ചുറ്റും മേപ്പിൾ, മെയ്ഡൻസ്ഹെയർ,
ആഷ്, എല്മ്, ബ്ലാൿലോക്കസ്റ്റ്.
അവയ്‌ക്കിടെ വെട്ടിനിർത്തിയ പുല്ലും
ഓരങ്ങളിൽ ചാരുബെഞ്ചുകളുള്ള
വെടിപ്പായ നടപ്പാതകളും.
എങ്ങും മനുഷ്യർ, മനുഷ്യർ,
ഇത്തിരിബാക്കി വെയിൽ നുണഞ്ഞു
നേരംപോക്കും ശരാശാരി മൻഹാറ്റനറും.
സ്റ്റ്രോളറുമായ് ബേബിസിറ്റേഴ്‌സ്,
ഡോഗ്‌വാക്കേഴ്‌സ്, ജോഗേഴ്‌സ്,
ടൂറിസ്‌റ്റ്സ്, കാമുകർ, ഹോമോകൾ,
ഡ്രഗീസ്, അധോലോകർ . . .
രോഗഗ്രസ്‌തമാണു മൻഹാറ്റൻ.
തനിക്കേറ്റ ഭീമഗദക്ഷദങ്ങൾ
ചെളിയിലാറ്റും കൗരവമുഖ്യനാണ്
കുന്തിച്ചിരുന്ന് തന്റെ നീറുന്നയഗ്രം
ഹഡ്സണിൽ കഴുകിയാറ്റുന്നത്. *
ഭീകരരോഗാണുക്കൾ പടർന്നു-
പറ്റിപ്പിടിച്ച്, തുറമുഖങ്ങളെമ്പാടും
യാദവകുലമ്പേയൊടുങ്ങും
പ്രഭാസമായ് മാറുന്നു.
എനിക്കെന്തിനീ രാജ്യദ്രോഹ-
ക്കുറ്റകരമാകുമീ ബിംബകല്പനകൾ!
ഈ വേളയെങ്കിലും സുഖദമാകട്ടെ!
ജീവിതമങ്ങനെ കാത്തുനില്‌ക്കുമ്പോൾ,
ഭാവനയുടെ പറവകളിവിടെ
കൊത്തിക്കൊറിച്ചുനടക്കട്ടെ
എനിക്കും താഴെയുണ്ടു ജന്മങ്ങളെന്നോ!
അതാ, ഒരു പടുകിഴവി,
ചുമച്ച്, കൂടെപ്പുകച്ച്,
നാറും വേഷങ്ങൾ മേല്‌ക്കുമേലിട്ട്,
തനിക്കുള്ളതൊക്കെയുമൊരു
കാർട്ടിലാക്കിയുന്തിയേന്തിവലിഞ്ഞ്,
എന്റെ നോട്ടത്തിലെയവജ്ഞയെ
ചുവന്നുകലങ്ങിയ കണ്ണാൽ തടുത്ത്,
എന്റെ അല്പജ്ഞാനത്തെ
ഭർത്സലനംകൊണ്ടു ഭസ്`മീകരിച്ചു:
കാല്ച്ചോട്ടിൽ കാലിയായൊരു
കള്ളുകുപ്പിയുമായ് കഴിഞ്ഞൊരാഴ്ച
ഇതേ ബെഞ്ചിലൊരാൾ
മരിച്ചിരുന്നത് കണ്ടെന്ന്.
ഒരു ചരിത്രപുരഷന്റെ തലയിലിരുന്ന്
ജോനഥൻ സീഗൾ
എന്നെ വല്ലാതെ നോക്കുന്നു.
ഞാനാണെങ്കിൽ പച്ചയ്‌ക്കിരുന്ന്
ഇലകളിൽ ചിലതുമാത്രം കരിഞ്ഞതെങ്ങനെ
എന്നു ചിന്തിക്കയ്ണ്.
ഷെയ്‌ഡും സുഡോക്കുവും ഞാൻ മാറ്റുന്നു;
എന്നിട്ടും പക്ഷി എന്നെ വിടുന്നില്ല.
അതു നോക്കുന്നത് എന്റെ ഉള്ളിലേക്കാവും!
വാസ്തവത്തിൽ, കാപ്പിരിമുടി-
യുള്ളൊരു വെളുത്ത ശിശുവിനെ
സകൗതുകം വീക്ഷിക്കയായിരുന്നു ഞാൻ.
ലഞ്ച്ബ്രേക്കിനു പൂറത്തിറങ്ങിയ
ഒരിന്ത്യൻ ആഗോളയുവാവും
തന്റെ വെളുത്ത ഗേൾഫ്രണ്ടും തമ്മിലുള്ള
പൊരുത്തം നോക്കുകയായിരുന്നു ഞാൻ,
ഒരു കരീബിയൻ യുവതിയിൽ
ദ്രാവിഡത്തം ദർശിക്കയായിരുന്നു.
ചിന്തയങ്ങനെ കാടുകയറുമ്പോൾ,
മുകളീൽ മരക്കൊമ്പിലൊരണ്ണാൻ
ചെശ്‌നട്ടിൽ ചമ്പൻ പൊളിക്കുന്നതിൻ
തോടൊന്നു വീഴുന്നെന്റെ തോളിൽ;
എന്നെ പരിഹസിച്ച് പക്ഷി പോകുന്നു,
അക്കണ്ടയെല്ലാറ്റിലും തുച്ചനായ്
പോകുന്നു ഞാൻ ജോലി തുടരാൻ.
* Manhattan in the map
മൻഹാറ്റൻ/മാൻഹാറ്റൻ: The Lenepe called it Manahatta