മുംബൈയുടെ ശരിയായ മുഖം കാണണമെങ്കിൽ ഒഴിവു ദിനങ്ങളിൽ പുറത്തിറങ്ങണം. പ്രവർത്തി ദിനങ്ങളിൽ മുംബൈക്ക് ഒരേ മുഖമാണ്, ഒരേ വേഗതയാണ്, ഒരേ താളമാണ്. ഓരോ നിരീക്ഷണങ്ങളും നമുക്ക് തരുന്നത് പുതിയ കൗതുകങ്ങളാണ്, പുതിയ അനുഭവങ്ങളാണ്.
കുറച്ചു ദിവസമായി വൈകുന്നേരങ്ങളിൽ വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും അടങ്ങിയ ഒരു സംഘത്തെ മഹാലക്ഷ്മി എന്ന സബർബൻ സ്റ്റേഷന്റെ പുറത്തുള്ള വഴിയോരത്ത് തമ്പടിച്ച് കാണുന്നു. ചിലർ വിരി വിരിച്ച് അതിൽ കിടന്ന് വിശ്രമിക്കുന്നു, ചിലർ മൊബൈൽ നോക്കി ഇരിക്കുന്നു. സ്ത്രീകൾ ചിലർ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുന്നു. തിളച്ചുമറിയുന്ന അരിച്ചെമ്പിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന കൈ കുഞ്ഞുങ്ങൾ. പൊടി പറക്കുന്ന ഫുഡ് പാത്തിൽ മരപ്പലകയിൽ ചപ്പാത്തി പരത്തിയെടുക്കുന്നവർ, ചീരയും പാലക്കും മല്ലിയിലയും കൊത്തിയരിയുന്നവർ. അവർക്ക് ശുചിത്വമോ റോഡിലെ പുകയോ മഞ്ഞോ കാറ്റോ ഒന്നും ഒരു പ്രശ്നങ്ങളല്ല.
നഗരത്തിലെ തീയിൽ കുരുത്ത ജന്മങ്ങൾ.
ഇവരെ അവിടെയെങ്ങും രാവിലെ കാണാറില്ല, ഇവർ ഇത്ര കൃത്യമായി ദേശാടന കിളികളെപ്പോലെ ഒരേ സ്ഥലത്ത് വൈകുന്നേരങ്ങളിൽ എങ്ങനെ എത്തിച്ചേരുന്നു എന്ന കൗതുകം തോന്നി തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായിരുന്നു. മുംബൈക്ക് നിശ്ചലാവസ്ഥ ഇല്ലാത്തതിനാൽ അവിടെ നിന്ന് അതിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ എനിക്കും കഴിഞ്ഞില്ല.
ഇന്ന് ശനിയാഴ്ച ആയതിനാൽ മുംബൈയുടെ അച്ചുതണ്ടിലെ ഭ്രമണം അൽപ്പം മന്ദഗതിയിലായിരുന്നു. അതിനാൽ ആ സംഘം തമ്പടിച്ച സ്ഥലത്ത് ഞാനും എൻ്റെ കാലിലെ ബ്രേക്ക് ഒന്ന് ചവിട്ടി. അപ്പോഴാണ് കണ്ടത് ഇവർ ഫ്ലാറ്റ് സുഖം അനുഭവിക്കുന്ന ആ വഴിയോരത്തിന് ചേർന്ന് ഒരു വാൻ കിടക്കുന്നു. അതിൻ്റെ തുറന്നു കിടക്കുന്ന വാതിലിലൂടെ നോക്കിയപ്പോൾ ഉള്ളിൽ അഴകെട്ടി തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നു, സീറ്റുകളിൽ കുറച്ച് പാത്രങ്ങൾ, ചില പെട്ടികൾ . എട്ടോളം പേരുള്ള ഒരു കുടുംബത്തിൻ്റെ മുംബൈ ജീവിതമാണ് ഞാനവിടെ കണ്ടത്.
രാത്രിയിൽ അവരുടെ വിലപിടിപ്പുള്ളതെല്ലാം വാനിനകത്ത് വച്ചു പൂട്ടും. ഉറക്കവും ഭക്ഷണം പാകം ചെയ്യലും വഴിയോരത്ത് , സർക്കാർ കെട്ടിയിട്ട ശുചിമുറിയിൽ പ്രാഥമികാവശ്യങ്ങൾ . നഗരത്തിൽ സ്വന്തമായി കാറും വാനും ഒക്കെ ഉള്ളവരുടെ ജീവിതത്തിൻ്റെ മറ്റൊരു മുഖമാണിത്. വാടക വേണ്ട, കറൻ്റ് ചാർജില്ല , ലോണടക്കണ്ട, ടാക്സില്ല, മെയിൻ്റനൻസ് ചാർജില്ല , റീ-ഡവലപ്മെൻ്റില്ല. നാല് ടയറ് നിൽക്കാൻ No പാർക്കിംഗ് ബോർഡില്ലാത്ത ഒരു റോഡരിക്, ആറടി വീതിയിൽ ഒരു ഫുട്പാത്തും, അത് കൊണ്ട് ജീവിതം ആനന്ദദായകമാക്കുന്നവരുടെ ചില നഗര കാഴ്ചകൾ !!