ഇന്ത്യയുടെ ഡി. ഗുകേഷ് പതിനെട്ടാം വയസ്സിൽ പതിനെട്ടാമത്തെ ലോക ചെസ് ചാംപ്യൻ ആയി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻ.
സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ പതിനാലാം ഗെയിം ജയിച്ചു കൊണ്ട് ഗു കേഷ് നിലവിലെ ലോക ചാംപ്യൻ , ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു. ക്ളാസിക്കൽ പരമ്പര ഇന്നു കൊണ്ട് അവസാനിക്കാനിക്കെ സമനില നേടി നാളെ റാപ്പിഡ് - ബ്ളി റ്റ്സ് പോരിൽ വിജയം നേടി കഴിഞ്ഞ വർഷത്തെ ചരിത്രം ആവർത്തിക്കാമെന്ന ലിറൻ്റെ കണക്കുകൂട്ടൽ തെറ്റി. കറുത്ത കരുക്കളിൽ കളിച്ച ഗുകേഷ് നിർണായക പതിന്നാലാം ഗെയിം ജയിച്ചു.മൂന്നു ഗെയിം ഗുകേഷും രണ്ടു ഗെയിം ലിറനും ജയിച്ചു. ഒൻപത് ഗെയിമുകൾ സമനിലയിൽ കലാശിച്ചു.
ഡി. ഗുകേഷ്: ഫോട്ടോ കടപ്പാട് ഫിഡെ
ആദ്യ ഗെയിം ജയിച്ച ലിറൻ ലീഡ് നേടിയെങ്കിലും മൂന്നാം ഗെയിം ജയിച്ച് ഗു കേഷ് സമനില കൈവരിച്ചു.പിന്നെ തുടർച്ചയായ സമനിലകൾ. പതിനൊന്നാം ഗെയിം വിജയിച്ച് ഗുകേഷ് കിരീടത്തോട് അടുത്തെങ്കിലും പന്ത്രണ്ടാം ഗെയിം നേടി ലിറൻ തിരിച്ചു വന്നു. 2023ലെ ലോക ചാംപ്യൻഷിപ്പിൻ്റെ ആവർത്തനമാകുമോയെന്നു സംശയിച്ചു.പക്ഷേ, ഗുകേഷ് , വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസ് കിരീടം ഇന്ത്യയിൽ എത്തിച്ചു.അഞ്ചു തവണ ലോക ചാംപ്യൻ ആയ വിശ്വനാഥൻ ആനന്ദിനു ശേഷം തമിഴ്നാട്ടിൽ നിന്ന് ഒരാൾ കൂടി ലോക ചെസിൽ ഇന്ത്യൻ മേൽക്കോയ്മ കാട്ടി.