിയുള്ള കാര്യങ്ങള്‍ സമൂഹം അറിയട്ടെ എന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തുറന്ന കോടതിയില്‍ വേണമെന്ന് നടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കോടതി നാളെ പരിഗണിക്കും.

2017 ഫെബ്രുവരി 17-നാണ് അങ്കമാലിക്ക് സമീപം നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് ലൈംഗികാതിക്രമം നടത്തി അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി ''ഇത് ക്വട്ടേഷന്‍ ആണ്...'' എന്നാണ് നടിയോട് പറഞ്ഞത്.

തുടര്‍ന്ന് ദിവസങ്ങള്‍ക്കകം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നും ബലപ്രയോഗത്തിലൂടെ പ്രതി പള്‍സര്‍ സുനിയെ പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിമുറിക്കുള്ളില്‍ നിന്നും പ്രതിയെ പിടികൂടിയത് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായി ശത്രുതയിലായിരുന്ന നടന്‍ ദിലീപിന് നേരെ അന്നുതന്നെ സംശയമുയര്‍ന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി.

ഇതേ തുടര്‍ന്ന് നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയും നീണ്ട പതിമൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് ദിലീപ് അമ്പതിലധികം തവണയാണ് വിവിധ ഹര്‍ജികളുമായി വിചാരണ കോടതി മുതല്‍ സുപ്രീം കോടതിയെ വരെ സമീപിച്ചത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ ആറ് പ്രതികള്‍ക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യ ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ട ബലാത്സംഗമുള്‍പ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇതിനെ എതിര്‍ത്ത് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ നിയന്ത്രണത്തില്‍ പരിശോധിക്കാന്‍ അനുമതി നല്‍കുകയും ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ ഈ സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കി.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയേയും സുപ്രീം കോടതിയെയും സമീപിച്ച സാഹചര്യമുണ്ടായി. എന്നാല്‍ വിചാരണ കോടതിക്ക് അനുകൂലമായാണ് അന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. വിചാരണ വേളയില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുരേശന്‍ രാജിവച്ച സ്ഥാനത്ത് നിയമിതനായ അഡ്വക്കറ്റ് അനില്‍ കുമാറും തല്‍ സ്ഥാനമൊഴിഞ്ഞത് കേസിന്റെ അസാധാരണമായ വ്യവഹാരത്തിന് തെളിവാണ്.

വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഒഴികെയുള്ള പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാവുകയും ചെയ്ത സമയത്താണ് ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സാക്ഷികള്‍ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചു.

തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും അന്വേഷണ സംഘം ആറുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയും ചെയ്തു. വിചാരണക്ക് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ വിചാരണ കോടതിക്ക് തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വിചാരണ കോടതിയുടെ ആവശ്യമനുസരിച്ചായിരുന്നു സുപ്രീംകോടതി സമയ പരിധി നീട്ടി നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതിനല്‍കിയിരുന്നു.

ദിലീപുള്‍പ്പടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ശക്തമായ ആവശ്യമായിരുന്നു ഡി.ജി.പി കോടതിയില്‍ ഉന്നയിച്ചത്. ദിവസങ്ങള്‍ നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ വധ ഗൂഢാലോചന കേസും തുടരന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത് ദിലീപിന് തിരിച്ചടിയായി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏഴര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് കര്‍ശന ജാമ്യവ്യവസ്തകളോടെ പള്‍സര്‍ സുനി പുറത്തിറങ്ങിയിരുന്നു.

കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് (ഡിസംബര്‍ 12) 7 വര്‍ഷവും 4 മാസവും 25 ദിവസവുമായി. കേസില്‍ പ്രശസ്ത നടീ നടന്മാരുള്‍പ്പടെ നിരവധി പ്രമുഖരെ കോടതി വിസ്തരിച്ചിരുന്നു. ഒന്നാം സാക്ഷിയായി അതിജീവിതയായ നടിയെയാണ് കോടതി വിസ്തരിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കുമോയെന്നാണ് അന്തിമ വാദത്തിന്റെ ഈ ഘട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത്. കാരണം, കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് സര്‍ക്കാര്‍ നടി പീഡിപ്പിക്കപ്പെട്ടതിനെ ഹൈക്കോടതിയില്‍ വിശേഷിപ്പിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക