Image

4 വിദ്യാർത്ഥിനികളുടെ മരണം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

Published on 12 December, 2024
4 വിദ്യാർത്ഥിനികളുടെ മരണം:  ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി.

വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി.

മണ്ണാർക്കാട് പനയംപാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. 

അപകടമുണ്ടായ പനയമ്പാടം സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് കാണിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

റോഡിന് താത്കാലിക പരിഹാരം വേണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പണി തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധിക്കുന്നതാണ്. പരിഹാരം കണ്ടില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. ലോറിക്കടിയിൽപ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക